പ്രവാസി മലയാളികളുടെ തിരിച്ചൊഴുക്ക്:കേരളത്തെ കാത്തിരിക്കുന്നത് വന്‍ തിരിച്ചടി

Author: ജോര്‍ജ് മാത്യു

കോവിഡ് കേരളത്തിന്റെ സാമ്പത്തിക മേഖലയില്‍ എന്തു മാറ്റമാവും വരുത്താന്‍ പോകുക? സ്ഥിതിഗതികള്‍ ഇതേ പോലെ തുടരുകയാണെങ്കില്‍ നമുക്ക് തീരെ പരിചിതമല്ലാത്ത സാമ്പത്തിക ചുറ്റുപാടില്‍ ജീവിക്കേണ്ടി വരുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. മനുഷ്യ കയറ്റുമതിയിലൂടെ ലഭിച്ചുകൊണ്ടിരുന്ന നിക്ഷേപമാണ് കേരളത്തെ പൊലിപ്പിച്ച് നിര്‍ത്തിയിരുന്നതെങ്കില്‍ ഇനി അതില്ലാതാവുകയാണ്. ആഗോള തൊഴില്‍ വിപണിയില്‍ അവസരങ്ങള്‍ കുറഞ്ഞു വരുന്നുവെന്നതാണ് ആശങ്കയുടെ അടിസ്ഥാനം.

ഗള്‍ഫ് പ്രതിസന്ധി നിസാരമല്ല

നാലു ലക്ഷം പ്രവാസികള്‍ ഇതിനോടകം നാട്ടില്‍ തിരിച്ചെത്തിയിട്ടുണ്ടെന്നാണ് കണക്ക്. ലക്ഷക്കണക്കിന് പ്രവാസികള്‍ വരും മാസങ്ങളില്‍ കേരളത്തിലെത്തും. ഗള്‍ഫ് നാടുകളില്‍ മാത്രം, ആദ്യ ഘട്ടത്തില്‍ 17 ലക്ഷം തൊഴില്‍ ഇല്ലാതെയാവുമെന്നാണ് കണക്കുകള്‍ പറയുന്നത്. പ്രതിവര്‍ഷം ഒന്നര ലക്ഷം കോടി രൂപയുടെ പ്രവാസി പണം (NRI Remmitence ) വന്നിരുന്ന കേരളം എങ്ങനെ സാമ്പത്തിക പ്രതിസന്ധി അതിജീവിക്കും? മടങ്ങി വരുന്ന പ്രവാസികള്‍ എന്ത് ചെയ്യും തുടങ്ങിയ ചോദ്യങ്ങളാണ് നമ്മുടെ മുന്നിലുള്ളത്. തൊഴില്‍ നഷ്ടപെട്ടെങ്കിലും വിസ കാലാവധി കഴിയുന്നത് വരെ പിടിച്ചുനിന്നു, പുതിയൊരു തൊഴില്‍ കണ്ടെത്താനാവുമോ എന്നാണ് ഗള്‍ഫ് പ്രവാസികള്‍ ഇപ്പോഴത്തെ ചിന്ത.
'കോവിഡ് വ്യാപിച്ചതോടെ ഓരോ ദിവസവും തൊഴില്‍ രഹിതരുടെ എണ്ണം കൂടുകയാണ്. പത്തും ഇരുപതും ജീവനക്കാരുള്ള മലയാളികളുടെ ചെറുകിട ബിസിനസ് സംരംഭങ്ങള്‍ പലതും അടച്ചുപൂട്ടി. പ്രവാസികള്‍ വിവിധ രാജ്യങ്ങളിലേക്കു കൂട്ടത്തോടെ മടങ്ങുന്നതിനാല്‍ സാധനങ്ങള്‍ക്കു തീരെ ഡിമാന്റ്റില്ലതായി. ടാക്‌സി, ടെലികോം, സലൂണ്‍, ഇലക്ട്രോണിക്‌സ്, ഹോട്ടല്‍,ജ്വല്ലറി, തുണി, എഡ്യൂക്കേഷന്‍ ബിസിനസ് രംഗം എല്ലാം തികഞ്ഞ മുരടിപ്പിലാണ്'. യു എ യില്‍ ബിസിനസുകാരനായ ജോയ് വര്‍ഗീസ് പറയുന്നു.

തൊഴില്‍ നഷ്ടം കൂടുതല്‍ യുഎഇയില്‍

വിനോദ, ടൂറിസം, സ്വര്‍ണ്ണ വ്യവസായ ഹബ്ബായിരുന്ന ദുബായിലാണ് ഏറ്റവുമധികം തൊഴില്‍ നഷ്ടമാവുന്നത്.' പുതിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ എല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്. കെട്ടിട വാടക പകുതിയായി. വ്യാപാരസമൂച്ചയങ്ങള്‍ കാലിയാവുന്നു. ഫ്രീ ട്രേഡ് സോണില്‍ ബിസിനസുകാരനായ മോഹന്‍ ചാക്കോ പറയുന്നു. ജോലി ഇല്ലാത്തതിനാല്‍ ലക്ഷകണക്കിന് പ്രവാസികള്‍ വിവിധ മാതൃരാജ്യങ്ങളിലേക്ക് മടങ്ങി പോകുന്നതാണ് ഗള്‍ഫിലെ ഇപ്പോഴത്തെ പ്രധാന പ്രശ്‌നം. ആളുകള്‍ ഒഴിയുന്നത്തോടെ പാര്‍പ്പിട സമൂച്ചയങ്ങളുടെ വാടക പകുതിയായി. കടമുറികള്‍ ആവശ്യകരില്ലാതെ കിടക്കുന്നു. കുടിയേറ്റ തൊഴിലാളികള്‍ കൂട്ടത്തോടെ രാജ്യം വിട്ടു പോകുന്നത് മൂലം ഭക്ഷ്യ, ടെലികോം, ടാക്‌സി, മാള്‍, ഇലക്ട്രോണിക്, ഹോട്ടല്‍ വ്യാപാരം തുടങ്ങിയ മേഖലകളില്‍ അനുദിനം വ്യാപാരം ഇടിയുകയാണ് ബിസിനസ് ചെയ്യാന്‍ ആഡംബര ഓഫീസ് സാമൂച്ചയം ആവശ്യമില്ലെന്ന തിരിച്ചറിവ് റിയല്‍ എസ്റ്റേറ്റ് മേഖലക്കു കനത്ത തിരിച്ചടിയാണ്. സാവധാനം മുരടിപ്പ് മാറുമെന്നാണ് ഓരോ പ്രവാസിയുടെയും പ്രതിക്ഷ.

പണം വരവില്‍ കുറവ്

എണ്ണവിലയിലുണ്ടായ കുറവും കോവിഡും പ്രവാസികളുടെ ജോലി നഷ്ടപ്പെടാനും ശമ്പളം വെട്ടിക്കുറയ്ക്കാനും കാരണമായപ്പോള്‍ ഇന്ത്യയിലേക്ക് പ്രവാസികള്‍ അയക്കുന്ന പണത്തിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ വിദേശ പണം എത്തുന്ന രാജ്യങ്ങളില്‍ മുന്‍പന്തിയിലാണ് ഇന്ത്യ. ഇന്ത്യയിലാകട്ടെ കേരളം മുന്‍നിരയിലുണ്ട്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയ്ക്ക് രാജ്യത്തേക്ക് അയക്കുന്ന പണത്തില്‍ കുറവ് കണ്ടു വരുന്നു. അതിനോടൊപ്പം കോവിഡ് പ്രതിസന്ധി കൂടിയാകുമ്പോള്‍ വലിയ ആഘാതമാണ് അതുണ്ടാക്കുക.

ഉപഭോഗത്തെ ബാധിക്കും

ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് ഗള്‍ഫ് പണത്തിന്റെ ഒഴുക്ക് കുറയുന്നത് വലിയ തിരിച്ചടിയായിരിക്കും. കോവിഡിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഉപഭോഗ നിരക്ക് കുറഞ്ഞത് ബിസിനസ് മേഖലയ്ക്ക് തിരിച്ചടി നല്‍കിക്കൊണ്ടിരിക്കുന്നതിനിടയിലാണ് പണം വരവ് കുറയുന്നത് എന്നതാണ് വലിയ പ്രശ്‌നം.

ലോക ബാങ്കിന്റെ കണക്കനുസരിച്ച് ലോകത്തെ വിവിധ രാജ്യങ്ങളിലുള്ള 16 മില്യണ്‍ പ്രവാസികളില്‍ 55 ശതമാനവും ജിസിസി രാഷ്ട്രങ്ങളിലാണ്. രാജ്യത്ത് എത്തുന്ന വിദേശ പണത്തിന്റെ 54 ശതമാനം ഈ രാഷ്ട്രങ്ങളില്‍ നിന്നാണ്. 2020 ല്‍ ആഗോള തലത്തില്‍ പ്രവാസികളയക്കുന്ന പണത്തിന്റെ അളവില്‍ 20 ശതമാനം വരെ കുറവു വരുമെന്നാണ് ലോക ബാങ്ക് കണക്കാക്കിയിരിക്കുന്നത്. ഈ പ്രതിസന്ധി കേരളത്തിന്റെ നട്ടെല്ല് തകര്‍ക്കും. മലയാളിക്ക് വരുമാനത്തിന് പുറമേ ലഭിക്കുന്ന 'ഗള്‍ഫ് സര്‍പ്ലസ് മണിയാണ്' കേരളത്തിന്റെ തിളക്കത്തിന്റെ കാതല്‍. പ്രവാസി നല്‍കുന്ന തുക ഇല്ലാതാകുന്നത്തോടെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കേരളം കടക്കും. പണലഭ്യത കുറയുന്നത്തോടെ സമസ്ത മേഖലയിലും സാമ്പത്തിക പ്രതിസന്ധി ഉടലെടുക്കും. വരും മാസങ്ങളില്‍ കേരള വിപണിയില്‍ ഇത് പ്രതിഫലിച്ചേക്കാം.

പാശ്ചാത്യ രാജ്യങ്ങളിലെ പ്രതിസന്ധി

കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി ഗള്‍ഫില്‍ മാത്രമല്ല പാശ്ചാത്യ രാജ്യങ്ങളിലെ മലയാളി പ്രവാസികളെയും ദുരിതത്തിലാക്കിയിട്ടുണ്ട്. 'നാളിതുവരെ അമേരിക്കയില്‍ ഇതു പോലൊരു പ്രതിസന്ധി മലയാളി പ്രവാസി നേരിട്ടിട്ടില്ല. നിയന്ത്രണമില്ലാതെയുള്ള കോവിഡ് വ്യാപനം, മരണം, വിസ നിയന്ത്രണം, പിരിച്ചു വിടല്‍ എന്നിവ മൂലം മാനസികമായി തളര്‍ന്നു പോയി,' ന്യൂയോര്‍ക്കില്‍ സ്ഥിര താമസമാക്കിയ തോമസ് വര്‍ക്കി പറഞ്ഞു. മെഡിക്കല്‍ രംഗത്ത് മാത്രമാണ് തൊഴില്‍ അവസരം നിലനില്‍ക്കുന്നത്. മധ്യതിരുവിതാംകൂറിലെ ബാങ്കുകളിലെ വന്‍കിട നിക്ഷേപങ്ങളില്‍ പലതും അമേരിക്കന്‍ പ്രവാസി മലയാളികളുടേതാണ് എന്നു കൂടി ഓര്‍ക്കണം.

ആദ്യ തിരിച്ചടി റിയല്‍ എസ്റ്റേറ്റ്

പ്രവാസികള്‍ പ്രതിസന്ധിയിലാവുമ്പോള്‍ കേരളത്തില്‍ അത് ആദ്യം പ്രതിഫലിക്കുക റിയല്‍ എസ്റ്റേറ്റ് മേഖലയിലാണ്. പ്രവാസികള്‍ മടങ്ങിയെത്തുമ്പോള്‍, താമസിക്കാനായി വന്‍തോതില്‍ കേരളത്തില്‍ നിക്ഷേപം നടത്തുമെന്നായിരുന്നു ഈ മേഖലയിലുള്ളവരുടെ പ്രതീക്ഷ. കൊച്ചി പോലെയുള്ള നഗരങ്ങളിലും ചെറുപട്ടണങ്ങളിലും അപ്പാര്‍ട്ട്‌മെന്റും സ്ഥലവും വാങ്ങുമെന്ന് അവര്‍ കരുതി. എന്നാല്‍ പ്രവാസികള്‍ ഇത്തരമൊരു നിക്ഷേപത്തിന് തയാറാകുന്നില്ല. മടങ്ങി വന്നവരില്‍ അതിനുള്ള സാമ്പത്തിക ത്രാണിയുണ്ടായില്ല എന്നത് മറ്റൊരു യാഥാര്‍ഥ്യം. പ്രവാസികളില്‍ നല്ലൊരു വിഭാഗത്തിനും നാട്ടില്‍ വീടും സ്ഥലവും ഉണ്ടായിരിക്കെ, ഈ പ്രതിസന്ധിയില്‍ പുതിയ നിക്ഷേപം നടത്താന്‍ സാധ്യത കുറവാണ്. കൈവശമുള്ള സമ്പാദ്യം ഭാവിയിലേക്കുള്ള കരുതലായി സൂക്ഷിക്കാനാവും അവര്‍ക്കും താല്‍പ്പര്യം. സാമ്പത്തിക പ്രതിസന്ധി ഭൂമിയുടെ കൃത്രിമ വിലകയറ്റത്തിന് മുക്ക് കയറിട്ടു. വാണിജ്യവും വ്യവസായവും വരുമ്പോഴാണ്, റിയല്‍ എസ്റ്റേറ്റ് വില വര്‍ധിച്ചു വരുന്നതെന്ന അടിസ്ഥാന സാമ്പത്തിക തിയറി മലയാളി മനസിലാക്കിയില്ല. വില്‍പ്പനയിലെ പുതിയ ട്രെന്‍ഡ് ഇങ്ങനെയാണ്; ചെറിയ സ്ഥലത്തിനു ഇപ്പോഴും ഡിമാന്‍ഡ് നിലനില്‍ക്കുന്നു. കച്ചവടവും ഉണ്ട്. ഗള്‍ഫിലെ പ്രതിസന്ധി മൂര്‍ച്ഛിക്കുന്നത്തോടെ നമ്മുടെ റിയല്‍ എസ്റ്റേറ്റ് മേഖല എത്ര കണ്ടു മൂക്ക് കുത്തുമെന്നു വരും മാസങ്ങളില്‍ കണ്ടറിയാം.

പുറംകരാര്‍ ജോലികള്‍ കുറയും

രാജ്യാന്തര ബിസിനസ് മേഖലയില്‍ മാന്ദ്യം വര്‍ധിക്കുന്നത്തോടെ ഓണ്‍ലൈന്‍ പുറം ജോലി കരാറുകള്‍ നന്നേ കുറയും. അതായത് ഇപ്പോള്‍ വീട്ടിലിരുന്നു നല്ല ശമ്പളം വാങ്ങുന്ന ഓണ്‍ലൈന്‍ സോഫ്റ്റ് വെയര്‍ ജീവനക്കാര്‍ക്ക് വലിയ ഭീഷണിയാണ് നേരിടേണ്ടി വരുക. പാശ്ചാത്യ രാജ്യങ്ങളിലെ പ്രത്യേകിച്ച് അമേരിക്ക, യൂറോപ് എന്നിവിടങ്ങളില്‍ നിലനില്‍ക്കുന്ന ബിസിനസ് മാന്ദ്യം, പുറംകരാര്‍ ജോലികളെ ഇപ്പോള്‍ തന്നെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട് .വ്യോമ, ടൂറിസം, അക്കൗണ്ടിങ്, നിര്‍മാണ, മെഡിക്കല്‍, എന്‍ജിനീയറിംഗ്, വാഹന, സേവന, പെട്രോളിയം, ഹോട്ടല്‍, ഷിപ്പിങ്, ഗോള്‍ഡ് ഭക്ഷ്യ മേഖലകളിലുള്ള രാജ്യാന്തര വ്യാപാരം കുറയുമ്പോള്‍ നമുക്കുള്ള കരാറും കുറയും. കേരളത്തിലെ ഐറ്റി മേഖലയ്ക്ക് കനത്ത ആഘാതം സൃഷ്ടിക്കാന്‍ അതിനാകും. കേരളത്തിലെ പല സോഫ്റ്റ്വെയര്‍ കമ്പനികളും ഇപ്പോള്‍ തന്നെ ഇന്‍സെന്റീവ് വെട്ടി കുറച്ചു കഴിഞ്ഞു. വിദേശ രാജ്യങ്ങളില്‍ ചെലവ് കൂടുതലായത് കൊണ്ടാണ് പുറം കരാര്‍ നമുക്ക് ലഭിച്ചിരുന്നത്. എന്നാല്‍ ബിസിനസ് കുറയുകയും, ജോലി ചെയ്യാന്‍ വിദേശ രാജ്യങ്ങളില്‍ തന്നെ അവര്‍ മുന്നോട്ടു വരുകയും ചെയ്യുമ്പോള്‍, നമ്മുടെ സാധ്യത മങ്ങും.'പാശ്ചാത്യ രാജ്യങ്ങളിലെ യുവാക്കള്‍ക്കു പോലും തൊഴില്‍ ഇല്ലാതെ അലയുമ്പോള്‍ നമുക്ക് വേണ്ടത്ര പുറം കരാര്‍ കിട്ടില്ല ' സിലിക്കണ്‍ വാലിയിലെ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ അമിത് ജോണ്‍ പറയുന്നു.
സാമ്പത്തിക തകര്‍ച്ചയും, കോവിഡ് വ്യാപനവും പ്രവാസികളുടേതടക്കം അതിജീവനത്തിന് കനത്ത വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

(മുതിര്‍ന്ന ഫിനാന്‍ഷ്യല്‍ ജേര്‍ണലിസ്റ്റാണ് ലേഖകന്‍)

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Related Articles

Next Story

Videos

Share it