'അടിച്ച്' പൊളിക്കാന്‍ പ്രീമിയം തന്നെ വേണം; കോളടിച്ച് മദ്യക്കമ്പനികള്‍

പ്രീമിയം മദ്യത്തിന് ഡിമാന്‍ഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ 2024-25ല്‍ മദ്യ കമ്പനികളുടെ വരുമാനം 8-10 ശതമാനം വരെ വര്‍ധിക്കുമെന്ന് ഐ.സി.ആര്‍.എ റേറ്റിംഗ്സ്. എട്ടു ബ്രൂവറി കളുടെ കണക്കുകളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ നിഗമനത്തില്‍ എത്തിയത്. പ്രീമിയം മദ്യ ബ്രാന്‍ഡുകള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചതും വില്‍പന ഉയര്‍ന്നതുമാണ് മദ്യ കമ്പനികളുടെ മെച്ചപ്പെട്ട വളര്‍ച്ചാ സാധ്യതയ്ക്ക് കാരണമെന്ന് ഐ.സി.ആര്‍.എ റേറ്റിംഗ്സ് അഭിപ്രായപ്പെട്ടു.

കടുത്ത വേനല്‍ചൂട് മൂലം ബിയര്‍ വില്‍പ്പന ഗണ്യമായി വര്‍ധിക്കുമെന്ന് കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാസം അവസാനത്തോടെ ട്രെന്‍ഡ് അറിയാന്‍ കഴിയും. ബിയര്‍ കമ്പനികളുടെ വരുമാനം 9-11 ശതമാനം വരെ ഉയരാം. വില്‍പ്പന 4-6 ശതമാനം ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.
ഡിമാൻഡ് നേരിടാൻ
പ്രമുഖ മദ്യ കമ്പനിയായ യുണൈറ്റഡ് ബ്രൂവറീസ്ഗോവ, കര്‍ണാടക വിപണിയില്‍ ക്വീന്‍ ഫിഷര്‍ പ്രീമിയം ലാഗര്‍ ബിയര്‍ പുറത്തിറക്കി. ഡിസംബര്‍ പാദ ഫലപ്രഖ്യാപന വേളയില്‍ മാര്‍ച്ച് പാദത്തില്‍ കൂടുതല്‍ പ്രീമിയം ബ്രാന്‍ഡുകള്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
മറ്റൊരു പ്രമുഖ മദ്യ കമ്പനിയായ റാഡിക്കോ ഖൈത്താന്‍ പ്രീമിയം ബ്രാന്‍ഡുകളില്‍ 20 ശതമാനം വളര്‍ച്ച നേടാന്‍ സാധിച്ചതായി അവകാശപ്പെട്ടു.
സോം ഡിസ്റ്റിലറീസ് & ബ്രൂവറീസ് എന്ന പ്രമുഖ മദ്യ കമ്പനിയുടെ ഉപകമ്പനിയായ വുഡ് പെക്കര്‍ ഡിസ്റ്റിലറീസ് വേനല്‍ കാല ഡിമാന്‍ഡ് കണക്കിലെടുത്ത് തെക്കേ ഇന്ത്യയിലെ ബിയര്‍ ഉത്പാദന ശേഷി വര്‍ധിപ്പിച്ചതായി അറിയിച്ചു. ഹണ്ടര്‍, വുഡ്‌പെക്കര്‍ എന്നീ പ്രമുഖ ബിയര്‍ ബ്രാന്‍ഡുകള്‍ വില്‍ക്കുന്ന സ്ഥാപനമാണിത്.
നേട്ടമായി പാക്കിംഗ് വസ്തുക്കളുടെ വിലക്കുറവ്‌

കുപ്പികളുടെ വില കുറഞ്ഞതും ഡിമാന്‍ഡ് ഉയര്‍ന്നതും ബാര്‍ലി വില സ്ഥിരത കൈവരിച്ചതും ബിയര്‍ കമ്പനികള്‍ക്ക് നേട്ടമായി. കുപ്പി ഉള്‍പ്പടെയുള്ള പാക്കിംഗ് സാധനങ്ങള്‍ക്കാണ് ഉത്പാദകര്‍ക്ക് 60% വരെ ചെലവ് വരുന്നത്. അരി വില കുറയാത്തത് ബിയര്‍ ഒഴികെയുള്ള മദ്യങ്ങളുടെ ഉത്പാദന ചെലവ് വര്‍ധിപ്പിക്കും.

മദ്യ കമ്പനികളുടെ പ്രവര്‍ത്തന ലാഭ മാര്‍ജിന്‍ ഒരു ശതമാനം വരെ വര്‍ധിക്കും. ഉത്പന്ന വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാരുകള്‍ അനുമതി നല്‍കിയതും പാക്കിംഗ് വസ്തുക്കളുടെ വില കുറഞ്ഞതും മാര്‍ജിന്‍ മെച്ചപ്പെടുത്താന്‍ ഉപകരിക്കും.

(നിയമപ്രകാരമുള്ള മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it