Begin typing your search above and press return to search.
വിപണിയില്‍ പണമില്ല, തിരിച്ചടിയായി ജി.എസ്.ടി കുരുക്കും, വ്യാപാരികളും ഹോട്ടലുടമകളും പ്രക്ഷോഭത്തിലേക്ക്
നിരന്തരമായ പ്രശ്‌നങ്ങളാല്‍ വലയുകയാണ് കേരളത്തിലെ വ്യാപാരികളും ഹോട്ടലുടമകളും. വന്‍കിടക്കാരോട് മല്ലിടാനാകാതെ കച്ചവടം ഗണ്യമായി കുറഞ്ഞ വ്യാപാരികള്‍ ഇപ്പോള്‍ പ്രക്ഷോഭത്തിലാണ്. ഇന്നലെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി.
വാടകക്കെട്ടിടങ്ങളില്‍ കട നടത്തുന്ന വ്യാപാരികള്‍ക്ക് 18 ശതമാനം ജി.എസ്.ടി ഏര്‍പ്പെടുത്തിയതാണ് ഇപ്പോള്‍ പ്രക്ഷോഭത്തിലേക്ക് നയിക്കുന്നത്. കെട്ടിട ഉടമകള്‍ക്ക് ജി.എസ്.ടി രജിസ്‌ട്രേഷന്‍ ഇല്ലെങ്കില്‍ വാടകക്കാരായ വ്യാപാരികള്‍ വാടകയ്ക്ക് 18 ശതമാനം ജി.എസ്.ടി നല്‍കണമെന്നാണ് ജി.എസ്.ടി കൗണ്‍സിലിന്റെ പുതിയ തീരുമാനം. ഇത് ഏറ്റവും അധികം ബാധിക്കുക ചെറുകിട വ്യാപാരികളെയായിരിക്കുമെന്നാണ് ഏകോപന സമിതി ചൂണ്ടിക്കാട്ടുന്നത്.
ഹോട്ടല്‍ ഉടമകള്‍ക്കും ഇത് ബാധകമാണ്. കേരള ഹോട്ടല്‍ ആന്റ് റസ്റ്ററന്റ് അസോസിയേഷനും ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ആദ്യപടിയായി നവംബര്‍ 12ന് എല്ലാ ജില്ലകളിലെയും ജി.എസ്.ടി ഓഫീസിനു മുന്നില്‍ ധര്‍ണയും ഡിസംബറില്‍ പാര്‍ലമെന്റ് മാര്‍ച്ചും സംഘടിപ്പിക്കാനാണ് അസോസിയേഷന്റെ നീക്കം.
ജി.എസ്.ടി പൂട്ട്
കെട്ടിട ഉടമയ്ക്ക് ജി.എസ്.ടി രജിസ്‌ട്രേഷന്‍ ഇല്ലെങ്കില്‍ ഒക്ടോബര്‍ മാസം മുതല്‍ വ്യാപാരി കൊടുക്കുന്ന വാടകയുടെ 18 ശതമാനം ജി.എസ്.ടി കണക്കാക്കി റിട്ടേണിന്റെ കൂടെ അടയ്ക്കണം. കോമ്പൗണ്ടിംഗ് സ്‌കീമിലാണ് വ്യാപാരി രജിസ്‌ട്രേഷന്‍ എടുത്തിട്ടുള്ളതെങ്കില്‍ ആ തുക അവരുടെ കൈയില്‍ നിന്നുനല്‍കണം. അല്ലാത്തവര്‍ക്ക് ആ തുക ഇന്‍പുട്ട് ക്രെഡിറ്റ് ആയി ഉപയോഗിക്കാം.
ഹോട്ടലുകള്‍ സര്‍വീസ് മേഖലയില്‍പെടുന്നതിനാല്‍ ഇന്‍പുട്ട് ടാക്‌സ് എടുക്കാന്‍ ജി.എസ്.ടി നിയമ പ്രകാര അര്‍ഹരല്ല. മാത്രമല്ല ഹോട്ടലുകാര്‍ക്ക് എം.എസ്.എം.ഇ ആനുകൂല്യവും ലഭിക്കുന്നില്ല. എം.എസ്.എം.ഇയില്‍ ഉള്‍പ്പെട്ട സ്ഥാപനങ്ങള്‍ക്ക് ഒരു ശതമാനമാണ് ജി.എസ്.ടി. എന്നാല്‍ ഹോട്ടലുകള്‍ അഞ്ച് ശതമാനം ജി.എസ്.ടി നല്‍കേണ്ടി വരുന്നതായും ഹോട്ടലുടമകള്‍ പറയുന്നു.
സെറ്റ് ഓഫ് ചെയ്യാനാകില്ല
റിവേഴ്‌സ് ചാര്‍ജ് മെക്കാനിസം (RCM) രീതിയിലാണ് ഈ നികുതി അടയ്‌ക്കേണ്ടത്. അതു കൊണ്ട് ആദ്യം ഈ തുക പണമായി അടയ്ക്കണം. അതിനു ശേഷം ഈ തുക ഇന്‍പുട്ട് ക്രെഡിറ്റ് ആയി ഉപയോഗിക്കാം. അതായത് നിലവിലുള്ള ഇന്‍പുട്ട് ക്രെഡിറ്റ് ഉപയോഗിച്ച് ഈ തുകയെ സെറ്റ്-ഓഫ് ചെയ്യാന്‍ പറ്റില്ല.
പലരും വാടകക്കരാറില്ലാതെ ബന്ധുക്കളുടേയോ സുഹൃത്തുക്കളുടേയോ വസ്തുവില്‍ ഒരു നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജി.എസ്.ടി രജിസ്‌ട്രേഷന്‍ എടുത്തിട്ടുണ്ടാവും. അത്തരത്തില്‍ എടുത്തിട്ടുള്ളവര്‍ വസ്തുവിന്റെ വാടക കണക്കാക്കി അതിന് ജി.എസ്.ടി അടയ്‌ക്കേണ്ടതായി വരും. ഇത്തരത്തില്‍ റിവേഴ്‌സ് ചാര്‍ജ് വഴി നികുതി അടയ്‌ക്കേണ്ടി വരുമ്പോള്‍ അധിക ബാധ്യത വരുന്നത് കോമ്പൗണ്ടിംഗ് രീതിയില്‍ രജിസ്‌ട്രേഷന്‍ എടുത്തിട്ടുള്ളവര്‍ക്കായിരിക്കും. മറ്റുള്ളവര്‍ക്ക് ഈ തുക ഇന്‍പുട്ട് ക്രെഡിറ്റ് ആയി തിരിച്ചു കിട്ടുമ്പോള്‍ കോംപൗണ്ടിംഗ് സ്‌കീമിലെ വ്യാപാരികള്‍ക്ക് നഷ്ടം വരുന്ന സ്ഥിതിയായിരിക്കും.
ആളുകളുടെ കൈയില്‍ പണമില്ല, വിപണിയില്‍ കച്ചവടവും
അശാസ്ത്രിയ നികുതിയും വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും മൂലം നിരവധി വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളുമാണ് അടുത്ത കാലത്ത് പൂട്ടിയത്. സംസ്ഥാന സര്‍ക്കാരിന്റെ ധനപ്രതിസന്ധി എല്ലാ മേഖലയിലും ബാധിക്കുന്നുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.
സ്ഥല കച്ചവടം, കെട്ടിട നിര്‍മാണ മേഖല എന്നീ രംഗങ്ങളിലെ മുരടിപ്പ് വിപണിയിലേക്കുള്ളപണം വരവിനെ ഗണ്യമായി സ്വാധീനിക്കുന്നുണ്ട്. ഇതിനിടെ പ്രവാസി പണം വരവിലും വലിയ കുറവുണ്ടായി. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇപ്പോള്‍ കുടിയേറ്റത്തിനാണ് ആളുകള്‍ക്ക് താത്പര്യം. വിദേശ രാജ്യങ്ങളില്‍ പോയി പണിയെടുത്ത് പണം നാട്ടിലേക്ക് അയക്കുന്ന രീതി കുറഞ്ഞു. അതേ സമയം സംസ്ഥാനത്ത് പണിയെടുക്കാനെത്തുന്ന അതിഥി തൊഴിലാളികള്‍ കിട്ടുന്ന പണം മിച്ച പിടിച്ച് സ്വന്തം നാടികളിലേക്ക് കൊണ്ടു പോവുകയും ചെയ്യുന്നു. ഇതെല്ലാം സംസ്ഥാനത്ത് പണമൊഴുക്കു കുറയ്ക്കുന്നുണ്ട്. സാധാരണ കടകളില്‍ കച്ചവടം തീരെ കുറയുകയാണ്. പലരും മാളുകളെയും വമ്പന്‍ സൂപ്പര്‍മാര്‍ക്കറ്റുകളേയുമൊക്കെയാണ് മാസ സാധനങ്ങള്‍ക്ക് പോലും ആശ്രയിക്കുന്നത്. ഇതെല്ലാം സംസ്ഥാനത്തെ വ്യാപാരമേഖലയുടെ നട്ടെല്ലു തന്നെ തകര്‍ക്കുകയാണ്.
കഴിഞ്ഞ കുറച്ചു നാളുകൾക്കുള്ളിൽ റോഡ് വികസനം ഉൾപ്പെടെ ഉള്ള കാരണങ്ങൾ മൂലം മൂവായിരത്തോളം ഹോട്ടലുകളാണ് അടച്ചു പൂട്ടിയത്. നിരവധി മറ്റു കച്ചവട സ്ഥാപനങ്ങൾക്കും താഴ് വീണു.
Next Story
Videos