ഓര്‍ഡറുകളുടെ മികവില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ഉപകമ്പനി, നോര്‍വേയില്‍ നിന്ന് ₹1,100 കോടിയുടെ കരാര്‍

വിദേശങ്ങളില്‍ നിന്നടക്കം നിരവധി ഓര്‍ഡറുകള്‍ സ്വന്തമാക്കി തലയുയര്‍ത്തി നില്‍ക്കുന്ന കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് കരുത്ത് പകര്‍ന്ന് ഉപകമ്പനിയായ ഉഡുപ്പി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും (UCSL). നോര്‍വേയിലെ വില്‍സണ്‍ എം.എസ്.എയില്‍ നിന്ന് എട്ട് 6300 ടി.ഡി ഡബ്ല്യു ഡ്രൈ കാര്‍ഗോ വെസലുകള്‍ നിര്‍മിക്കാനുള്ള ഫോളോ അപ്പ് കരാര്‍ ഉഡുപ്പി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് സ്വന്തമാക്കി. ആറ് 3800 ടി.ഡി ഡബ്ല്യു ഡ്രൈ കാര്‍ഗോയുടെ രൂപകല്‍പ്പനയ്ക്കും നിര്‍മാണത്തിനുമായി കഴിഞ്ഞ വര്‍ഷം ജൂണില്‍ ലഭിച്ച കരാറിന്റെ തുടര്‍ച്ചയാണിത്.

ഈ യാനങ്ങളുടെ നിര്‍മാണം കര്‍ണാടകയിലെ ഉഡുപ്പി യാര്‍ഡില്‍ പുരോഗമിക്കുകയാണ്. സെപ്റ്റംബര്‍ 19നകം കരാറില്‍ ഒപ്പുവയ്ക്കും. സമാനമായ നാല് കപ്പലുകള്‍ നിര്‍മിക്കാനുള്ള തുടര്‍ കരാറി
ന്
വ്യവസ്ഥയുണ്ട്.
1,100 കോടിയുടെ കരാര്‍
100 മീറ്റര്‍ നീളമുള്ള കപ്പലിന് 6.5 മീറ്റര്‍ ഡിസൈന്‍ ഡ്രാഫ്റ്റില്‍ 6,300 മെട്രിക് ടണ്‍ ഭാരം ഉണ്ട്. നെതര്‍ലാന്‍ഡിലെ കൊനോഷിപ്പ് ഇന്റര്‍നാഷണല്‍ ആണ് കപ്പലുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 8 കപ്പലുകളുടെ മൊത്തത്തിലുള്ള പ്രോജക്റ്റിന് ഏകദേശം 1,100 കോടി രൂപയാണ് മൂല്യം. 2028 സെപ്റ്റംബറിനകം നിര്‍മ്മാണം പൂര്‍ത്തിയായി യാനങ്ങള്‍ കൈമാറ്റം ചെയ്യാന്‍ കഴിയുമെന്നാണ് കരുതുന്നത്.
നോര്‍വേയിലെ ബെര്‍ഗന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വില്‍സണ്‍ എ.എസ്.എ, യൂറോപ്പിലെ പ്രമുഖ ഷോര്‍ട്ട് സീ ഫ്‌ലീറ്റ് ഓപ്പറേറ്ററാണ്. കൂടാതെ യൂറോപ്പിലുടനീളം ഏകദേശം 15 ദശലക്ഷം ടണ്‍ ഡ്രൈ കാര്‍ഗോ എത്തിക്കുന്നു. 1500 മുതല്‍ 8500 DWT വരെയുള്ള 130 ഓളം കപ്പലുകള്‍ ഈ കപ്പല്‍ കമ്പനിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിപ്പിക്കുന്നു.
ഓര്‍ഡറുകളുടെ തിളക്കം
അദാനി ഗ്രൂപ്പിലെ അദാനി ഹാര്‍ബര്‍ സര്‍വീസസിനു കീഴിലുള്ള ഓഷ്യന്‍ സ്പാര്‍ക്കിളിനു വേണ്ടി (OSL) മൂന്ന് ടഗ്ഗുകള്‍ നിര്‍മിക്കാനുള്ള കരാര്‍ ഉഡുപ്പി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് കഴിഞ്ഞ മാസം സ്വന്തമാക്കിയിരുന്നു. മൂന്ന് ടി ബൊള്ളാര്‍ഡ് പുള്‍ എ.എസ്.ഡി ടഗ്ഗുകള്‍ നിര്‍മിക്കാനാണ് 150-180 കോടി രൂപ മതിക്കുന്ന കരാര്‍. ഒ.എസ്.എല്ലിനു വേണ്ടി നരത്തെ രണ്ട് 62 ടണ്‍ ബൊള്ളാര്‍ഡ് പുള്‍ എ.എസ്.ഡി ടഗ്ഗുകള്‍ ഉഡുപ്പി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് കരാര്‍ തീയതിക്കു മുന്നേ തന്നെ നിര്‍മിച്ച് കൈമാറിയിരുന്നു. ഇതിന്റെ പിന്‍ബലത്തിലാണ് പുതിയ ഓര്‍ഡറുകള്‍ ലഭിച്ചിരിക്കുന്നത്.
2020 സെപ്റ്റംബറിലാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഉഡുപ്പി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിനെ ഏറ്റെടുത്തത്. തുടര്‍ന്ന്, വിദേശ കരാറുകളടക്കം നേടാന്‍ ഉഡുപ്പി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് കഴിഞ്ഞിട്ടുണ്ട്. ഇതില്‍ നോര്‍വേ കമ്പനിയില്‍ നിന്നുള്ള ആറ് കാര്‍ഗോ വെസലുകളും ഉള്‍പ്പെടുന്നു.
യൂറോപ്പിലെ തീരക്കടലില്‍ പൊതു ചരക്ക് ഗതാഗതത്തിനായി പരിസ്ഥിതി സൗഹൃദ ഡീസല്‍ ഇലക്ട്രിക് യാനങ്ങള്‍ നിര്‍മ്മിക്കുക എന്ന പദ്ധതിയുടെ ഭാഗമായി കൊച്ചി കപ്പല്‍ ശാലയെ തിരഞ്ഞെടുത്തിരുന്നു.
Related Articles
Next Story
Videos
Share it