വാരി എനര്‍ജീസ് ഐ.പി.ഒയ്ക്ക് തുടക്കമായി, ഗ്രേ മാര്‍ക്കറ്റ് പ്രീമിയം 98%, നിക്ഷേപിക്കുന്നത് നേട്ടമോ?

വാരി എനര്‍ജീസ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) ഇന്ന് തുടക്കമായി. 23നാണ് അവസാനിക്കുക. 3,600 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെയും നിലവിലുള്ള നിക്ഷേപകരുടെയും 48,00,000 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐ.പി.ഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

10 രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 1,427 രൂപ മുതല്‍ 1,503 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 9 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 9ന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. ഓഹരികള്‍ എന്‍.എസ്.ഇയിലും ബി.എസ്.ഇയിലും ലിസ്റ്റ് ചെയ്യും.

മികച്ച പ്രതികരണം

ഐ.പി.ഒ ആരംഭിച്ച് ആദ്യ മണിക്കൂറില്‍ തന്നെ ഓഹരി 105 ശതമാനം സബ്‌സ്‌ക്രിപ്ഷന്‍ നേടി. ഇന്ന് ഉച്ചവരെയുള്ള കണക്കനുസരിച്ച് സ്ഥാപന ഇതര നിക്ഷേപകരില്‍ (non-institutional investors/NIIs) നിന്ന് രണ്ട് മടങ്ങിലധികം അപേക്ഷ ലഭിച്ചു. ചെറുകിട നിക്ഷേപകരില്‍ നിന്ന് 1.24 മടങ്ങ് അപേക്ഷകളാണ് ആദ്യം ദിനം ലഭിച്ചത്. യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങള്‍ക്കായി നീക്കി വച്ച ഓഹരികളില്‍ അപേക്ഷകര്‍ കുറവാണ്. 58,37,757 ഓഹരികള്‍ വില്‍പ്പനയ്ക്ക് വച്ചപ്പോള്‍ 9.700 ഓഹരികള്‍ക്കുള്ള അപേക്ഷയാണ് ഈ വിഭാഗത്തില്‍ ലഭിച്ചത്.
ഓഹരി വിപണിക്ക് പുറത്തുള്ള അനൗദ്യോഗിക വിപണിയില്‍ ഐ.പി.ഒ വിലയേക്കാള്‍ 98.4 ശതമാനം പ്രീമിയത്തിലാണ് ഓഹരിയില്‍ വ്യാപാരം നടക്കുന്നത്. ലിസ്റ്റിംഗ് വിലയുടെ ഒരു സൂചകമായാണ് പലപ്പോഴും ഗ്രേ മാര്‍ക്കറ്റ് വിലയെ കാണുന്നത്. അതനുസരിച്ച് നോക്കിയാല്‍ 1,480 രൂപയോളം ഉയര്‍ന്ന് 2,983 രൂപയിലാകാം ഓഹരി ലിസ്റ്റ് ചെയ്യുന്നത്. അതേസമയം, ഗ്രേ മാര്‍ക്കറ്റ് വിലയേക്കാള്‍ ലിസ്റ്റിംഗ് വില താഴേക്ക് പോകുന്ന സാഹചര്യങ്ങളുമുണ്ടാകാറുണ്ട്.
അനലിസ്റ്റുകള്‍ മിക്കവരും ഓഹരി വാങ്ങാനാണ് നിക്ഷേപകരോട് ശിപാര്‍ശ ചെയ്തിരിക്കുന്നത്. സമാന മേഖലയിലുള്ള കമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ ഓഹരിയുടെ വില കുറഞ്ഞ നിലവാരത്തിലാണ് നിശ്ചയിച്ചിരിക്കുന്നത്.

വാരി എനര്‍ജീസ്

സോളാര്‍ പി.വി മൊഡ്യൂള്‍ നിര്‍മാണത്തില്‍ മുന്‍പിലുള്ള കമ്പനിക്ക് ആഗോള തലത്തില്‍ വലിയ വിപുലീകരണ പദ്ധതികളാണുള്ളത്. 6 ജിഗാവാട്ട് മാനുഫാക്ചറിംഗ് സൗകര്യമുള്‍പ്പെടെ സ്ഥാപിക്കാനാണ് ഐ.പി.ഒ വഴി സമാഹരിക്കുന്ന തുക ചെലവഴിക്കുക. 2024 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 69 ശതമാനം വര്‍ധിച്ച് 11,398 കോടി രൂപയായി. ലാഭം ഇക്കാലയളവില്‍ 1,274 കോടിയുമായി. യു.എസിലേക്കുള്ള കയറ്റുമതിയാണ് വാരീ എന്‍ജിസിന്റെ പ്രധാന വരുമാന മാര്‍ഗം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ വരുമാനത്തിന്റെ 73 ശതമാനവും നേടിയത് കയറ്റുമതിയില്‍ നിന്നാണ്.

(ഓഹരി നിക്ഷേപം വിപണിയിലെ റിസ്‌കുകള്‍ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് സ്വയം പഠനങ്ങള്‍ നടത്തുകയോ ഒരു വിദഗ്ധന്റെ സേവനം തേടുകയോ ചെയ്യുക)


Related Articles
Next Story
Videos
Share it