Begin typing your search above and press return to search.
വാട്ടര്‍മെട്രോ ഏപ്രില്‍ 21 മുതല്‍ പുതിയ റൂട്ടിലേക്കും; അണിയറയില്‍ കോടികളുടെ പദ്ധതികള്‍
2023 ഏപ്രില്‍ 25ന് പ്രവര്‍ത്തനമാരംഭിച്ച കൊച്ചി വാട്ടര്‍മെട്രോ ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ പുതിയ റൂട്ടുകളിലേക്കുള്‍പ്പെടെ സര്‍വീസ് ആരംഭിച്ചും പുതിയ പദ്ധതികളാവിഷ്‌കരിച്ചും കൂടുതല്‍ ജനപ്രിയമാകുന്നു.
രണ്ട് റൂട്ടുകളും ഒമ്പതു ബോട്ടുകളുമായി ആരംഭിച്ച വാട്ടര്‍മെട്രോ ഇപ്പോള്‍ അഞ്ച് റൂട്ടുകളില്‍ സര്‍വീസ് നടത്തുന്നു. 13 ബോട്ടുകളുമുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ 19 ലക്ഷം പേരാണ് കൊച്ചി വാട്ടര്‍മെട്രോ വഴി യാത്ര ചെയ്തത്. പ്രവര്‍ത്തനമാരംഭിച്ച് ആറ് മാസത്തിനുള്ളില്‍ തന്നെ 10 ലക്ഷം യാത്രക്കാരെന്ന നേട്ടം സ്വന്തമാക്കിയിരുന്നു. മാര്‍ച്ച് 18 വരെയുള്ള കണക്കനുസരിച്ച് മൊത്തം 19,36,770 പേര്‍ യാത്ര ചെയ്തു.
പ്രതിദിനം 6,000-7,000 യാത്രക്കാരാണ് വാട്ടര്‍മെട്രോയുടെ ഒമ്പത് ടെര്‍മിനലുകള്‍ വഴി യാത്ര ചെയ്യുന്നത്. വാരാന്ത്യങ്ങളില്‍ ഇത് 9,000 വരെയൊക്കെ എത്താറുണ്ട്. വിഷുദിനത്തില്‍ യാത്രക്കാരുടെ എണ്ണം 10,000 കടന്നിരുന്നു. ടൂര്‍ പാക്കേജുകളുടെ ഭാഗമായും ആഭ്യന്തര-വിദേശ ടൂറിസ്റ്റുകള്‍ കൊച്ചി വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്യുന്നുണ്ട്.
ഫോര്‍ട്ട്‌കൊച്ചിയിലേക്ക്
വിനോദസഞ്ചാരികള്‍ ഏറെയുള്ള ഫോര്‍ട്ട്കൊച്ചിയിലേക്ക് 21 മുതല്‍ വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിക്കും. ടെര്‍മിനലിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് 14-ാമത് ബോട്ട് കൈഴിഞ്ഞ ദിവസം കൈമാറിയിരുന്നു ഈ ബോട്ടിന്റെ ടിക്കറ്റിംഗ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും ട്രയല്‍ റണ്ണും പൂര്‍ത്തിയായതോടെയാണ് സര്‍വീസ് തുടങ്ങുന്നത്.
വിനോദസഞ്ചാരികള്‍ക്ക് നഗരത്തിലെ ഗതാഗത തിരക്കില്‍പ്പെടാതെ ഫോര്‍ട്ട്‌കൊച്ചിയിലേക്കെത്താന്‍ ഇതോടെ സാധിക്കും. 20 മുതല്‍ 30 മിനിട്ട് ഇടവേളകളിലാണ് സര്‍വീസ്. 40 രൂപയാണ് നിരക്ക്.
നിലവില്‍ ഹൈക്കോര്‍ട്ട് ജംഗ്ഷന്‍-വൈപ്പിന്‍-ബോള്‍ഗാട്ടി ടെര്‍മിനലുകളിലും വൈറ്റില-കാക്കനാട് ടെര്‍മിനലുകളിലും ഏലൂര്‍-ചേരാനല്ലൂര്‍ ടെര്‍മിനലുകളില്‍ നിന്നുമാണ് സര്‍വീസ്. ഹൈക്കോര്‍ട്ട് ജംഗ്ഷനില്‍ നിന്ന് സൗത്ത് ചിറ്റൂരിലേക്ക് സര്‍വീസ് തുടങ്ങാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. മുളവുകാട് നോര്‍ത്ത്, വില്ലിംഗ്ടണ്‍ ഐലന്‍ഡ്, കുമ്പളം, കടമക്കുടി, പാലിയം തുരുത്ത് ടെര്‍മിനലുകളുടെ നിര്‍മാണവും പുരോഗമിക്കുകയാണ്.
വിവിധ പദ്ധതികള്‍
വാട്ടര്‍മെട്രോ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഫീഡര്‍ സര്‍വീസുള്‍പ്പെടെ പല പദ്ധതികളും ആലോചിക്കുന്നുണ്ട്. ഫീഡര്‍ സര്‍വീസിനു മാത്രം 23 കോടി രൂപയുടെ പദ്ധതിക്ക് വാട്ടര്‍മെട്രോ രൂപംകൊടുത്തിട്ടുണ്ട്. ഇതില്‍ നാലു കോടി രൂപ 100 ഇ-ഓട്ടോകള്‍ക്കായും 19 കോടി രൂപ 20 ഇ-ബസുകള്‍ക്കായുമാണ്. പദ്ധതി നടപ്പായാല്‍ മൂന്ന് മാസം കൊണ്ട് യാത്രക്കാരുടെഎണ്ണം അതിവേഗം വര്‍ധിക്കുമെന്ന് കെ.എം.ആര്‍.എല്‍ പ്രതീക്ഷിക്കുന്നു. വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് കൂടുതല്‍ റൂട്ടുകളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കാനും കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് പദ്ധതിയുണ്ട്.
Next Story