Begin typing your search above and press return to search.
കുതിച്ചുയര്‍ന്ന് വണ്ടര്‍ല ഓഹരികള്‍, പുതിയ പദ്ധതിക്ക് അനുമതി
പ്രമുഖ അമ്യൂസ്‌മെന്റ് പാര്‍ക്ക്, റിസോര്‍ട്ട് സ്ഥാപനമായ വണ്ടര്‍ല ഹോളിഡെയ്‌സ് ഓഹരികള്‍ പുതിയ ഉയരത്തില്‍. 10 ശതമാനത്തോളം കുതിച്ചുയര്‍ന്ന ഓഹരികള്‍ ഇന്ന് സര്‍വകാല ഉയരമായ 887.70 രൂപയിലെത്തി. ഒക്ടോബര്‍ 9ന് കുറിച്ച 832.15 രൂപ എന്ന റെക്കോഡാണ് മറികടന്നത്. കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ 54 ശതമാനത്തോളം നേട്ടമാണ് ഓഹരി നിക്ഷേപകര്‍ക്ക് നല്‍കിയത്. കഴിഞ്ഞ ഒരു വര്‍ഷത്തെ നേട്ടം 142.48 ശതമാനവും. നിലവില്‍ 6.20 ശതമാനം ഉയര്‍ന്ന് 857.80 രൂപയിലാണ് ഓഹരി വ്യാപാരം നടത്തുന്നത്. ഇന്നത്തെ ഓഹരി വിലയനുസരിച്ച് 4,834 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം. 2022 ജൂലൈയില്‍ 226.20 രൂപ മാത്രമായിരുന്നു ഓഹരി വില.
Also Read : 5-ാം നാളിലും ഓഹരികളില്‍ കണ്ണീര്‍; നഷ്ടം 15 ലക്ഷം കോടി
നേട്ടത്തിന് പിന്നില്‍
ചെന്നൈയില്‍ പുതിയ അമ്യൂസ്‌മെന്റ് പാര്‍ക്ക് തുറക്കാനുള്ള പദ്ധതിക്ക് തമിഴ്‌നാട് സര്‍ക്കാരില്‍ നിന്ന് അനുമതികള്‍ ലഭിച്ചതായി വണ്ടര്‍ലാ ഹോളിഡേയ്‌സ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചതിനു പിന്നാലെയാണ് ഓഹരികള്‍ കുതിച്ചുയര്‍ന്നത്. അധികം വൈകാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നാണ് കമ്പനി എക്‌സ്‌ചേഞ്ചുകളെ അറിയിച്ചിരിക്കുന്നത്.
ചെങ്കല്‍പേട്ട് ജില്ലയില്‍ ഇല്ലലൂര്‍ ഗ്രാമത്തില്‍ 400 കോടി രൂപ മുതല്‍ മുടക്കില്‍ 62 ഏക്കറിലാണ് അമ്യൂസ്‌മെന്റ് പാര്‍ക്ക് ഒരുങ്ങുന്നത്. കമ്പനിയുടെ വിപുലീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പുതിയ അമ്യൂസ്‌മെന്റ് പാര്‍ക്ക് ആരംഭിക്കുന്നത്. ചെന്നൈയില്‍ നിന്ന് 45 കിലോമീറ്റര്‍ മാത്രം അകലെ ഓള്‍ഡ് മഹാബലിപുരം റോഡിലാണ് പുതിയ അമ്യൂസ്‌മെന്റ് പാര്‍ക്ക് സ്ഥാപിക്കുന്നത്. തമിഴ്‌നാട് സര്‍ക്കാര്‍ പത്ത് വര്‍ഷത്തേക്ക് പ്രാദേശിക നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഒഡീഷയിലെ പാര്‍ക്ക് 2025ല്‍
നിലവില്‍ കൊച്ചി, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലായി മൂന്ന് അമ്യൂസ്‌മെന്റ് പാര്‍ക്കുകളാണ് വണ്ടര്‍ല ഹോളിഡേയ്‌സിനുള്ളത്. ബംഗളൂരുവിലെ അമ്യൂസ്‌മെന്റ് പാര്‍ക്കിനൊപ്പം റിസോര്‍ട്ടുമുണ്ട്. ഒഡീഷയിലെ ഭുവനേശ്വറില്‍ പുതിയ പാര്‍ക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. 2025ല്‍ പ്രവര്‍ത്തനമാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. 2022 ജൂണിലാണ് ഒഡീഷ സര്‍ക്കാരുമായി ഇത് സംബന്ധിച്ച കരാറില്‍ ഒപ്പുവച്ചത്.
2022-23 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ മൊത്തം വരുമാനം 452.4 കോടി രൂപയാണ്. ഇക്കാലയളവില്‍ ലാഭം 148.9 കോടി രൂപയും. കോവിഡിനെ തുടര്‍ന്ന് രണ്ട് വര്‍ഷങ്ങളില്‍ സഞ്ചാരികളുടെ എണ്ണത്തില്‍ കുറവുണ്ടായിരുന്നെങ്കിലും 2023 സാമ്പത്തിക വര്‍ഷത്തില്‍ സഞ്ചാരികളുടെ എണ്ണത്തില്‍ 39 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 33.1 ലക്ഷം പേരാണ് കമ്പനിയുടെ മൂന്ന് പാര്‍ക്കുകളിലുമായി സന്ദര്‍ശനം നടത്തിയത്.
Next Story
Videos