റിട്ടയര്‍മെന്റ് ജീവിതം ആഹ്ലാദകരമാക്കാം, പെന്‍ഷന്‍ പോളിസികളിലൂടെ

ഔദ്യോഗിക രംഗത്ത് നിന്ന് വിരമിച്ചാലും ഒരു നിശ്ചിത വരുമാനം സ്ഥിരമായി ലഭിക്കുക. അതിലൂടെ റിട്ടയര്‍മെന്റിന് ശേഷമുള്ള ജീവിതവും ആഹ്ലാദപ്രദമാക്കുക. അതിനുള്ളൊരു അവസരമാണ് വിവിധ പെന്‍ഷന്‍ പദ്ധതികള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പെന്‍ഷന്‍ സംവിധാനം മുഖേനയുള്ള സംരക്ഷണം ലഭ്യമാണ്. എന്നാല്‍ ചെറുകിട വ്യാപാരികള്‍, സ്വകാര്യ മേഖലാ ജീവനക്കാര്‍, വിദേശ മലയാളികള്‍, സംരംഭകര്‍ തുടങ്ങിയവര്‍ക്ക് ഇത്തരമൊരു സംരക്ഷണം ലഭ്യമല്ലാത്തതിനാല്‍ അത് അവര്‍ സ്വയം ഉറപ്പാക്കേണ്ടതുണ്ട്.

എന്‍.പി.എസ്, ഇ.പി.എഫ് പെന്‍ഷന്‍ തുടങ്ങി സര്‍ക്കാരിന്റെ തന്നെ നിരവധി പെന്‍ഷന്‍ പദ്ധതികള്‍ നിലവിലുണ്ടെങ്കിലും അവയെക്കാളൊക്കെ അത്യാകര്‍ഷകമായ പെന്‍ഷന്‍ പ്ലാനുകളാണ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്. ഫ്‌ളക്‌സിബിലിറ്റിയാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കുന്ന പെന്‍ഷന്‍ പോളിസികളുടെ ഏറ്റവും വലിയ പ്രത്യേകത. പെന്‍ഷന്‍ കാലാവധി നീട്ടിവെക്കുക, കാലാവധി എത്തുമ്പോള്‍ സമ്പാദ്യത്തില്‍ നിന്നും മൂന്നിലൊന്ന് തുക പിന്‍വലിക്കുക, കാലശേഷം അവകാശികള്‍ക്കും പെന്‍ഷന്‍ നല്‍കുക തുടങ്ങി ഓരോ ഉപഭോക്താവിനും ആവശ്യമായ തരത്തില്‍ വ്യത്യസ്ത പ്ലാനുകള്‍ തെരെഞ്ഞെടുക്കുന്നതിനുള്ള വൈവിധ്യമാര്‍ന്ന ഓപ്ഷനുകളാണ് പെന്‍ഷന്‍ പോളിസികള്‍ നല്‍കിയിരിക്കുന്നത്. പരമ്പരാഗത പെന്‍ഷന്‍ പോളിസികള്‍ക്ക് പുറമേ യൂലിപ് പെന്‍ഷന്‍ പ്ലാനുകളും ഇന്‍ഷുറന്‍സ് കമ്പനികള്‍ ലഭ്യമാക്കിയിട്ടുണ്ട്. പെന്‍ഷന്‍ പോളിസികളുടെ വൈവിധ്യം അറിയുന്നതിനായി വിവിധ കമ്പനികളുടെ ഏതാനും ചില ജനപ്രിയ പെന്‍ഷന്‍ പോളിസികളുടെ വിശദാംശങ്ങള്‍ ചുവടെ കൊടുത്തിരിക്കുന്നത് ശ്രദ്ധിക്കുക.

എസ്.ബി.ഐ ലൈഫ് സരള്‍ പെന്‍ഷന്‍

ഒരു പരമ്പരാഗത പോളിസിയാണിത്. നിക്ഷേപത്തുക ഒട്ടും തന്നെ നഷ്ടപ്പെടാന്‍ തയ്യാറല്ലാത്തവര്‍ക്ക് ഏറ്റവും അനുയോജ്യമായൊരു പോളിസിയാണിത്.

സവിശേഷതകള്‍: ഒരു ലക്ഷം രൂപയാണ് ഈ പദ്ധതിയിലെ ഏറ്റവും കുറഞ്ഞ പോളിസി തുക. ഉയര്‍ന്ന പരിധിയില്ല. കുറഞ്ഞ പ്രീമിയം തുക പ്രതിവര്‍ഷം 7,500 രൂപ. ഒറ്റത്തവണയായോ അല്ലെങ്കില്‍ പ്രതിമാസം, അര്‍ദ്ധ വാര്‍ഷികം, വാര്‍ഷികം എന്നീ തവണകളായോ പ്രീമിയം അടക്കാം. കുറഞ്ഞത് 5 വര്‍ഷം മുതല്‍ പരമാവധി 40 വര്‍ഷം വരെയാണ് പോളിസി കാലാവധി. 18 മുതല്‍ 65 വയസ് വരെ പദ്ധതിയില്‍ ചേരാം. 40 മുതല്‍ 70 വയസിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും പെന്‍ഷന്‍ വാങ്ങാം.

നേട്ടങ്ങള്‍: ആദ്യത്തെ 3 വര്‍ഷം പോളിസി തുകയുടെ രണ്ടര ശതമാനവും അടുത്ത 2 വര്‍ഷം രണ്ടേമുക്കാല്‍ ശതമാനവും വീതം ഉറപ്പായ ബോണസ് ലഭിക്കും. ലൈഫ് ഇന്‍ഷുറന്‍സ് കവറേജ് ആവശ്യമെങ്കില്‍ അതൊരു റൈഡായി ഈ പോളിസിയോട് കൂട്ടിച്ചേര്‍ക്കാം. പെന്‍ഷന്‍ ലഭിക്കേണ്ട കാലാവധിയെത്തുമ്പോള്‍ ആവശ്യമെങ്കില്‍ മൊത്തം തുകയുടെ മൂന്നിലൊന്ന് പിന്‍വലിക്കുകയും ബാക്കി തുകക്ക് പെന്‍ഷന്‍ നേടുകയും ചെയ്യാം. എസ്ബിഐ നിര്‍ദേശിച്ചിട്ടുള്ള 14 ഓപ്ഷനുകളെ അടിസ്ഥാനമാക്കി ഉപഭോക്താവിന് അനുയോജ്യമായ തരത്തില്‍ പെന്‍ഷന്റെ ലഭ്യത ക്രമീകരിക്കാനാകും. കൂടാതെ പെന്‍ഷന്‍ ലഭിക്കേണ്ട കാലാവധി 55 വയസിന് താഴെയാണെങ്കില്‍ അതിനെ പരമാവധി 70 വയസ് വരെ നീട്ടിവക്കുന്നതിനും സാധിക്കും. ഇങ്ങനെ നീട്ടിവക്കപ്പെടുന്ന കാലയളവില്‍ ആവശ്യമെങ്കില്‍ പ്രീമിയം തുക തുടര്‍ന്നും അടക്കാവുന്നതാണ്. സുരക്ഷിത നിക്ഷേപം, വിപണിയിലെ പലിശ നിരക്കുകള്‍ക്ക് അനുസരണമായുള്ള വരുമാനം എന്നിവയാണ് ഈ പദ്ധതിയുടെ നേട്ടം.

എസ്ബിഐ ലൈഫ് റിട്ടയര്‍ സ്മാര്‍ട്ട്

ഇതൊരു യുലിപ് പെന്‍ഷന്‍ പ്ലാനാണ്. അല്‍പ്പം റിസ്‌ക് എടുക്കാന്‍ തയ്യാറുള്ളവര്‍ക്കും ഉയര്‍ന്ന നേട്ടം പ്രതീക്ഷിക്കുന്നവര്‍ക്കും അനുയോജ്യമായൊരു പ്ലാനാണിത്. നിശ്ഛിത കാലയളവുകളില്‍ ഓഹരിയിലേക്കുള്ള നിക്ഷേപം കുറച്ചുകൊണ്ട് സുരക്ഷിത ഫണ്ടുകളിലേക്ക് മാറുന്നതിനുള്ള ആട്ടോമാറ്റിക് സ്വിച്ചിംഗ് സംവിധാനം ഇതിലുണ്ട്. അതി

നാല്‍ റിസ്‌ക്ക് ഫണ്ടിലൂടെ കൈവരിച്ച നേട്ടം ഒട്ടുംതന്നെ നഷ്ടപ്പെടാതെ സുരക്ഷിത ഫണ്ടുകളിലേക്ക് മാറ്റാന്‍ ഇത് സഹായിക്കും.

സവിശേഷകള്‍: കുറഞ്ഞ പ്രതിമാസ പ്രീമിയം 2,500 രൂപയും വാര്‍ഷിക പ്രീമിയം 24,000 രൂപയുമാണ്. ഉയര്‍ന്ന നിക്ഷേപത്തിന് പരിധിയില്ല. ത്രൈമാസം, അര്‍ദ്ധവാര്‍ഷികം എന്നീ തരത്തിലും നിക്ഷേപം നടത്താം. 30 മുതല്‍ 70 വയസ് വരെ പോ

ളിസി എടുക്കാം. 10 മുതല്‍ 35 വര്‍ഷം വരെയാണ് പദ്ധതിയുടെ കാലാവധി. പരിമിതമായ കാലത്തേക്കും നിക്ഷേപം നടത്താനാകും. 15 വര്‍ഷത്തിലധികമുള്ള പ്രീമിയം അടവുകള്‍ക്ക് ഓരോ വര്‍ഷവും വാര്‍ഷിക പ്രീമിയത്തിന്റെ 10 ശതമാനം ഉറപ്പായ വര്‍ദ്ധനവും കമ്പനി നല്‍കുന്നതാണ്. നിക്ഷേപത്തിന് ആദായനികുതി ഇളവ് ലഭിക്കും. 40 മുതല്‍ 80 വയസിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും പെന്‍ഷന്‍ വാങ്ങാം.

നേട്ടങ്ങള്‍: പെന്‍ഷന്‍ ലഭിക്കേണ്ട കാലാവധി എത്തുമ്പോള്‍ ആവശ്യമെങ്കില്‍ മൊത്തം സമ്പാദ്യത്തിന്റെ മൂന്നിലൊന്ന് തുക പിന്‍വലിക്കാം. ബാക്കി തുകയെ അടിസ്ഥാനമാക്കി പെന്‍ഷന്‍ ലഭിക്കും. ഇതിനു പുറമേ ഏത് തരത്തില്‍ പെന്‍ഷന്‍ വേണമെന്നതിന് 14 ഓപ്ഷനുകളാണ് എസ്ബിഐ ലൈഫ് ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. ജീവതകാലം മുഴുവനോ കാലശേഷം പങ്കാളിക്കോ നിയമപരമായ അവകാശികള്‍ക്കോ ഒക്കെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനാകും. അനന്തരാവകാശികള്‍ക്ക് നിലവിലുള്ള നിക്ഷേപത്തുക പൂര്‍ണ്ണമായും കൈമാറുകയും ചെയ്യാം. ഇത്തരത്തിലുള്ള 14 ഓപ്ഷനുകളില്‍ അനുയോജ്യമായ ഒന്നാണ് തെരെഞ്ഞെടുക്കേണ്ടത്. പെന്‍ഷന്‍ കിട്ടിത്തുടങ്ങുന്നതിന് 6 മാ

സം മുന്‍പ് കമ്പനിയുമായി ബന്ധപ്പെട്ട് ഏത് തരം പെന്‍ഷന്‍ വേണമെന്നത് നിശ്ഛയിക്കാം. മുന്‍നിശ്ഛയ പ്രകാരം ഇപ്പോള്‍ പെന്‍ഷന്‍ വേണ്ടെന്ന് തോന്നിയാല്‍ 55 വയസിനുള്ളില്‍ അതിന്റെ കാലാവധി നീട്ടിവക്കാനും കഴിയും. ഇങ്ങനെ നീട്ടിവക്കപ്പെടുന്ന കാലയളവിലും നിക്ഷേപം തുടരുകയോ അല്ലെങ്കില്‍ നിര്‍ത്തിവക്കുകയോ ചെയ്യാം.

എല്‍.ഐ.സി ജീവന്‍ അക്ഷയ് VI

അടുത്ത മാസം മുതല്‍ പെന്‍ഷന്‍ വാങ്ങണമെന്നുണ്ടോ? എങ്കില്‍ ഒരു നിശ്ചിത തുക ഒരുമിച്ച് ഒരൊറ്റ പ്രീമിയമായി ഈ പോളിസിയില്‍ നിക്ഷേപിച്ചാല്‍ മതി. ഉടനടി പെന്‍ഷന്‍ വാങ്ങാമെന്നതാണ് ഈ പോളിസിയുടെ നേട്ടം.

സവിശേതകള്‍: കുറഞ്ഞ നിക്ഷേപം 1 ലക്ഷം രൂപ. ഉയര്‍ന്ന പരിധിയില്ല. 30 മുതല്‍ 85 വയസ് വരെയുള്ളവര്‍ക്ക് പോളിസി എടുക്കാം. പ്രതിമാസം, ത്രൈമാസം, അര്‍ദ്ധ വാര്‍ഷികം, വാര്‍ഷികം എന്നീ തവണകളില്‍ ഉപഭോക്താവ് തെരെഞ്ഞെടുക്കുന്നതിന് അനുസരണമായി പെന്‍ഷന്‍ വാങ്ങാം. പോളിസി എടുക്കുന്നതിന് വൈദ്യപരിശോധന ആവശ്യമില്ല. പോളിസി ഉടമക്ക് ഒരു വര്‍ഷത്തിന് ശേഷം കാന്‍സര്‍, ഹൃദ്രോഗം, കിഡ്‌നി തകരാറ് തുടങ്ങിയ മാരകമായ അസുഖങ്ങള്‍ ഉണ്ടായാല്‍ പോളിസി സറണ്ടര്‍ ചെയ്യാനും അവസരമുണ്ട്.

നേട്ടങ്ങള്‍: പെന്‍ഷന്‍ ലഭിക്കുന്നതിനായി ഏഴ് വ്യത്യസ്ത ഓപ്ഷനുകളാണ് കമ്പനി ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. അതനുസരിച്ച് പോളിസി ഉടമക്ക് ജീവിതകാലം മുഴുവനോ അല്ലെങ്കില്‍ നിശ്ചിത കാലയളവിലേക്കോ പെന്‍ഷന്‍ വാങ്ങാം. കാലശേഷം അവകാശികള്‍ക്ക് പര്‍ച്ചേസ് തുക നല്‍കാനും അവസരമുണ്ട്. അല്ലെങ്കില്‍ കാലശേഷം പങ്കാളിക്ക് പെന്‍ഷന്‍ നല്‍കുകയും ചെയ്യാം. ഇത്തരത്തില്‍ ഓരോരുത്തര്‍ക്കും ഏറ്റവും അനുയോജ്യമായ ഏഴ് ഓപ്ഷനുകളില്‍ ഒന്നാണ് തെരെഞ്ഞെടുക്കേണ്ടത്.

ഐസിഐസിഐ പ്രുഡെന്‍ഷ്യല്‍ ഈസി റിട്ടയര്‍മെന്റ്

ഒരു യൂണിറ്റ് ലിങ്ക്ഡ് പോളിസിയാണിത്. അതിനാല്‍ ഉയര്‍ന്ന വരുമാനത്തിനായി റിസ്‌ക് എടുക്കാന്‍ തയ്യാറായിട്ടുള്ളവര്‍ക്ക് ഈ പദ്ധതി തെരഞ്ഞെടുക്കാം.

സവിശേഷതകള്‍: കുറഞ്ഞ പ്രീമിയം തുക പ്രതിവര്‍ഷം 48,000 രൂപ. ഉയര്‍ന്ന പരിധിയില്ല. പ്രതിമാസം, അര്‍ദ്ധ വാര്‍ഷികം, വാര്‍ഷികം എന്നീ തവണകളായി പ്രീമിയം അടക്കാം. 35 മുതല്‍ 70 വയസ് വരെ പദ്ധതിയില്‍ ചേരാം. 5,10 വര്‍ഷം മുതല്‍ പോളിസി കാലവധി വരെയും പ്രീമിയം അടക്കാനാകും. 10 മുതല്‍ 30 വര്‍ഷം വരെയാണ് പോളിസിയുടെ കാലാവധി. 45 മുതല്‍ 80 വയസിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും പെന്‍ഷന്‍ വാങ്ങാം.

നേട്ടം: നിശ്ഛിത പ്രീമിയം അടവിന് പുറമേ ആവശ്യമെങ്കില്‍ ഠീു ആയും പോളിസിയില്‍ പണം നിക്ഷേപിക്കാം. പെന്‍ഷന്‍ കാലാവധിയെത്തുമ്പോള്‍ ആവശ്യമെങ്കില്‍ മൂന്നിലൊന്ന് തുക പിന്‍വലിക്കാം. പെന്‍ഷന്‍ ഏത് തരത്തില്‍ വേണമെന്നത് ഉപഭോക്താവിന് തെരെഞ്ഞെടുക്കാം. 55 വയസിനുള്ളില്‍ എത്ര തവണ വേണമെങ്കിലും പെന്‍ഷന്‍ ലഭിക്കേണ്ട കാലാവധി മാറ്റി നിശ്ഛയിക്കാം. കമ്പനി ലഭ്യമാക്കിയിട്ടുള്ള ബാലന്‍സ്ഡ് ഫണ്ട്, സെക്യുര്‍ ഫണ്ട് എന്നീ 2 ഓപ്ഷനുകളില്‍ ഇഷ്ടമുള്ളവയിലേക്ക് യൂണിറ്റുകളെ മാറ്റുന്നതിനും അവസരമുണ്ട്. ഇതുകൂടാതെ പ്രീമിയം അടവ് കാലാവധി കൂട്ടുന്നതിനും കുറക്കുന്നതിനും സാധിക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it