'കുതിക്കാനൊരുങ്ങുന്ന ആന': ഇന്ത്യൻ സമ്പദ് വ്യവസ്ഥയെക്കുറിച്ച് അന്താരാഷ്ട്ര നാണയനിധി
സാമ്പത്തിക വളര്‍ച്ച വീണ്ടും കുതിപ്പിന്റെ പാതയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. നിക്ഷേപം, ഉല്‍പാദനം, ബാങ്ക് വായ്പാ, പണം ചെലവഴിക്കല്‍ എന്നിങ്ങനെ പല സൂചികകളും വ്യക്തമായ ഉയര്‍ച്ച നേടിയിട്ടുണ്ട്.
അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് സമ്പദ് വ്യവസ്ഥ ഒരു കുതിപ്പിന് ഒരുങ്ങിയിരിക്കുകയാണ്. ജിഎസ്ടി നടപ്പാക്കല്‍, വിദേശ നിക്ഷേപത്തിന് അനുകൂലമായ നടപടികള്‍ തുടങ്ങിയവയാണ് ഇതിന്റെ പ്രധാന കാരണങ്ങള്‍.
പ്രധാന കണ്ടെത്തലുകള്‍
- കുതിക്കാന്‍ തുടങ്ങുന്ന ആന (An elephant starting to run) യാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെന്നാണ് ഐഎംഎഫ്ഇന്ത്യ ടീം മേധാവിയായ റനില്‍ സല്‍ഗാഡോ അഭിപ്രായപ്പെട്ടത്.
- അടുത്ത 30 വര്‍ഷത്തേയ്ക്ക് ലോക സമ്പദ് വ്യവസ്ഥയെ നയിക്കാന്‍ ഇന്ത്യക്കാവും
- 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച 7.3 ശതമാനത്തിലെത്തുമെന്നാണ് ഐഎംഎഫ് പ്രതീക്ഷിക്കുന്നത്. തൊട്ടു മുന്‍പത്തെ വര്‍ഷം 6.7 ശതമാനമായിരുന്നു വളര്‍ച്ച.
- ഇന്ത്യന്‍ ബാങ്കിംഗ് മേഖലയുടെ ആരോഗ്യസ്ഥിതിയില്‍ ഉണ്ടായ ആശങ്കകള്‍ തല്‍ക്കാലികമാണെന്ന് വിശ്വസിക്കാം. ഈയിടെ നടപ്പാക്കിയ പാപ്പരത്ത നിയമം (IBC) നല്ല ശ്രമമാണ്. കോര്‍പ്പറേറ്റ് മേഖലയില്‍ വായ്പ തിരിച്ചടക്കുന്നതിന് ഒരു അച്ചടക്കം കൊണ്ടുവരാന്‍ IBC ക്ക് കഴിയും.
- ജനസംഖ്യയില്‍ ഏതാണ്ട് മൂന്നില്‍ രണ്ട് ഭാഗവും ജോലി ചെയ്യുന്ന വിഭാഗമാണ്. അതായത് 15നും 64നും മധ്യേ പ്രായമുള്ളവര്‍. ഈ വിഭാഗക്കാരുടെ എണ്ണം കുറയാന്‍ ഇനി 30 വര്‍ഷമെങ്കിലും എടുക്കും. ഈ സമയം കൊണ്ട് തൊഴില്‍ മേഖലയില്‍ വേണ്ടത്ര പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കേണ്ടതുണ്ട്. ഇപ്പോഴത്തെ നിയമങ്ങളിലെ കര്‍ശന വ്യവസ്ഥകളില്‍ ഇളവ് വരുത്തുകയും സ്ത്രീകളുടെ തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്തുകയും ചെയ്താല്‍ തൊഴില്‍ രംഗം കുതിക്കും.
- വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ രാജ്യം ഒരുപാട് മുന്നോട്ട് പോയിട്ടുണ്ട്. 'ഓട്ടോമാറ്റിക് റൂട്ട്' എന്നറിയപ്പെടുന്ന വഴിയിലൂടെ വിദേശ നിക്ഷേപം ക്ഷണിക്കാന്‍ സര്‍ക്കാര്‍ വഴിയൊരുക്കിയിട്ടുണ്ട്. സാധാരണ നിക്ഷേപം കൊണ്ടുവരുമ്പോഴുണ്ടാകുന്ന തടസ്സങ്ങള്‍ ഇല്ലാതാക്കാനുള്ള വഴിയാണിത്.
- എന്നിരുന്നാലും, വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് നിലനിര്‍ത്താനും, ട്രേഡ് ബാരിയറുകള്‍ ഒഴിവാക്കാനും ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതായിട്ടുണ്ട്. അവയില്‍ ചിലത് താഴെ:
- ട്രേഡ് ഡോക്യൂമെന്റേഷന്റെ നടപടിക്രമങ്ങള്‍ ലഘൂകരിക്കുക
- തീരുവകള്‍ കുറക്കുക
- ബിസിനസ് അന്തരീക്ഷം മെച്ചപ്പെടാനുള്ള നയങ്ങള്‍ നടപ്പാക്കുക
- ഭരണസംവിധാനം കൂടുതല്‍ മെച്ചപ്പെടുത്തുക
8. നോട്ട് നിരോധനത്തിന് ശേഷം ഉണ്ടായ കറന്‍സി ക്ഷാമവും ജിഎസ്ടിയിലേക്ക് മാറുന്നതിന്റെ ചെലവുകളും മറ്റും സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് സമ്പദ് വ്യവസ്ഥ പതിയെ കരകയറുകയാണ്. ഈയവസരത്തില്‍ ജിഎസ്ടി മൂലം രാജ്യത്തിനെ സാമ്പത്തിക നിലയ്ക്ക് ചില പോസിറ്റീവ് സ്വാധീനം ഉണ്ടാകുന്നുണ്ട്.
- ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ വിപണിയുടെ ഏകീകരണത്തിന് സഹായിച്ചു
- ഔദ്യോഗിക മേഖലയില്‍ നടക്കുന്ന സാമ്പത്തിക ഇടപാടുകള്‍ വര്‍ധിക്കും. ഇത് സുസ്ഥിരമായ തൊഴില്‍ വികസനത്തിലേക്ക് നയിക്കും
- ഉല്‍പാദനക്ഷമതയും വളര്‍ച്ചാ സാധ്യതയും ജിഎസ്ടി മൂലം വര്‍ധിക്കും.
9. വരുമാനം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ആളോഹരി വരുമാനം ഇപ്പോഴും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ താഴെയാണ്.
10. എന്നാൽ ആഗോളതലത്തിലെ രാഷ്ട്രീയ, സാമ്പത്തിക മാറ്റങ്ങൾ, എണ്ണവില എന്നിവ രാജ്യത്തിൻറെ സുസ്ഥിര വളർച്ചയ്ക്ക് ഭീഷണിയാണ്.