ഐ.എം.എഫിൽ ചരിത്രം കുറിച്ച് ഗീത ഗോപിനാഥ്: അറിയാം 10 കാര്യങ്ങൾ

അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്) യുടെ ആദ്യ വനിതാ മുഖ്യ സാമ്പത്തിക വിദഗ്ദ്ധയായി ഗീതാ ഗോപിനാഥ് ചുമതലയേറ്റു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തി ഉപദേഷ്ടാവായി പ്രവർത്തിച്ചിട്ടുള്ള ഈ കണ്ണൂര്‍ സ്വദേശി ഹാര്‍വാഡ് സര്‍വകലാശാലയിലെ പ്രൊഫസറാണ്.

കഴിഞ്ഞ ഒക്ടോബറിലാണ് ഐ.എം.എഫിന്റെ പതിനൊന്നാമത്തെ ചീഫ് എക്കണോമിസ്റ്റായി ഗീതയെ തെരഞ്ഞെടുത്തത്. ലോകത്തിലെതന്നെ മികച്ച സാമ്പത്തിക വിദഗ്ധരിൽ ഒരാളാണ് ഗീത. അവരുടെ നേതൃപാടവവും അന്താരാഷ്ട്ര തലത്തിലുള്ള പ്രവൃത്തി പരിചയവും ഐഎംഎഫിന്റെ ഗവേഷക വിഭാഗത്തിന് ഒരു മുതൽകൂട്ടാകുമെന്ന് ഗീതയെ അഭിനന്ദിച്ചുകൊണ്ട് ഐഎംഎഫ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റീന്‍ ലഗാര്‍ദെ പറഞ്ഞു.

മൗറീസ് ഒബ്ഫീൽഡ് ആണ് ഗീതയുടെ മുൻഗാമി. കേരളത്തിന്റെ അഭിമാനമായ സാമ്പത്തിക ശാസ്ത്ര വിദഗ്ധയെക്കുറിച്ച് കൂടുതലറിയാം.

  1. 1971-ൽ മൈസൂരിൽ ജനിച്ചു. കണ്ണൂർ സ്വദേശിയും കാർഷിക സംരംഭകനുമായ ടി.വി.ഗോപിനാഥിന്റെയും അധ്യാപിക വിജയലക്ഷ്മിയുടെയും മകളാണ്.
  2. മുൻ ആർബിഐ ഗവർണർ രഘുറാം രാജന് ശേഷം ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് സ്ഥാനത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ വംശജയാണ്.
  3. പ്രിൻസ്റ്റൻ സർവകലാശാലയിൽ നിന്നു സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.
  4. ഡല്‍ഹി സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദവും ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. വാഷിങ്ടൻ സർവകലാശാലയിലായിരുന്നു ഉപരിപഠനം.
  5. ഗീതയെ യുവ ലോകനേതാക്കളിൽ ഒരാളായി വേൾഡ് ഇക്കണോമിക് ഫോറം തിരഞ്ഞെടുത്തിരുന്നു.
  6. നോബൽ ജേതാവായ അമർത്യ സെന്നിന് ശേഷം ഹവാർഡ് ഇക്കണോമിക്സ് ഡിപ്പാർട്ട്മെന്റിന്റെ സ്ഥിരാംഗമായ ഇന്ത്യക്കാരി
  7. എംഐടിയിൽ ഇക്കണോമിക്സ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ ആയ ഇക്‌ബാൽ ധാലിവൽ ആണ് ഭർത്താവ്.
  8. വിദേശനാണയ വിനിമയം, ധനനയം, എമർജിങ് വിപണിയിലെ പ്രതിസന്ധോയി, വ്യാപാരവും നിക്ഷേപവും തുടങ്ങി നിരവധി വിഷയങ്ങളിൽ നാൽപതോളം റിസർച്ച് പേപ്പറുകൾ അവതരിപ്പിച്ചിട്ടുണ്ട്.
  9. നാഷണൽ ബ്യുറോ ഓഫ് ഇക്കണോമിക് റിസർച്ചിൽ കോ-ഡയറക്ടർ. ബോസ്റ്റൺ ഫെഡറൽ റിസർവ് ബാങ്കിൽ വിസിറ്റിംഗ് സ്കോളർ, ന്യൂയോർക്ക് ഫെഡറൽ റിസർവ് ബാങ്കിൽ സാമ്പത്തിക ഉപദേശക സമിതി അംഗം.
  10. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ ജി20 വിദഗ്ദ്ധ ഉപദേശക സമിതിയിൽ അംഗമായിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it