ഒന്‍പതു മാസത്തിനിടെ ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് ഒഴുകിയത് 1 ലക്ഷം കോടിയിലേറെ
വിദേശ പഠനം, ടൂറിസം തുടങ്ങി വിവിധ മേഖലകളിലൂടെ കഴിഞ്ഞ ഒന്‍പത് മാസത്തിനിടെ ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് അയച്ചത് 13.8 ശതകോടി ഡോളര്‍ (ഏകദേശം 1 ലക്ഷം കോടി രൂപ). റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലിബറലൈസ്ഡ് റമിറ്റന്‍സ് സ്‌കീം (എല്‍ആര്‍എസ്) പ്രകാരം നടത്തിയ ഇടപാടുകളുടെ കണക്കാണിത്. ഈ പദ്ധതി പ്രകാരം നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ ഒന്‍പതു മാസത്തില്‍ പുറത്തേക്കയച്ച തുക 2020-21 സാമ്പത്തിക വര്‍ഷം മൊത്തം അയച്ച 12.7 ശതകോടി ഡോളറിനേക്കാള്‍ അധികമായി.
കഴിഞ്ഞ മൂന്നു മാസത്തിനിടെ അയച്ചത് 4.9 ശതകോടി ഡോളറാണ്. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുകയും പഠനവും ടൂറിസവുമായി ബന്ധപ്പെട്ട് വിദേശ യാത്ര കൂടിയതുമാണ് ഇതിന് പ്രധാന കാരണം. വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട് പല രാജ്യങ്ങളും വിസ നിയന്ത്രണങ്ങള്‍ നീക്കിയിരുന്നു.
മാത്രമല്ല, എക്‌സ്‌പോ 20-20 യുമായി ബന്ധപ്പെട്ട് യുഎഇയിലേക്കുള്ള യാത്രയിലും വലിയ വര്‍ധനവ് ഉണ്ടായിരുന്നു. വിദേശ സര്‍വകലാശാലകള്‍ ക്ലാസ് പുനരാരംഭിക്കുന്നതു സംബന്ധിച്ച അറിയിപ്പ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയതോടെ വന്‍തോതില്‍ വിദ്യാര്‍ത്ഥികള്‍ അതാത് രാജ്യങ്ങളിലേക്ക മടങ്ങിയിട്ടുമുണ്ട്.
വിദേശ യാത്രയുമായി ബന്ധപ്പെട്ട 884 ദശലക്ഷം ഡോളറാണ് ഇന്ത്യക്കാര്‍ ഡിസംബറില്‍ ചെലവിട്ടത്. നവംബറില്‍ ഇത് 456 ദശലക്ഷം ഡോളറായിരുന്നു. എന്നാല്‍ വിദേശ പഠനവുമായി ബന്ധപ്പെട്ട് 254 ദശലക്ഷം ഡോളറാണ് ഇന്ത്യക്കാര്‍ ഡിസംബറില്‍ പുറത്തേക്ക് അയച്ചിരിക്കുന്നത്. ഒക്ടോബറിലെ 580 ദശലക്ഷം ഡോളര്‍, നവംബറിലെ 482 ദശലക്ഷം ഡോളര്‍ എന്നിവയേക്കാള്‍ കുറവാണിത്.
ആകെ ഇന്ത്യയില്‍ നിന്ന് അയച്ചിരിക്കുന്ന തുകയില്‍ ഡിസംബറില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. നവംബറിലും ഒക്ടോബറിലും 1.5 ശതകോടി ഡോളര്‍ അയച്ചപ്പോള്‍ ഡിസംബറില്‍ 1.78 ശതകോടി ഡോളര്‍ അയച്ചു.
എല്‍ആര്‍എസ് പദ്ധതി പ്രകാരം പ്രായപൂര്‍ത്തിയാകാത്തവരടക്കമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഓരോ വര്‍ഷവും 250000 ഡോളര്‍ വരെ പ്രത്യേക ചാര്‍ജ് ഇല്ലാതെ തന്നെ വിദേശത്തേക്ക് അയക്കാനാവും. 2019-20 വര്‍ഷമാണ് ഏറ്റവും കൂടുതല്‍ പണം വിദേശത്തേക്ക് അയച്ചിരിക്കുന്നത്. 18 ശതകോടി ഡോളര്‍.