നോട്ട് നിരോധനത്തിന്റെ അഞ്ചാണ്ട്, കറന്‍സി ഉപഭോഗത്തില്‍ വര്‍ധന

രാജ്യത്ത് നോട്ട് നിരോധനം നടപ്പാക്കിയതിന്റെ അഞ്ചാം വാര്‍ഷികമാണിന്ന്. 2016 നവംബര്‍ 8ന് ആണ് പ്രധാനമന്ത്രി നരേന്ദ്രമോദി 500, 1000 നോട്ടുകള്‍ നിരോധിച്ചുകൊണ്ട് പ്രഖ്യാപനം നടത്തിയത്. കള്ളപ്പണം തടയല്‍, ഭീകരവാദം തടയല്‍, ക്യാഷ്‌ലെസ് സമ്പദ് വ്യവസ്ഥ തുടങ്ങിയവയാണ് നോട്ട് നിരോധനത്തിന്റെ കാരണമായി കേന്ദ്രം ഉയര്‍ത്തിക്കാട്ടിയത്.

നോട്ട് നിരോധനത്തിന് ശേഷം 2017ന്റെ തുടക്കത്തില്‍ ജനങ്ങളുടെ കൈവശമുള്ള കറന്‍സിയുടെ മൂല്യം 7.8 ലക്ഷം കോടിയായി കുറഞ്ഞിരുന്നു. 2016 നവംബറില്‍ ഇത് 17.97 ലക്ഷം കോടിയായിരുന്നു. എന്നാല്‍ ഒക്ടോബര്‍ എട്ടുവരെയുള്ള റിസര്‍വ് ബാങ്കിന്റെ കണക്ക് പ്രകാരം ജനങ്ങളുടെ കൈവശമുള്ള കറന്‍സിയുടെ എണ്ണത്തില്‍ 57.48 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. 28.30 ലക്ഷം കോടി രൂപയാണ് ജനങ്ങളുടെ കൈവശം ഉള്ളത്.

ഇക്കാലയളവില്‍ ഡിജിറ്റല്‍ പണമിടപാട് വര്‍ധിച്ചെങ്കിലും കൊവിഡിനെ തുടര്‍ന്ന് ആഗോളതലത്തില്‍ തന്നെ ജനങ്ങള്‍ കൂടുതലായി പണം കൈവശം വെക്കാന്‍ തുടങ്ങി. ഇത് ഇന്ത്യയിലും പ്രകടമായെന്നാണ് വിലയിരുത്തല്‍. 2020-21 സാമ്പത്തിക വര്‍ഷം ജിഡിപിയും സര്‍ക്കുലേഷനിലുള്ള കറന്‍സികളും തമ്മിലുള്ള അനുപാതവും 14.5 ശതമാനം വര്‍ധിച്ചു. കറന്‍സിയുടെ ഡിമാന്റ് ഉയര്‍ന്നതും ജിഡിപി ഇടിഞ്ഞതുമാണ് അനുപാതം ഉയരാന്‍ കാരണം.
ഡിജിറ്റല്‍ ഇടപാടുകള്‍
2016ന് ശേഷം രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടില്‍ വന്‍ കുതിച്ചു ചാട്ടമാണ് ഉണ്ടായത്. യുപിഐ, ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡ്, ഫാസ്ടാഗ് തുടങ്ങി എല്ലാ ഡിജിറ്റല്‍ ഇടപാടുകളും വലിയ പ്രചാരം നേടി. സ്മാര്‍ട്ട്‌ഫോണുകളുടെ വ്യാപാനം ഡിജിറ്റല്‍ ഇടപാടുകളുടെ ആക്കം കൂട്ടി എന്നതും വസ്തുതയാണ്.
യുപിഐ ഇടപാടുകളുടെ കണക്കെടുത്താല്‍ നോട്ട് നിരോധനം നടന്ന 2016 നവംബറില്‍ 0.29 മില്യണ്‍ ഇടപാടുകളിലൂടെ 100.46 കോടി രൂപയാണ് കൈമാറ്റം ചെയ്യപ്പെട്ടത്. 2020 നവംബറില്‍ അത് 2210.23 മില്യണ്‍ ഇടപാടുകളായും 390999.15 രൂപയായും ഉയര്‍ന്നു. 2021 ഒക്ടോബറില്‍ 4218.65 മില്യണ്‍ യുപിഐ ഇടപാടുകളിലൂടെ രാജ്യത്ത് 771444.98 കോടി രൂപയുടെ കൈമാറ്റമാണ് നടന്നത്. 2016ല്‍ യുപിഐ സേവനങ്ങള്‍ നല്‍കുന്ന ബാങ്കുകളുടെ എണ്ണം 35 ആയിരുന്നത് ഇപ്പോള്‍ 261 ആയി ഉയരുകയും ചെയ്തു.


Related Articles
Next Story
Videos
Share it