ഇന്ധന വിലയില്‍ 70 ശതമാനവും നികുതി തന്നെ!
രാജ്യത്ത് പെട്രോളിന് ലിറ്ററിന് 10 രൂപയും ഡീസലിന് 13 രൂപയും എക്സൈസ് ഡ്യൂട്ടി വര്‍ധിപ്പിച്ചതോടെ വിലയുടെ 70 ശതമാനത്തോളം നികുതി മാത്രമായി. ക്രൂഡ് ഓയില്‍ വില രാജ്യാന്തര തലത്തില്‍ താഴ്ന്നു കൊണ്ടിരിക്കുന്നതിനിടയിലുള്ള ഈ നടപടി, സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ സര്‍ക്കാരുകള്‍ക്ക് ആശ്വാസമാകുമെങ്കിലും വിലക്കുറവിന്റെ ആനുകൂല്യം പ്രതീക്ഷിച്ച ജനങ്ങള്‍ക്കു നിരാശ ബാക്കിയായി.
അധികവരുമാനമായി ഇതിലൂടെ ലഭിക്കുന്ന ഏകദേശം 1.6 ലക്ഷം കോടി രൂപയുടെ ചെറിയ വിഹിതമാണ് സംസ്ഥാനങ്ങള്‍ക്കുള്ളത്. ലോക്ഡൗണിനെ തുടര്‍ന്ന് ഉണ്ടായ വരുമാന നഷ്ടം നികത്തുന്നതിനായി പല സംസ്ഥാനങ്ങളും പെട്രോളിനും ഡീസലിനുമുള്ള വാറ്റ് വര്‍ധിപ്പിച്ചിരുന്നു. ഈയിടെ ഡല്‍ഹി സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും 30 ശതമാനമാണ് വാറ്റ് വര്‍ധിപ്പിച്ചത്.
ഡല്‍ഹിിയില്‍ 71.26 രൂപ വിലയുള്ള ഒരു ലിറ്റര്‍ പെട്രോളില്‍ അടിസ്ഥാന വില (17.96), ചരക്കു കൂലി (0.32), എക്സൈസ് നികുതികള്‍ (32.98), ഡീലര്‍ കമ്മീഷന്‍ (3.56), വാറ്റ് (16.44) എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ഇതില്‍ 70 ശതമാനവും നികുതിയിനത്തിലാണ് ഈടാക്കുന്നത്. 69.39 രൂപ വിലയിലുള്ള ഡീസലില്‍ അടിസ്ഥാന വിലയായ 18.49 രൂപയും കടത്തു കൂലിയായ 0.29 രൂപയും 2.52 രൂപ ഡീലര്‍ കമ്മീഷനും മാറ്റി നിര്‍ത്തിയാല്‍ ബാക്കി എക്സൈസ് നികുതികളും (31.83), വാറ്റു (16.26)മാണ്.
അന്താരാഷ്ട്ര വിപണിയിലെ വിലയിടിവു മൂലം ഇന്ത്യയിലെ എണ്ണക്കമ്പനികള്‍ക്ക് ഇറക്കുമതി ചെലവില്‍ ആയിരക്കണക്കിനു കോടി രൂപയുടെ കുറവുണ്ടാകും. പൊതുമേഖലയിലെ എണ്ണവിപണന കമ്പനികള്‍ക്കു പുറമേ റിലയന്‍സ്, എസ്സാര്‍, ഷെല്‍ ഇന്ത്യ എന്നീ സ്വകാര്യ കമ്പനികള്‍ക്കും എണ്ണവിലയിലെ ഇടിവ് മൂലം ഇറക്കുമതിച്ചെലവു കുറയും. ബ്രെന്റ് ക്രൂഡ് വില ഇന്ന് ബാരലിന് 1.25 ഡോളര്‍ അഥവാ 4 ശതമാനം കുറഞ്ഞ് 29.72 ഡോളറിലെത്തി. ഏപ്രില്‍ 22 ന് 21 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയ ബ്രെന്റ് ക്രൂഡ് വില പിന്നീട് മെച്ചപ്പെട്ട് ഏകദേശം ഇരട്ടിയായി. കൊറോണ വൈറസ് പ്രതിസന്ധിക്ക് മുമ്പുള്ള ലോക ഡിമാന്‍ഡിന്റെ 10 ശതമാനം ഉപഭോഗത്തിലും വിലയിലും ഇടിവുണ്ടായിട്ടുണ്ട്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline