കര്‍ഷകരെയും മധ്യവര്‍ഗ്ഗത്തെയും കൈയ്യിലെടുത്ത് കേന്ദ്ര ബജറ്റ്

കര്‍ഷകരെയും മധ്യവര്‍ഗ്ഗത്തെയും പ്രീണിപ്പിക്കുന്നതിനുള്ള ഒട്ടേറെ തന്ത്രങ്ങള്‍ നിറച്ചൊരു ബജറ്റാണ് ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കപ്പെട്ടത്

വരുന്ന ലോക്‌സഭാ ഇലക്ഷന് തൊട്ടുമുന്‍പുള്ള മോദി സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് പ്രധാനമായും ലക്ഷ്യം വച്ചത് വോട്ടര്‍മാരില്‍ ബഹുഭൂരിപക്ഷം വരുന്ന കര്‍ഷകരെയും മധ്യവര്‍ഗ്ഗത്തെയുമാണ്. അതുകൊണ്ടു തന്നെ അവര്‍ക്കായുള്ള പദ്ധതികള്‍ക്കും ഇളവുകള്‍ക്കും വാഗ്ദാനങ്ങള്‍ക്കും യാതൊരു കുറവും ബജറ്റില്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ പൊതുതെരെഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുകൊണ്ടുള്ള ഒരു ബജറ്റാണിതെന്ന് നിസ്സശയം പറയാം.

ഭരണത്തിന്റെ ആദ്യഘട്ടത്തില്‍ തൊഴിലുറപ്പ് പദ്ധതികളെ തഴഞ്ഞിരുന്ന സര്‍ക്കാര്‍ ഇപ്പോള്‍ അവക്ക് അമിതമായ പ്രധാന്യം കൊടുക്കുക മാത്രമല്ല 2019-20 സാമ്പത്തിക വര്‍ഷത്തിലേക്കായി 60,000 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഡല്‍ഹി ഉള്‍പ്പെടെയുള്ള രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകരുടെ സമരങ്ങളും പ്രതിഷേധങ്ങളും വളരെയേറെ വ്യാപകമായിരുന്നു. മോദി സര്‍ക്കാരിനെതിരെ ഉയരുന്ന ഈ പ്രതിഷേധത്തെ ഒന്ന് തണുപ്പിക്കുന്നതിനുള്ള തീവ്രപരിശ്രമമാണ് ഈ ബജറ്റിലൂടെ പുറത്തേക്ക് വന്നിരിക്കുന്നത്. കര്‍ഷകര്‍ക്ക് സ്ഥിരവരുമാനമായി പ്രതിവര്‍ഷം 6000 രൂപ നല്‍കുമെന്ന പ്രഖ്യാപനം ഇതിന്റെ ഭാഗമായാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുന്ന വേളയില്‍ എല്ലാവര്‍ക്കും വരുമാനം ഉറപ്പാക്കാനായി യൂണിവേഴ്‌സല്‍ ഇന്‍കം സ്‌ക്കീം എന്നൊരു പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ 5 വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴും അത് നടപ്പാക്കാന്‍ സര്‍ക്കാരിന് സാധിച്ചിരുന്നില്ല. എന്നാല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ മിനിമം ഇന്‍കം സ്‌ക്കീം നടപ്പാക്കുമെന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. അതും മോദി സര്‍ക്കാരിനെ കടുത്ത സമ്മര്‍ദ്ദത്തിലാഴ്ത്തിയെന്ന് വേണം കരുതാന്‍.

ആദായനികുതിയിലൂടെ മധ്യവര്‍ഗ്ഗത്തിലേക്ക്

കര്‍ഷകര്‍ക്ക് സ്ഥിരവരുമാനത്തിന് പുറമേ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ പ്രതിമാസം 3000 രൂപ വീതം നല്‍കുന്ന ലോകത്തെ ഏറ്റവും വലിയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയും ബജറ്റിലൂടെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരു സര്‍ക്കാരിന് നടപ്പാക്കാനാകുന്ന വിപ്ലവകരമായ ആശയങ്ങളും പരീക്ഷണങ്ങളുമാണ് ഇവയൊക്കെ എന്നതില്‍ ആര്‍ക്കും വിയോജിപ്പുണ്ടാകാനിടയില്ല.

ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ നല്‍കുന്ന പിന്തുണയെ ആരും എതിര്‍ക്കാനുമിടയില്ല. അതേസമയം ഇലക്ഷന്റെ ആവേശത്താലുള്ള ഒരു പ്രഖ്യാപനമെന്നതിന് അപ്പുറം ഇവയൊക്കെ വിജയകരമായി നടപ്പാക്കാനാകുന്ന പദ്ധതികളാണെന്ന് തന്നെ പ്രതീക്ഷിക്കാം. കര്‍ഷകരെ വിട്ടാല്‍ മോദി സര്‍ക്കാരിന്റെ അടുത്ത ഏറ്റവും വലിയ ടാര്‍ജറ്റ് മധ്യവര്‍ഗ്ഗമായിരുന്നു. ശമ്പള വരുമാനക്കാരും നയാപൈസ കുറയാതെ നികുതി അടക്കാന്‍ ബാദ്ധ്യസ്ഥരുമായ അവരെ എങ്ങനെ കൈയ്യിലെടുക്കാമെന്നതിന് ഒരൊറ്റ ഉത്തരമേയുള്ളൂ- ആദായനികുതി ഇളവുകള്‍.

അതിനാല്‍ ആദായനികുതി രംഗത്തും വമ്പന്‍ പരിഷ്‌ക്കാരങ്ങളാണ് ബജറ്റിലൂടെ മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആദായനികുതി പരിധി 2.5 ലക്ഷത്തില്‍ നിന്നും ഒറ്റയടിക്ക് 5 ലക്ഷമായി ഉയര്‍ത്തിയെന്നതാണ് ശ്രദ്ധേയം. എന്നാല്‍ ഇത് അടുത്ത സാമ്പത്തിക വര്‍ഷത്തിലേ പ്രാബല്യത്തില്‍ വരികയുള്ളൂ.

ഇതുള്‍പ്പെടെ ആദായനികുതിയുമായി ബന്ധപ്പെട്ട അനേകം ഇളവുകളാണ് മധ്യവര്‍ഗ്ഗത്തെ ലക്ഷ്യമിട്ടുകൊണ്ട് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആദായനികുതി പരിധി ഉയര്‍ത്തിയ പ്രഖ്യാപനത്തെ ലോക്‌സഭയിലെ പ്രതിപക്ഷം ഉള്‍പ്പെടെ എല്ലാ അംഗങ്ങളും മിനിറ്റുകളോളം നീണ്ടുനിന്ന ഹര്‍ഷാരവത്തോടെയാണ് വരവേറ്റത്.

സഭയില്‍ ഏറ്റവും അധികം കൈയ്യടി നേടിയ പ്രഖ്യാപനവും ഇതുതന്നെയായിരുന്നു. ഭരണം അവസാനിക്കാന്‍ ഇനി വെറും 3 മാസങ്ങള്‍ മാത്രമുള്ളപ്പോള്‍ ഭൂരിപക്ഷം ജനങ്ങളെയും കൈയ്യിലെടുക്കാനുള്ള മോദി സര്‍ക്കാരിന്റെ തന്ത്രങ്ങള്‍ എത്രമാത്രം വിജയിക്കുമെന്നത് വരുന്ന പൊതുതെരെഞ്ഞടുപ്പില്‍ വ്യക്തമാകും.

Related Articles

Next Story

Videos

Share it