പ്രളയശേഷം വരൾച്ച, ശുദ്ധജലവിതരണം പ്രതിസന്ധിയിലേയ്‌ക്കോ?    

പ്രളയ ദുരിതത്തിൽ നിന്ന് കരകയറുന്നതിന് മുൻപേ കേരളത്തിന് തിരിച്ചടിയായി വരൾച്ച. ദിവസങ്ങൾക്ക് മുൻപ് കരകവിഞ്ഞൊഴുകിയ നദികളിലെല്ലാം അസാധാരണമാം വിധം ജലനിരപ്പ് താഴുന്നു കൊണ്ടിരിക്കുകയാണ്.

വൈകാതെ ജല അതോറിറ്റിയുടെ ശുദ്ധജലവിതരണം പ്രതിസന്ധിയിലാകും. തോടുകളിലും കിണറുകളിലും കനാലുകളിലും പോലും ജലനിരപ്പ് കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ഭൂഗർഭ ജലനിരപ്പും താഴ്ന്ന നിലയിലാണ്. കേരളം ഇനി നേരിടാൻ പോകുന്നത് രൂക്ഷമായ കുടിവെള്ള പ്രശ്നമാണ് എന്നതാണ് ഇത് സൂചിപ്പിക്കുന്നത്.

മാത്രമല്ല, വെള്ളപ്പൊക്ക സമയത്ത് പല കുടിവെള്ള സ്രോതസ്സുകളും മലിനമാക്കപ്പെട്ടിരുന്നു.

പ്രളയത്തിൽ കടുത്ത നഷ്ടം നേരിട്ട കാർഷിക മേഖലയെ വരൾച്ച വീണ്ടും പ്രതിസന്ധിയിലേക്ക് തള്ളിവിടും. വ്യാവസായിക ആവശ്യങ്ങൾക്കും മറ്റ് ഉൽപാദന പ്രക്രിയകൾക്കും വൻ തോതിൽ ജലം ഉപയോഗിക്കുന്ന ബിസിനസ് യൂണിറ്റുകളും കുടിവെള്ള ബോട്ടിലിംഗ് യൂണിറ്റുകളും പ്രതിസന്ധിയിലാകും.

പെരിയാർ, പമ്പ, ഭാരതപ്പുഴ, കബനി എന്നീ നദികളിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്ന് കൊണ്ടിരിക്കുകയാണ്. മൂവാറ്റുപുഴയാറ്, ചാലക്കുടി, മീനച്ചലാര്‍, മണിമലയാര്‍, പമ്പ, അച്ചന്‍കോവില്‍, ചാലിയാർ, ഇരവഞ്ഞിപ്പുഴ, ഇരിട്ടിപുഴ ഇവയെല്ലാം വേനൽക്കാലത്തെ ജലനിരപ്പിൽ എത്തി.

കേരളത്തിൽ പ്രളയത്തിന് ശേഷം ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രതിഭാസങ്ങൾ പഠിക്കാൻ സെന്റർ ഫോർ വാട്ടർ റിസോഴ്‌സസ് ഡെവലപ്പ്മെന്റ് ആൻഡ് മാനേജ്മെന്റിനെ (CWRDM) സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഭൂഗര്‍ഭ ജലവിതാനത്തിലുണ്ടായ വ്യതിയാനം, ഭൂമി വിണ്ടുകീറല്‍ തുടങ്ങിയവയാണു പ്രധാനമായി പരിശോധിക്കുന്നത്.

അതേസമയം, പ്രളയക്കെടുതി വിലയിരുത്താനെത്തിയ ലോകബാങ്ക് – എഡിബി സംഘം സെപ്റ്റംബർ 22ന് സന്ദര്‍ശനം പൂര്‍ത്തിയാക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it