അര്‍ജന്റീന കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; കറന്‍സിയുടെ മൂല്യം 50% വെട്ടിത്താഴ്ത്തി

അര്‍ജന്റീന! ഫുട്‌ബോള്‍ ലോകത്തെ തമ്പുരാക്കന്മാര്‍. കാല്‍പ്പന്ത് ഇതിഹാസം ലിയോണല്‍ മെസിയുടെ നാട്. ക്യൂബന്‍ വിപ്ലവനായകന്‍ ചെ ഗുവാരയുടെ ജന്മരാജ്യം. പെരുമകള്‍ ഇങ്ങനെ നിരവധിയുണ്ട് ലാറ്റിനമേരിക്കയിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായ അര്‍ജന്റീനയ്ക്ക്.

പക്ഷേ സാമ്പത്തിക രംഗത്ത് കടുത്ത പ്രതിസന്ധിയിലൂടെയാണ് അര്‍ജന്റീന കടന്നുപോകുന്നത്. അവശ്യവസ്തുക്കള്‍ക്ക് തീവില. പണപ്പെരുപ്പം 140 ശതമാനം (ഇന്ത്യയില്‍ 5.55 ശതമാനമാണെന്ന് ഓര്‍ക്കണം). ജനസംഖ്യയുടെ 40 ശതമാനവും ദാരിദ്ര്യത്തില്‍.
പക്ഷേ, വാശിയേറിയ ഒരു ഫുട്‌ബോള്‍ മത്സരത്തിലെന്നപോലെ, മികവുകളുടെ ടര്‍ഫിലേക്ക് അതിവേഗം ഓടിക്കയറാനുള്ള ഒരുക്കത്തിലാണ് അര്‍ജന്റീന. ഇതിനായി പ്രസിഡന്റ് യാവിയര്‍ മിലേയിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ കടുത്ത തീരുമാനങ്ങളുമാണ് കൈക്കൊള്ളുന്നത്.
പെസോയെ വെട്ടിത്താഴ്ത്തി
മുന്‍ സര്‍ക്കാരുകളുടെ നയങ്ങള്‍ക്ക് വിഭിന്നമായി സുധീരമായ നടപടിക്രമങ്ങളുടെ രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താനുള്ള ശ്രമമാണ് ധനമന്ത്രി ലൂയി കപ്യൂട്ടോയുടെ (Luis Caputo) നേതൃത്വത്തില്‍ നടപ്പാക്കുന്നത്.
ഇതിന്റെ ഭാഗമായി അര്‍ജന്റൈന്‍ കറന്‍സിയായ പെസോയുടെ മൂല്യം 50 ശതമാനത്തിലധികം വെട്ടിക്കുറച്ചു. ഡോളറിനെതിരെ 365 ആയിരുന്ന മൂല്യം 800ലേക്കാണ് വെട്ടിത്താഴ്ത്തിയത്. അതായത്, ഒരു ഡോളര്‍ കൊടുത്താല്‍ ഇി 800 പെസോ കൂടെപ്പോരും. ഇന്ത്യന്‍ റുപ്പിയില്‍ പറഞ്ഞാല്‍ നേരത്തേ ഒരു രൂപ കൊടുത്താല്‍ 40 പെസോ കിട്ടുമായിരുന്നത് ഇപ്പോള്‍ 80 പെസോയിലധികം കിട്ടും.
അതേസമയം, മൂല്യം വെട്ടിത്താഴ്ത്തിയതോടെ പെസോയോട് അര്‍ജന്റീനക്കാര്‍ക്ക് തീരെ താത്പര്യമില്ലാതായിട്ടുണ്ട്. ഡോളറിന് വേണ്ടി തിക്കിത്തിരക്കുകയാണ് ജനം. അര്‍ജന്റീനയുടെ കരിഞ്ചന്തകളില്‍ ഒരു ഡോളര്‍ കിട്ടാന്‍ 1,000-1,050 പെസോ വരെ കൊടുക്കേണ്ട സ്ഥിതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്തുകൊണ്ട് മൂല്യം കുറച്ചു?
മുന്‍ സര്‍ക്കാരുകളുടെ കെടുകാര്യസ്ഥതകള്‍ മൂലം രാജ്യത്തിന്റെ ഖജനാവ് കാലിയാണെന്നും ചില്ലിക്കാശ് എടുക്കാനില്ലെന്നുമാണ് യാവിയര്‍ മിലേയി പറയുന്നത്. വരുമാനത്തേക്കാള്‍ കൂടുതല്‍ ചെലവിടുന്നതാണ് പരമ്പരാഗതമായി അര്‍ജന്റൈന്‍ സര്‍ക്കാരുകളുടെ ശീലം. കഴിഞ്ഞ 123 വര്‍ഷത്തിനിടെയില്‍ 113 വര്‍ഷക്കാലവും അര്‍ജന്റീന ധനക്കമ്മിയാണ് (Fiscal Deficit) രേഖപ്പെടുത്തിയത്.
സബ്‌സിഡികള്‍ നിയന്ത്രണമില്ലാതെ വാരിക്കോരി കൊടുത്തത് രാജ്യത്തെ പ്രതിസന്ധിയിലേക്ക് തള്ളി. പണപ്പെരുപ്പം (Inflation) ക്രമാതീതമായി കൂടി. ഹൈപ്പര്‍ ഇന്‍ഫ്‌ളേഷന്‍ (Hyperinflation) എന്ന അവസ്ഥയിലേക്കാണ് രാജ്യത്തിന്റെ പോക്കെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഇപ്പോള്‍ പണപ്പെരുപ്പം കൂടുതല്‍ നിയന്ത്രണാതീതമായേക്കും എന്ന വിലയിരുത്തലുകളുടെ പശ്ചാത്തലത്തിലാണ് നേരിടാനെന്നോണം പെസോയുടെ മൂല്യം വെട്ടിക്കുറച്ചത്. മാത്രമല്ല ഗതാഗത, ഊര്‍ജ സബ്‌സിഡി പദ്ധതികള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണ പൂട്ടിട്ടു.
പ്രവിശ്യകള്‍ക്ക് നല്‍കുന്ന സാമ്പത്തിക സഹായങ്ങള്‍ വെട്ടിച്ചുരുക്കും. കേന്ദ്രസര്‍ക്കാര്‍ തത്കാലത്തേക്ക് പുതിയ പദ്ധതികളൊന്നും ഇനി നടപ്പാക്കില്ല. മന്ത്രാലയങ്ങളുടെ എണ്ണം 18ല്‍ നിന്ന് 9 ആക്കിയിട്ടുണ്ട്. മന്ത്രാലയ സെക്രട്ടറിമാരുടെ എണ്ണം 106ല്‍ നിന്ന് 54 ആയും കുറച്ചു.
അതേസമയം, പാവപ്പെട്ടവരുടെ ക്ഷേമത്തിനായുള്ള ചെലവുകള്‍ ഇരട്ടിയാക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇറക്കുമതി കപ്യൂട്ടോ കനത്ത നികുതികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കയറ്റുമതിക്കും വലിയ നികുതികളുണ്ട്. സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്ന മുറയ്‌ക്കേ നികുതികളില്‍ മാറ്റംകൊണ്ടുവരാനാകൂ എന്നാണ് കപ്യൂട്ടോയുടെ നിലപാട്.
സ്വാഗതം ചെയ്ത് ഐ.എം.എഫ്
കറന്‍സിയുടെ മൂല്യം വെട്ടിക്കുറച്ചത് ഉള്‍പ്പെടെയുള്ള അര്‍ജന്റൈന്‍ സര്‍ക്കാരിന്റെ പുതിയ സാമ്പത്തിക നയങ്ങളെ അന്താരാഷ്ട്ര നാണയനിധി (IMF) സ്വാഗതം ചെയ്തിട്ടുണ്ട്. അര്‍ജന്റീനയ്ക്ക് ഐ.എം.എഫ് 4,300 കോടി ഡോളര്‍ (3.6 ലക്ഷം കോടി രൂപ) വായ്പ നല്‍കിയിരുന്നു.

Related Articles

Next Story

Videos

Share it