മാന്ദ്യം ഗുരുതരമാകുന്നതിനിടെ സാമ്പത്തിക തട്ടിപ്പും ഏറുന്നു

രാജ്യത്ത് ബാങ്ക് തട്ടിപ്പുകളും മറ്റ് സാമ്പത്തിക കുറ്റകൃത്യങ്ങളും വര്‍ധിച്ചു കൊണ്ടിരിക്കുന്നതായി ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു

Central government may cut threshold for gratuity
-Ad-

രാജ്യത്ത് ബാങ്ക് തട്ടിപ്പുകളും മറ്റ് സാമ്പത്തിക കുറ്റകൃത്യങ്ങളും വര്‍ധിച്ചു കൊണ്ടിരിക്കുന്നതായി ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ട് പ്രകാരം ശരാശരി ഒരു ദശലക്ഷം പേര്‍ക്കിടയിലെ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ നിരക്ക് 2014 ലെ 110 ല്‍ നിന്ന് 2017 ല്‍ 111.3 ആയി ഉയര്‍ന്നു. എടിഎമ്മുമായി ബന്ധപ്പെട്ട കവര്‍ച്ചയും തട്ടിപ്പും വ്യാജ നോട്ടുകളും മുതല്‍ ബാങ്ക് രേഖകളിലെ കൃത്രിമം വരെ ഇത്തരം സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നു.

95,000 ത്തിലധികം ഇടപാടുകാരുടെ സെക്യൂരിറ്റികള്‍ ദുരുപയോഗം ചെയ്തുവെന്നാരോപിക്കപ്പെടുന്ന ഇക്കഴിഞ്ഞ മാസത്തെ കാര്‍വി സ്റ്റോക്ക് ബ്രോക്കിംഗ് തട്ടിപ്പ് രാജ്യത്തെയാകെ ഞെട്ടിച്ചു. 600 കോടി രൂപയുടെ വായ്പ സമാഹരിക്കാനായിരുന്നു ഇത്. ഗുരുതര സ്വഭാവം കൈവരിച്ചുകഴിഞ്ഞ മാന്ദ്യത്തിനിടെ വര്‍ദ്ധിച്ചുവരുന്ന ഇത്തരം സംഭവങ്ങള്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ ഭീഷണിയാണുയര്‍ത്തുന്നത്.

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയെയും ബാങ്കിംഗ് സംവിധാനങ്ങളുടെ പ്രവര്‍ത്തനത്തെയും തടസ്സപ്പെടുത്തുന്നുണ്ട്. 50 കോടി രൂപയിലേറെ രൂപ നിഷ്‌ക്രിയ ആസ്തിയായി മാറുന്ന എല്ലാ വായ്പകള്‍ക്കും പിന്നിലെ തട്ടിപ്പുസാധ്യത അന്വേഷിക്കണമെന്ന്  റിസര്‍വ് ബാങ്ക് അടുത്തിടെ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ കേസുകള്‍ കണ്ടെത്തുന്നതിന് ഒരു കേന്ദ്ര തട്ടിപ്പ് രജിസ്ട്രിയും സ്ഥാപിച്ചു.

-Ad-

പഞ്ചാബ് & മഹാരാഷ്ട്ര കോ-ഓപ്പറേറ്റീവ് ബാങ്കില്‍ (പിഎംസി) അടുത്തിടെ നടന്ന ബാങ്ക് തട്ടിപ്പിന്റെ ഫലമായി ഒമ്പത് നിക്ഷേപകരുടെ ജീവന്‍ നഷ്ടപ്പെട്ടു. ഒരു ദശകത്തോളമായി വര്‍ദ്ധിച്ചുവന്ന ഇത്തരം ബാങ്ക് തട്ടിപ്പുകളില്‍ റിസര്‍വ് ബാങ്കിന് ഗുരുതരമായ ആശങ്കയാണുള്ളത്്.
2013 ല്‍ പുറത്തുവന്ന ശാരദ ഗ്രൂപ്പ് സാമ്പത്തിക തട്ടിപ്പ് കേസ് സമീപവര്‍ഷങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ സാമ്പത്തിക കുറ്റകൃത്യങ്ങളിലൊന്നായിരുന്നു. റിസര്‍വ് ബാങ്കിന്റെ ഏറ്റവും പുതിയ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 2018-19ല്‍  ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള തുക ഉള്‍പ്പെടുന്ന തട്ടിപ്പുകളിലൂടെ ഇന്ത്യന്‍ ബാങ്കുകള്‍ക്കു നഷ്ടമായ തുക 71,543 കോടി രൂപയായിരുന്നു. 2017-18 ല്‍ 41,168 കോടിയും. 74% വരും വര്‍ദ്ധന.

2019 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ 95,760 കോടി രൂപയുടെ പൊതുമേഖലാ ബാങ്ക് തട്ടിപ്പുകള്‍ നടന്നതായി രാജ്യസഭയിലെ ഒരു ചോദ്യത്തിന് മറുപടിയായി ധനമന്ത്രി ഈയിടെ അറിയിച്ചിരുന്നു. 2018-19ല്‍ 64,509 കോടി രൂപയാണു തട്ടിപ്പില്‍പ്പെട്ടത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഈയിനത്തില്‍ ഏറ്റവും കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയത്-25,417 കോടി രൂപ. പഞ്ചാബ് നാഷണല്‍ ബാങ്ക് 10,822 കോടി രൂപയും ബാങ്ക് ഓഫ് ബറോഡ   8,273 കോടി രൂപയും.

ഡിജിറ്റല്‍ പേയ്മെന്റ് രംഗം വളരുന്നതിനു സമാന്തരമായും കൃത്രിമങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നു. തട്ടിപ്പുകാര്‍ സംവിധാനത്തിലുള്ള ബലഹീനതകള്‍ ചൂഷണം ചെയ്യുന്നു. ഈ സാഹചര്യത്തില്‍ മുന്‍കരുതലെടുക്കണമെന്നു സാമ്പത്തികരംഗത്തെയും സൈബര്‍ സുരക്ഷാ രംഗത്തെയും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

നഗരങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാമ്പത്തിക കുറ്റകൃത്യങ്ങള്‍ സാധാരണയായി ഗ്രാമപ്രദേശങ്ങളേക്കാള്‍ കൂടുതലാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിലെ നഗരങ്ങളില്‍, പ്രത്യേകിച്ച് തലസ്ഥാന നഗരമായ ഡല്‍ഹിയിലും, സാമ്പത്തിക തലസ്ഥാനമായ മുംബൈയിലുമാണ് 2017 ല്‍ ഏറ്റവും കൂടുതല്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സമീപകാലത്ത് രാജസ്ഥാനിലെ ജയ്പൂരില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതായി കണ്ടെത്തി.

മുംബൈ, ഡല്‍ഹി നഗരങ്ങളെക്കാള്‍ അധികം സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പിങ്ക് സിറ്റി എന്ന് അറിയപ്പെടുന്ന ജയ്പൂരില്‍ അരങ്ങേറിയെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിച്ചത്. മുംബൈ നഗരത്തേക്കാള്‍ ആറിലൊന്നു ജനസംഖ്യ മാത്രമാണ് ഇവിടെയുള്ളത്. ജ്വല്ലറി, ജെം സ്റ്റോണ്‍, ടെക്സ്റ്റൈല്‍സ്, മൈനിംഗ്, ധാതു വ്യവസായം, ഓട്ടോമൊബൈല്‍സ്, ഐടി തുടങ്ങിയ വ്യവസായങ്ങളാണ് ഈ നഗരത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് പ്രചോദനമായിരുന്നത്.വ്യാപാരവും വാണിജ്യവും ടയര്‍-2 വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ജയ്പൂര്‍ നഗരത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

കൊല്‍ക്കത്ത പ്രസിഡന്‍സി സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് പ്രഫസറായ ഗരിമ ധബായ് പറയുന്നത്, 1940 കളുടെ അവസാനത്തിലാണു ജയ്പൂരിന്റെ സമ്പദ്വ്യവസ്ഥയില്‍ ആദ്യ മാറ്റം കണ്ടതെന്നാണ്. സിന്ധ്, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളുടെ വരവ് മൂലം പഴയ കരകൗശല അധിഷ്ഠിത സമ്പദ്വ്യവസ്ഥയില്‍നിന്നും വ്യാപാരത്തില്‍ അധിഷ്ഠിതമായ സമ്പദ് വ്യവസ്ഥയിലേക്കു ജയ്പൂര്‍ മാറി.

രണ്ടാമത്തെ പ്രധാന മാറ്റം സംഭവിച്ചത് 2000-കളിലാണ്. ഗോള്‍ഡന്‍ ട്രയാംഗിളില്‍ ഉള്‍പ്പെടുന്ന പ്രദേശമായതിനാല്‍ ജയ്പൂരില്‍ ഒരു റിയല്‍ എസ്റ്റേറ്റ് കുതിപ്പുണ്ടായി. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഐടി ഹബ്ബുകള്‍, അത്യാധുനിക വാണിജ്യ സമുച്ചയങ്ങള്‍, ആഡംബര അപ്പാര്‍ട്ട്മെന്റുകള്‍ എന്നിവ അതിവേഗം വന്നു. പ്രോപ്പര്‍ട്ടി ഡവലപ്പര്‍മാര്‍ക്കും നിക്ഷേപകര്‍ക്കും ജയ്പൂര്‍ നഗരം ലാഭകരമായ ലക്ഷ്യസ്ഥാനമായി മാറുകയും ചെയ്തു. അധികംതാമസിയാതെ ഭൂമി, റിയല്‍ എസ്റ്റേറ്റ് വിലകള്‍ കൃത്രിമമായി വര്‍ധിച്ചു.

2010-കളില്‍ ഭൂമി, റിയല്‍ എസ്റ്റേറ്റ് തകര്‍ച്ച വന്നതോടെ, നിക്ഷേപകര്‍ റിയല്‍ എസ്റ്റേറ്റിന്റെ പിന്നാലെ പായുന്നത് അവസാനിപ്പിച്ചു. ബാങ്കുകള്‍ നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്ക് ഗണ്യമായി കുറച്ചപ്പോള്‍ ആളുകള്‍ സ്വാഭാവികമായും ക്രെഡിറ്റ് കോഓപറേറ്റീവ് സൊസൈറ്റികളിലേക്കു തിരിഞ്ഞു. ഭൂമിയില്‍ നിക്ഷേപിക്കുമ്പോള്‍ ലഭിക്കുന്ന പലിശനിരക്ക് പല ക്രെഡിറ്റ് കോഓപറേറ്റീവ് സൊസൈറ്റികളും വാഗ്ദാനം ചെയ്തു. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന നിരവധി പ്രമുഖര്‍ മറ്റ് മേഖലയിലേക്കു കടന്നു. ചിലര്‍ സ്വന്തമായി ക്രെഡിറ്റ് കോഓപറേറ്റീവ് സൊസൈറ്റികള്‍ ആരംഭിക്കുകയും ചെയ്തു.

2017 മധ്യത്തോടെ ക്രെഡിറ്റ് കോഓപറേറ്റീവ് സൊസൈറ്റികളില്‍ ചില്ലറ കുഴപ്പങ്ങള്‍ കണ്ടു തുടങ്ങി. 2016 ലെ കറന്‍സി റദ്ദാക്കലിന്റെ പ്രത്യാഘാതം ഇവിടെയും കണ്ടു തുടങ്ങി. നിക്ഷേപം കുറഞ്ഞു. പണമൊഴുക്ക് ക്രമരഹിതമായി. ചില സൊസൈറ്റികള്‍ റിയല്‍ എസ്റ്റേറ്റില്‍ പണം നിക്ഷേപിച്ചിരുന്നു. അങ്ങനെ നിക്ഷേപിച്ചവരുടെ പണം കുടുങ്ങിയ അവസ്ഥയിലുമായി. ഇതോടെ സൊസൈറ്റികളില്‍ നിക്ഷേപിച്ചവര്‍ക്കു പലിശ ലഭിക്കാതെയുമായി. പലരും വഞ്ചിതരായ അവസ്ഥയിലായി. സൊസൈറ്റികള്‍ അവരുടെ സ്ഥാപനത്തിന്റെ പേരിനൊപ്പം കോഓപറേറ്റീവ് എന്ന പദം ചേര്‍ത്തിരുന്നതിനാല്‍ നിരവധി പേര്‍ കണ്ണടച്ച് വിശ്വസിച്ചു.സര്‍ക്കാരിന്റെ അംഗീകാരമുണ്ടെന്നു തെറ്റിദ്ധരിച്ചാണ് പല നിക്ഷേപകരും പണം നിക്ഷേപിച്ചു വഞ്ചിതരായത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here