ഭാരത് ബോണ്ട് ഇ.ടി.എഫിന്റെ രണ്ടാം പതിപ്പ് ജൂലൈയില്‍

അഞ്ചു വര്‍ഷ, പത്തു വര്‍ഷ കാലാവധിയുള്ള ബോണ്ടുകള്‍

bharat bond etf second tranche to launch in july

രാജ്യത്തെ ആദ്യ കോര്‍പ്പറേറ്റ് കടപ്പത്ര എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് ആയ ഭാരത് ബോണ്ട് ഇ.ടി.എഫിന്റെ രണ്ടാം പതിപ്പ് ജൂലൈയില്‍ അവതരിപ്പിക്കും. അഞ്ചു വര്‍ഷം, 11 വര്‍ഷം എന്നിങ്ങനെ മെച്യൂരിറ്റി കാലാവധിയുള്ള ബോണ്ടുകളിലൂടെ 14,000 കോടി രൂപ സമാഹരിക്കുകയാണ്  കേന്ദ്ര സര്‍ക്കാരിന്റെ  ലക്ഷ്യം.

പ്രാഥമികമായി 3,000 കോടി രൂപ സമാഹരിക്കും. പിന്നീട് ‘ഗ്രീന്‍ ഷൂ’ ഓപ്ഷനിലൂടെ 11,000 കോടി രൂപയും ലക്ഷ്യമിടുന്നു.ഉയര്‍ന്ന ഡിമാന്‍ഡ് ഉണ്ടെങ്കില്‍ കൂടുതല്‍ കടപ്പത്രങ്ങളിറക്കി, അധിക സമാഹരണം നടത്താന്‍ അനുവദിക്കുന്ന ഓപ്ഷനാണിത്. പൊതുമേഖലാ സ്ഥാപനങ്ങളിലെ ‘എ.എ.എ’ റേറ്റിംഗുള്ള കടപ്പത്രങ്ങളാണ് രണ്ടാം പതിപ്പിലും ലഭ്യമാക്കുക. അഞ്ചു വര്‍ഷ കാലാവധിയുള്ള ബോണ്ടുകളുടെ മെച്യൂരിറ്റി കാലാവധി 2025 ഏപ്രിലും 10-വര്‍ഷ ബോണ്ടിന്റേത് 2031 ഏപ്രിലും ആയിരിക്കും.

ഡിമാറ്റ് അക്കൗണ്ട് ഇല്ലാത്തവര്‍ക്കായി, ഇതേ മെച്യൂരിറ്റി കാലയളവുകളുള്ള ബോണ്ടുകളുമായി ഭാരത് ബോണ്ട് ഫണ്ട്സ് ഓഫ് ഫണ്ട്സ് (എഫ്.ഒ.എഫ്) പദ്ധതിയും അവതരിപ്പിക്കുമെന്ന് ഭാരത് ബോണ്ടിന്റെ മാനേജ്മെന്റ് ചുമതലയുള്ള ഈഡല്‍വീസ് അസറ്റ് മാനേജ്മെന്റ്‌സ് അറിയച്ചിട്ടുണ്ട്. സ്റ്റോക്ക്, ബോണ്ട്, കമോഡിറ്റി തുടങ്ങിയ ആസ്തികളില്‍ നിക്ഷേപം നടത്തുന്ന ധനകാര്യ ഉപകരണമാണ് എക്സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് ( ഇടിഎഫ്). ഏതെങ്കിലും ആസ്തിയെ അടിസ്ഥാനമാക്കിയാണ് ഇടിഎഫിന് രൂപം നല്‍കുന്നത്. ഈ ആസ്തിയുടെ വിലനീക്കമാണ് ഇടിഎഫിന്റെ വിലയെ സ്വാധീനിക്കുന്നത്. ഇത് ഓഹരി പോലെ സ്റ്റോക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുകയും കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യുന്നു. ഇഷ്യുവിനുശേഷം ഇടിഎഫ് യൂണിറ്റുകള്‍  എക്സ്ചേഞ്ചില്‍നിന്നു വാങ്ങുകയും വില്‍ക്കുകയും ചെയ്യാം.

കഴിഞ്ഞ ജനുവരിയിലാണ് ഭാരത് ബോണ്ട് ഇ.ടി.എഫിന്റെ ഒന്നാം പതിപ്പ് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചത്. 7,000 കോടി രൂപ നേടുകയായിരുന്നു ലക്ഷ്യമെങ്കിലും 12,000 കോടി രൂപ ലഭിച്ചു. 2023ല്‍ കാലാവധി അവസാനിക്കുന്ന മൂന്നു വര്‍ഷ മെച്യൂരിറ്റിയും 2030ല്‍ കാലാവധി തീരുന്ന 10 വര്‍ഷ മെച്യൂരിറ്റിയുമുള്ള കാലയളവുകളാണ് ഈ ബോണ്ടിനുള്ളത്. ആയിരം രൂപയായിരുന്നു കുറഞ്ഞ നിക്ഷേപ തുക. ആദ്യ പതിപ്പില്‍ നിഫ്റ്റി ഭാരത് ബോണ്ട് ഇന്‍ഡക്സ് – ഏപ്രില്‍ 2023 പ്രകാരമുള്ള ഇ.ടി.എഫിന് 6.69 ശതമാനവും ഏപ്രില്‍ 2030 പ്രകാരമുള്ള ഇ.ടി.എഫിന് 7.58 ശതമാനവും യീല്‍ഡ് (കടപ്പത്രങ്ങളിന്മേല്‍ നിക്ഷേപകന് ലഭിക്കുന്ന നേട്ടം)  ആയിരുന്നു വാഗ്ദാനം.

സാധാരണക്കാരെ കടപ്പത്ര വിപണിയിലേക്ക് ആകര്‍ഷിക്കുകയും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ബാങ്ക് വായ്പയ്ക്ക് പുറമേ മൂലധനം കണ്ടെത്താന്‍ പുത്തന്‍ വഴി ഒരുക്കുകയും ലക്ഷ്യമിട്ടാണ് കേന്ദ്രം ഭാരത് ബോണ്ട് ഇ.ടി.എഫിന് രൂപം നല്‍കിയത്. കടപ്പത്രം ഇഷ്യു ചെയ്യുന്ന പൊതുമേഖല കമ്പനികളുടെ ഒരു ഇന്‍ഡെക്‌സ് എന്‍എസ് ഇ തയാറാക്കിയിട്ടുണ്ട്. ഈ ഇന്‍ഡെക്സില്‍ ഉള്‍പ്പെട്ട കമ്പനികളുടെ ബോണ്ടുകളിലാണ് ഭാരത് ബോണ്ട് ഇടിഎഫ് നിക്ഷേപിക്കുന്നത്. ഏതെങ്കിലും കമ്പനി ഈ സൂചികയില്‍ നിന്ന് പുറത്തുപോയാല്‍ അതിലെ നിക്ഷേപം ഇടിഎഫ് വിറ്റൊഴിയണമെന്ന നിബന്ധനയുണ്ട്.

ഇഷ്യു സമയത്ത് മുഖവിലയില്‍ നിക്ഷേപകന് നിക്ഷേപം നടത്താം. പിന്നീട് സ്റ്റോക് എക്സ്ചേഞ്ചില്‍ കൈമാറ്റം ചെയ്യപ്പെടുന്ന വിലയില്‍ ഇടിഎഫ് വാങ്ങുകയും വില്‍ക്കുകയും ചെയ്യാം.ഭാരത് ബോണ്ട് ഇ.ടി.എഫിന്റെ ഒന്നാം പതിപ്പ് മുഖവില 1000 രൂപയായിരുന്നു. മച്യൂരിറ്റി സമയത്ത് ഉടമകള്‍ക്ക് നിക്ഷേപത്തുകയും റിട്ടേണും ലഭിക്കും. സ്റ്റോക് എക്‌സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ളതിനാല്‍ എപ്പോള്‍ വേണമെങ്കിലും നിക്ഷേപകന്  ഭാരത് ബോണ്ട് ഇടിഎഫ്  അപ്പോഴത്തെ എന്‍എവിയില്‍ ( നെറ്റ് അസറ്റ് വാല്യു) പണമാക്കി മാറ്റാം.

ഭാരത് ബോണ്ട് നിക്ഷേപം നടത്തുന്നത് ട്രിപ്പിള്‍ എ ഗുണനിലവാരമുള്ള ബോണ്ടുകളിലാണ്. സാധാരണ ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകളേക്കാള്‍ ഉയര്‍ന്ന സുതാര്യത ഇടിഎഫ് ഫണ്ടിനുണ്ട്. ഭാരത് ബോണ്ട് നിക്ഷേപം നടത്തിയിരിക്കുന്ന ബോണ്ടുകള്‍ ഏതൊക്കെയാണെന്ന്  നിക്ഷേകന് വെബ്സൈറ്റില്‍നിന്ന് എപ്പോഴും മനസിലാക്കാം.

മൂന്നു വര്‍ഷത്തില്‍ താഴെ ഭാരത് ബോണ്ട് കൈവശം വച്ച് മൂലധന  നേട്ടമുണ്ടാവുകയാണെങ്കില്‍  നിക്ഷേപകന്‍ ഏതു വരുമാന സ്ലാബിലാണോ അതില്‍ ഉള്‍പ്പെടുത്തി നികുതി നല്‍കണം. എന്നാല്‍ മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ ബോണ്ട് കൈവശം വയ്ക്കുകയും മൂലധന വളര്‍ച്ചയുണ്ടാവുകയും ചെയ്താല്‍ 20 ശതമാനം നികുതി നല്‍കിയാല്‍ മതി. സാധാരണ  സ്ഥിര നിക്ഷേപ വരുമാനത്തേക്കാള്‍ കാര്യക്ഷമമായി നികുതി കണക്കാക്കാന്‍ ഭാരത് ബോണ്ട് ഇടിഎഫില്‍  ഇതുമൂലം സാധിക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here