ആസ്തിയില്‍ മുന്നില്‍ ബിജെപി തന്നെ, കോണ്‍ഗ്രസ് മൂന്നാമത്

2019-20 സാമ്പത്തിക വര്‍ഷത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ ആസ്തി വിവരകണക്ക് പുറത്ത്. 4847.78 കോടി രൂപയുടെ ആസ്തിയുമായി ഭാരതീയ ജനതാപാര്‍ട്ടിയാണ് ആസ്തിയില്‍ മുന്നില്‍. രാഷ്ട്രീയ പാര്‍ട്ടികളുടെ ആകെ ആസ്തിയില്‍ 70 ശതമാനം വരുമിത്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) ആണ് കണക്ക് പുറത്തു വിട്ടത്. 698.33 കോടി രൂപ ആസ്തിയുമായി ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് 588.16 കോടി രൂപ ആസ്തിയാണുള്ളത്.

ഏഴ് ദേശീയ പാര്‍ട്ടികളുടെ മൊത്തം ആസ്തി 6988.57 കോടി രൂപയും 44 പ്രാദേശിക പാര്‍ട്ടികളുടേത് 2129.38 കോടിയുമാണ്.ആകെ ആസ്തിയുടെ 69.37 ശതമാനവും ബിജെപിയുടേതാണ്. അതേസമയം രണ്ടാം സ്ഥാനത്തുള്ള ബിഎസ്പിയ്ക്കുള്ളത് 9.99 ശതമാനമാണ്. ആകെ ആസ്തിയുടെ 8.42 ശതമാനം മാത്രമാണ് കോണ്‍ഗ്രസിനുള്ളത്.

44 പ്രാദേശിക പാര്‍ട്ടികളുടെ ആകെ ആസ്തിയുടെ 95.27 ശതമാനവും 10 പാര്‍ട്ടികളുടേതാണ്. 563.47 കോടി രൂപയുമായി സമാജ് വാദി പാര്‍ട്ടിയാണ് ഇവരില്‍ മുന്നില്‍. ടിആര്‍എസ് (301.47 കോടി രൂപ), എഐഎഡിഎംകെ (267.6 കോടി) എന്നിവയാണ് കൂടുതല്‍ ആസ്തിയുള്ള മറ്റു പ്രാദേശിക പാര്‍ട്ടികള്‍.

അതേസമയം ഏഴ് ദേശീയ പാര്‍ട്ടികള്‍ക്കും 44 പ്രാദേശിക പാര്‍ട്ടികള്‍ക്കും കൂടി 134.93 കോടി രൂപയുടെ ബാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it