സ്വകാര്യ ട്രെയിന്‍ സമയ നിഷ്ഠ തെറ്റിച്ചാല്‍ പിഴ ഈടാക്കും: റെയില്‍വെ

യാത്രാ ട്രെയിന്‍ സര്‍വീസ് ഉള്‍പ്പെടെ റെയില്‍വെയിലെ സ്വകാര്യ പങ്കാളിത്ത പദ്ധതിയില്‍ ഭാഗമാകാന്‍ താത്പര്യം പ്രകടിപ്പിച്ച് 23 കമ്പനികള്‍. ഇതിന്റെ ആലോചനകള്‍ക്കായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ബോംബാര്‍ഡിയര്‍, അല്‍സ്റ്റോം, സീമെന്‍സ്, ജിഎംആര്‍ തുടങ്ങിയ അന്താരാഷ്ട്ര കമ്പനികളും പങ്കെടുത്തു.സ്വകാര്യ കമ്പനികള്‍ക്ക് സര്‍വീസ് നടത്താന്‍ ടെന്‍ഡര്‍ നല്‍കുന്നതിനുള്ള അവസാന ദിവസം സെപ്റ്റംബര്‍ എട്ടാണ്.

ആകെ 151 സ്വകാര്യ ട്രെയിനുകള്‍ക്കായാണ് കേന്ദ്ര നീക്കം.109 സ്റ്റേഷനുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് പദ്ധതി. നിലവിലെ ട്രെയിനുകള്‍ക്ക് പുറമെയായിരിക്കും പുതിയ ട്രെയിനുകള്‍. ആകെ 30000 കോടിയുടെ നിക്ഷേപം ഇതിലൂടെ പ്രതീക്ഷിക്കുന്നു. രണ്ട് ഘട്ടങ്ങളായുള്ള ലേല നടപടികളിലൂടെയായിരിക്കും പദ്ധതിക്ക് താത്പര്യം അറിയിച്ച കമ്പനികളില്‍ നിന്ന് മികച്ചവയെ തെരഞ്ഞെടുക്കുക.ആകെ 12 ക്ലസ്റ്ററുകളില്‍ ട്രെയിന്‍ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തില്‍ ബിഇഎംഎല്‍, ഐആര്‍സിടിസി, ബിഎച്ച്ഇഎല്‍, സിഎഎഫ്, മേധാ ഗ്രൂപ്പ്, സ്റ്റെര്‍ലൈറ്റ്, ഭാരത് ഫോര്‍ജ്, ജെകെബി ഇന്‍ഫ്രാസ്ട്രക്ചര്‍, ടൈറ്റാഗഡ് വാഗണ്‍ ലിമിറ്റഡ് തുടങ്ങിയ കമ്പനികളുടെയും പ്രതിനിധികള്‍ സന്നിഹിതരായിരുന്നു.

സ്വകാര്യട്രെയിനുകള്‍ 95 ശതമാനം സമയനിഷ്ഠ പാലിച്ചില്ലെങ്കില്‍ പിഴ വരുമെന്ന് യോഗത്തില്‍ അറിയിപ്പുണ്ടായി. ഉറപ്പു നല്‍കേണ്ടുന്ന 95 ശതമാനം സമയനിഷ്ഠയില്‍ വരുത്തുന്ന ഒരു ശതമാനം പിഴവിന് ഓരോ കിലോമീറ്ററിനും 512 രൂപ വീതം സ്വകാര്യട്രെയിനുകള്‍ നല്‍കേണ്ടി വരും. സമയത്തിനു മുമ്പേ നിശ്ചിത സ്റ്റേഷനിലെത്തിച്ചേരുന്ന സ്വകാര്യ ട്രെയിനുകളും പിഴ നല്‍കണം. റെയില്‍വെയുടെ ഭാഗത്തു നിന്നുള്ള വീഴ്ച മൂലമാണ് സ്വകാര്യട്രെയിനുകളുടെ സര്‍വീസിന് പിഴവ് സംഭവിക്കുന്നതെങ്കില്‍ റെയില്‍വെ പിഴ നല്‍കും. സര്‍വീസ് റദ്ദാക്കുകയാണെങ്കില്‍ ഒരു സര്‍വീസിന് നല്‍കേണ്ടുന്നതിന്റെ നാലിലൊന്ന് തുകയും സ്വകാര്യകമ്പനി നല്‍കണം.

സര്‍വീസ് റദ്ദാക്കല്‍ ഒരു മാസത്തിലധികം നീളുകയാണെങ്കില്‍ സര്‍വീസിന്റെ മുഴുവന്‍ തുകയും സ്വകാര്യകമ്പനി നല്‍കേണ്ടി വരും. എന്നാല്‍ റെയില്‍വെയുടെ പിഴവു മൂലമാണ് ഇതു സംഭവിക്കുന്നതെങ്കില്‍ റെയില്‍വെ ഒരു തരത്തിലുള്ള നഷ്ടപരിഹാരവും നല്‍കുന്നതല്ല. മറ്റേതെങ്കിലും കാരണത്താലാണ് യാത്രാതടസ്സം നേരിടുന്നതെങ്കില്‍ യാതൊരു പിഴയും പരസ്പരം നല്‍കേണ്ടതില്ല. ഓപ്പറേറ്റര്‍മാര്‍ക്കായി കര്‍ശനമായ ചട്ടങ്ങളാണ് സര്‍ക്കാര്‍ തയ്യാറാക്കുന്നത്. സമയനിഷ്ഠ മുതല്‍ മറ്റു പല വിഷയങ്ങളും ഇവയിലുള്‍പ്പെടും. സ്വകാര്യട്രെയിനുകളുടെ വരുമാനത്തെ സംബന്ധിക്കുന്ന കൃത്യമായ കണക്ക് സര്‍ക്കാരിന് നല്‍കണം. സ്വകാര്യ ട്രെയിനുകളുടെ യഥാര്‍ഥ വരുമാനം കണക്കുകൂട്ടിയതില്‍ നിന്ന് ഒരു ശതമാനമെങ്കിലും അധികമായാല്‍ ആ തുകയുടെ പത്തു മടങ്ങ് പിഴയിനത്തില്‍ നല്‍കണമെന്ന വ്യവസ്ഥയും ഉണ്ടായേക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles

Next Story

Videos

Share it