റിയല്‍ എസ്‌റ്റേറ്റ് മേഖലയെ നിരാശപ്പെടുത്തി നിര്‍മ്മല, ആവാസ് യോജനയില്‍ 2 കോടി വീടുകള്‍ കൂടി നിര്‍മ്മിക്കും

ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് നേരിട്ടുള്ള ആനുകൂല്യങ്ങളൊന്നും പ്രഖ്യാപിക്കപ്പെട്ടില്ല.

പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം അടുത്ത 5 വര്‍ഷത്തിനുള്ളില്‍ രണ്ടു കോടി വീടുകള്‍ കൂടി നിര്‍മിച്ചു നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ ലക്ഷ്യമിട്ടിരുന്ന ഗ്രാമീണ മേഖലയില്‍ മൂന്നു കോടി വീടുകള്‍ എന്ന ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്നും നിര്‍മല പറഞ്ഞു. 2024-25 വര്‍ഷത്തേക്ക് പദ്ധതിക്കായി 80,671 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 79,590 കോടി രൂപയായിരുന്നു.
ബജറ്റിലെ മറ്റൊരു പ്രഖ്യാപനം ഇടത്തരക്കാര്‍ക്കുള്ള ഭവന പദ്ധതിയാണ്. ഇതേ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പ്രഖ്യാപിക്കാനിരിക്കുന്നതേയുള്ളൂ.
പ്രധാനമന്ത്രി അവാസ് യോജന പ്രകാരമുള്ള വീടുകളുടെ നിര്‍മാണം നിര്‍മാണ മേഖലയിലും കെട്ടിട നിര്‍മാണ വസ്തുക്കളുടെ ഉല്‍പ്പാദന വിപണന മേഖലയിലും ചലനം സൃഷ്ടിക്കുമെന്നാണ് സര്‍ക്കാരിന്റെ അവകാശ വാദം. എന്നാല്‍ കേരളത്തില്‍ ഈ പദ്ധതി വലിയ ചലനം സൃഷ്ടിക്കില്ലെന്ന് ക്രെഡായ് കേരള പ്രസിഡന്റ് രവി ജേക്കബ് പറഞ്ഞു.
പദ്ധതി പ്രകാരം ഏകദേശം 300 ചതുരശ്ര അടി വിസ്തൃതിയിലുള്ള വീട് നിര്‍മാണത്തിനാണ് ധനസഹായം ലഭിക്കുക. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രത്തിന്റെ അനുമതിയോടെ ഇതില്‍ മാറ്റം വരുത്താന്‍ അധികാരമുണ്ട്. വലിപ്പം കുറഞ്ഞ വീടുകളോട് മലയാളികള്‍ക്കുള്ള വിമുഖത പലരെയും പദ്ധതിയോട് മുഖം തിരിക്കാന്‍ പ്രേരിപ്പിക്കുന്നതായി വിലയിരുത്തലുണ്ട്.
നിര്‍മാണ സാമഗ്രികളുടെ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ അഫൊർഡബിൾ വീടുകളുടെ നിര്‍വചനത്തിലുള്ള മാറ്റം, ഭവന വായ്പയിന്മേല്‍ കൂടുതല്‍ നികുതിയിളവ്, അഫൊർഡബിൾ വീടുകളെ നികുതി ബാധ്യതയില്‍ നിന്ന് ഒഴിവാക്കല്‍, പ്രധാനമന്ത്രി ആവാസ് യോജനയുടെ കാലാവധി 2025 ഡിസംബര്‍ വരെ നീട്ടല്‍, റിയല്‍ എസ്‌റ്റേറ്റ് മേഖലയ്ക്ക് ഇന്‍ഫ്രാസ്ട്രക്ചര്‍ സ്റ്റാറ്റസ് നല്‍കല്‍ തുടങ്ങി നിരവധി പ്രതീക്ഷകളാണ് റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ബജറ്റില്‍ ഉണ്ടായിരുന്നത്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it