പുതിയ സെസുകളോ സര്‍ചാര്‍ജുകളോ ഏര്‍പ്പെടുത്തിയില്ല, കോര്‍പ്പറേറ്റുകള്‍ക്ക് ഗുണകരം

രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്ന തരത്തില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് പണം ചെലവഴിക്കാനുള്ള തീരുമാനം അഭിനന്ദനാര്‍ഹമാണെന്ന് അക്യുമെന്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്ററും ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്റുമായ അക്ഷയ് അഗര്‍വാള്‍. പുതിയ റോഡുകള്‍ക്കും റയില്‍ വികസനത്തിനുമുള്ള പ്രഖ്യാപനങ്ങള്‍ ശുഭസൂചകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

''കാര്‍ഷിക വായ്പകള്‍, ഗ്രാമീണ മേഖലയിലെ അടിസ്ഥാനസൗകര്യ വികസനം എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയത് ഗ്രാമീണ സമ്പദ്ഘടനയെ പ്രോത്സാഹിപ്പിക്കും. കേരളത്തിലെ 1100 കിലോമീറ്റര്‍ പുതിയ റോഡ്, അടിസ്ഥാനസൗകര്യ വികസനം എന്നിവയ്ക്ക് ബജറ്റ് ഏറെ സഹായകരമാകും. മുന്നോട്ട് കുതിയ്ക്കുക എന്ന ആശയത്തിലൂന്നിയ കേന്ദ്ര ബജറ്റില്‍ നിലവിലെ പ്രതിസന്ധികളുടെ പശ്ചാത്തലത്തിലും പുതിയ സെസുകളോ സര്‍ചാര്‍ജുകളോ ഏര്‍പ്പെടുത്താതെ ധനമന്ത്രി ഏവരെയും അമ്പരപ്പിക്കുക തന്നെ ചെയ്തു''. അദ്ദേഹം പറഞ്ഞു.
എന്തെങ്കിലും അധിക നികുതി വരുമെന്നാണ് കോര്‍പ്പറേറ്റുകള്‍ കരുതിയതെന്നും അത് വന്നിട്ടില്ല എന്നത് ഗുണകരമാണെന്നും വര്‍മ ആന്‍ഡ് വര്‍മ മാനേജിംഗ് പാര്‍ട്ണറും സിഐഐ അംഗവുമായ വിവേക് കൃഷ്ണ ഗോവിന്ദ് അഭ്പ്രായപ്പെട്ടു. അധിക നികുതി വന്നിട്ടില്ല എന്നത് തന്നെയാണ് എടുത്തു പറയേണ്ട ബജറ്റ് ആകര്‍ഷക ഘടകങ്ങളിലെ ഒരുകാര്യം.
എന്നാല്‍ സാധാരണക്കാരന്റെ ഭാഗത്തു നിന്നു നോക്കിയാല്‍ അധിക നികുതി ഇളവുകള്‍ വന്നിട്ടില്ല എന്നതാണ് സത്യം. യാത്രാ ചെലവിലെ ഇളവുകളും സേവന മേഖലകളിലെ നികുതി ഇളവുകളും വന്നിട്ടില്ല എന്നതും ശ്രദ്ധിച്ച ഒരു കാര്യമാണെന്നും അദ്ദേഹം വിലയിരുത്തി.


Related Articles
Next Story
Videos
Share it