ഗ്രാമങ്ങളിലെ ചെറുകിടക്കാര്‍ക്കും ഗ്ലോബലാകാം; ഓണ്‍ലൈന്‍ വിപണിയൊരുക്കി കേന്ദ്ര സര്‍ക്കാര്‍
ഗ്രാമ പ്രദേശത്തില്‍ കരകൗശലനിര്‍മാണത്തിലേര്‍പ്പെട്ടവരുടെ ഉല്‍പന്നങ്ങള്‍ ഓണ്‍ലൈന്‍ വഴി വിപണിയിലെത്തിക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. കരകൗശല മേഖലയിലുള്ള ഇടത്തരം ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയമാണ് പുത്തന്‍ പദ്ധതി നടപ്പാക്കാനൊരുങ്ങുന്നത്. കമ്പനീസ് ആക്ട് സെക്ഷന്‍ 25 പ്രകാരം ഇതിനായി ഒരു നോണ്‍ പ്രോഫിറ്റ് കമ്പനി രൂപീകരിക്കാനും ഗ്രാമീണ മേഖലയില്‍ നിന്നുള്ള വസ്തുക്കള്‍ ആഗോള തലത്തില്‍ വിപണനം നടത്താനുമാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.
ഗ്രാമ പ്രദേശങ്ങളില്‍ കരകൗശല വസ്തുക്കള്‍ ഉണ്ടാക്കുന്നവരുടെ സംഘങ്ങള്‍ രൂപീകരിക്കുന്നതിനും കൂടുതല്‍ ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുമുള്ള ചുവടു വയ്പ്പുകളാണ് ഇപ്പോള്‍ നടക്കുന്നത്. സര്‍ക്കാര്‍ ഇ-മാര്‍ക്കറ്റ് പ്ലേസ് (ജിഎം) ഉള്‍പ്പെടെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ വില്‍ക്കുന്ന 200 ഉല്‍പ്പന്നങ്ങളുടെ പട്ടിക ഗ്രാമവികസന മന്ത്രാലയം ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്.
ആഗോളതലത്തില്‍ ഗ്രാമീണ കരകൗശല തൊഴിലാളികള്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ പ്രൊഫഷണല്‍ പിന്തുണ നല്‍കുന്നതിനായി കമ്പനി നിയമത്തിലെ സെക്ഷന്‍ 25 പ്രകാരം ഒരു കമ്പനി രൂപീകരിക്കുന്നതിന് കേന്ദ്രം ടാറ്റ ട്രസ്റ്റുമായി കൈകോര്‍ത്തിരിക്കുയാണ്.
കേരളമുള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ നിന്നുള്ള കൈത്തറി വസ്ത്രങ്ങള്‍, മുള ഉല്‍പ്പന്നങ്ങള്‍, ബിഹാറിലെ പ്രശസ്തമായ മധുബാനി ചിത്രങ്ങള്‍, ജാര്‍ഖണ്ഡില്‍ നിന്നുള്ള ട്രൈബല്‍ പെയിന്റിങ്ങുകള്‍, രാജസ്ഥാനിലെ ടെറാക്കോട്ട ഉല്‍പന്നങ്ങള്‍, ബഗല്‍പൂരിലെ പട്ടു വസ്ത്രങ്ങള്‍, തുടങ്ങിയവയടക്കം ഓണ്‍ലൈന്‍ വഴി കൂടുതല്‍ വ്യാപിപ്പിക്കും. നിലവില്‍ ഇതിന്റെ നല്ലൊരു ഭാഗം ആമസോണ്‍ വഴിയും ഫ്‌ലിപ്പ്കാര്‍ട്ട് വഴിയും വിറ്റു പോകുന്നുണ്ട്.
ഓണ്‍ലൈന്‍ മാര്‍ഗം വില്‍പന നടത്താന്‍ ഇത്തരത്തില്‍ 200 ഉല്‍പന്നങ്ങളാണ് നിലവില്‍ സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത്. സര്‍ക്കാരിന്റെ ഇ-മാര്‍ക്കറ്റ് പ്ലേസ് വഴിയും കച്ചവടം നടത്തുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്.നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാം ടേമില്‍ 100 ദിവസത്തെ പദ്ധതിയുടെ ഭാഗമായി സംരംഭം വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.