വീട് വയ്ക്കാന്‍ നഗരവാസികള്‍ക്ക് വായ്പ സബ്‌സിഡി; ₹60,000 കോടിയുടെ പദ്ധതിയുമായി കേന്ദ്രം

നഗരങ്ങളില്‍ താമസിക്കുന്ന താഴ്ന്ന വരുമാനക്കാര്‍ക്ക് വീട് വയ്ക്കാന്‍ 60,000 കോടി രൂപയുടെ സബ്‌സിഡി പദ്ധതി അവതരിപ്പിക്കാന്‍ കേന്ദ്രമൊരുങ്ങുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. അടുത്ത അഞ്ച് വർഷത്തേക്ക് നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതി രണ്ട് മാസത്തിനുള്ളില്‍ ആരംഭിച്ചേക്കും.

ഈ വര്‍ഷം വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പും 2024 പകുതിയോടെ നടക്കുന്ന പൊതു തിരഞ്ഞെടുപ്പും മുന്നില്‍ കണ്ടാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ഓഗസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതിയെ കുറിച്ച് പ്രഖ്യാപിച്ചിരുന്നെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തു വീട്ടിരുന്നില്ല.
നഗരങ്ങളില്‍ വാടക വീടുകളിലും ചേരികളിലും കോളനികളിലും കഴിയുന്ന കുടുംബങ്ങള്‍ക്കായി ചെറു ഭവനങ്ങൾ നിർമിക്കാൻ വരും വര്‍ഷങ്ങളില്‍ പുതിയ പദ്ധതി അവതരിപ്പിക്കുമെന്നാണ് മോദി പ്രസംഗത്തില്‍ പറഞ്ഞത്.
3 മുതൽ 6.5% വരെ സബ്‌സിഡി
നിർദിഷ്ട പദ്ധതി പ്രകാരം ഒമ്പത് ലക്ഷം രൂപ വരെയുള്ള ചെറു ഭവന വായ്പകള്‍ക്ക് മൂന്ന് മുതല്‍ 6.5 ശതമാനം വരെ വാര്‍ഷിക പലിശ സബ്‌സിഡി ലഭിക്കും. 50 ലക്ഷം രൂപയില്‍ താഴെയുള്ള, 20 വര്‍ഷം കാലാവധി വരുന്ന വായ്പകളെയും പദ്ധതിയിൽ ഉൾപ്പെടുത്തും. 2028 വരെയായിരിക്കും പദ്ധതി ലഭ്യമാകുക. പദ്ധതിയുടെ അന്തിമരൂപം ആകുന്നതേയുള്ളു. കാബിനറ്റ് അനുമതി ലഭിച്ചാലുടന്‍ പ്രഖ്യാപനമുണ്ടാകും.
നഗരപ്രദേശങ്ങളിലെ താഴ്ന്ന വരുമാനക്കാരായ 25 ലക്ഷത്തോളം വായ്പക്കാര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് കരുതുന്നത്.
ബാങ്കുകളുമായി കൂടിക്കാഴ്ച
ബാങ്കുകളുടെ വായ്പ വിഹിതം നിശ്ചയിച്ചിട്ടില്ല. പദ്ധതിയുമായി ബന്ധപ്പെട്ട് ബാങ്കുകളുമായി കൂടിക്കാഴ്ച ഉടൻ ഉണ്ടാകുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന.
ബാങ്കുകള്‍ ഇതിനകം തന്നെ ഗുണഭോക്താക്കളെ കണ്ടെത്താനാരംഭിച്ചിട്ടുണ്ട്. ബാങ്കുകളുടെ അഫോഡബിള്‍ ഹൗസിംഗ് സെഗ്മെന്റില്‍ കുതിപ്പുണ്ടാകാന്‍ പദ്ധതി സഹായിക്കും.
ആദ്യമായല്ല നഗരങ്ങളിലെ താഴ്ന്ന വരുമാനക്കാര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഭവന വായ്പ സബ്‌സിഡി പ്രഖ്യാപിക്കുന്നത്. 2017 മുതല്‍ 2022 വരെയുള്ള കാലയളവില്‍ സമാനമായ പദ്ധതി വഴി 1.22 കോടി ഭവനങ്ങള്‍ക്ക് വായ്പ അനുവദിച്ചിരുന്നു.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ മുന്നില്‍ കണ്ട് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ മാസം പാചക വാതക വില 18 ശതമാനം കുറച്ചിരുന്നു. കോവിഡ് മഹാമാരിക്കാലത്താണ് പാചകവാതക സബ്സിഡി കേന്ദ്രം എടുത്തുകളഞ്ഞത്.

Related Articles

Next Story

Videos

Share it