ധനമന്ത്രാലയത്തിന്റെ എതിര്‍പ്പ് അവഗണിച്ചു, സൗജന്യ ഭക്ഷ്യധാന്യ വിതരണം ഡിസംബര്‍ വരെ
കേന്ദ്രത്തിന്റെ സൗജന്യ ഭക്ഷ്യധാന്യ വിതരണ പദ്ധതിയായ പ്രധാനന്‍ മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (PMGKAY) ഡിസംബര്‍ വരെ നീട്ടി കേന്ദ്രം. ധനമന്ത്രാലയത്തിന്റെ എതിര്‍പ്പിനെ അവഗണിച്ചാണ് പദ്ധതി നീട്ടാന്‍ കേന്ദ്ര ക്യാബിനറ്റ് തീരുമാനിച്ചത്. കോവിഡിന്റെ തുടക്കത്തില്‍ 2020 ഏപ്രിലില്‍ ആരംഭിച്ച പദ്ധതിയാണ് PMGKAY.
കോവിഡ് വ്യാപനം കുറഞ്ഞ സാഹര്യത്തില്‍ സൗജന്യം തുടരുന്നത് പദ്ധതി എല്ലാക്കാലവും ഉണ്ടാവും എന്ന ധാരണ ഉണ്ടാക്കുമെന്നും പിന്നീട് അവസാനിപ്പിക്കാന്‍ പ്രയാസമായിരിക്കും എന്നുമാണ് ധനമന്ത്രാലയത്തിന്റെ നിലപാട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ അടക്കം പദ്ധതി നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു.
28 മാസമായി തുടരുന്ന പദ്ധതിക്കായി ഇതുവരെ 3.91 ട്രില്യണ്‍ രൂപയാണ് കേന്ദ്രം നീക്കിവെച്ചത്. 112.1 മില്യണ്‍ ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ ഇക്കാലയളവില്‍ വിതരണം ചെയ്തു. സെപ്റ്റംബറില്‍ പദ്ധതിയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് ഡിസംബര്‍ വരെ നീട്ടിയത്. മൂന്ന് മാസത്തേക്ക് കൂടി പദ്ധതി നീട്ടിയ സാഹചര്യത്തില്‍ 44,762 കോടിയുടെ അധികച്ചെലവാണ് കേന്ദ്രത്തിന് ഉണ്ടാവുക.