തളര്‍ച്ചയില്‍ നിന്ന് കരകയറാതെ ഉപഭോക്തൃ വിപണി

ലോക്ഡൗണ്‍ കഴിഞ്ഞ് ഏറ്റവും വേഗത്തില്‍ തരിച്ചുവന്ന മേഖലയാണ് ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്സ് (എഫ് എം സി ജി). രാജ്യത്ത് ഉപഭോഗം ക്രമേണ കുതിച്ചുയര്‍ന്നുവെങ്കിലും പല ഉപഭോക്തൃ മേഖലകളും ഇപ്പോഴും മാന്ദ്യത്തില്‍ തന്നെ തുടരുന്നുവെന്നാണ് ഏറ്റവും പുതിയ മൊത്ത ആഭ്യന്തര ഉല്‍പാദന (ജി ഡി പി) കണക്കുകള്‍ കാണിക്കുന്നത്.

നിത്യോപയോഗ സാധനങ്ങള്‍, സ്മാര്‍ട്ട്ഫോണുകള്‍ തുടങ്ങിയവയുടെ ഉപഭോഗത്തില്‍ വലിയ തോതിലുള്ള വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ആകെ ഉപഭോഗ ചെലവില്‍ 2.4 ശതമാനത്തിന്റെ കുറവുള്ളതായാണ് അവസാന പാദത്തിലെ കണക്കുകള്‍.
ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള പാദത്തില്‍ 26 ശതമാനത്തിന്റെയും ജൂലൈ മുതല്‍ സെപ്തംബര്‍ വരെ 11 ശതമാനത്തിന്റെയും കുറവാണ് കാണിച്ചിരുന്നത് എന്നതിനാല്‍ അവസാന പാദത്തിലെ കണക്കുകള്‍ അത്രക്ക് ആശങ്കാ ജനകമല്ലെന്നു തോന്നാം.
എന്നാല്‍ റിയല്‍ എസ്റ്റേറ്റ്, ഗതാഗതം, വിനോദസഞ്ചാരം, ഫാഷന്‍, അപ്പാരല്‍സ്, സിനിമ, തീയറ്റര്‍ തുടങ്ങിയ മേഖലകളൊന്നും ഇനിയും ഉയര്‍ത്തെഴുന്നേറ്റിട്ടില്ല, ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് ദിനപത്രം ഒരു റിപ്പോര്‍ട്ടില്‍ പറഞ്ഞു.
റിയല്‍ എസ്റ്റേറ്റ് മേഖലയെടുത്താല്‍ വീടുകളുടെ വില്‍പനയില്‍ 27 ശതമാനത്തിന്റെ കുറവാണ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ ഉണ്ടായത്.
ഇന്ത്യയുടെ 8.7 ട്രില്യന്റെ റിയല്‍ എസ്റ്റേറ്റ് മാര്‍ക്കറ്റിന്റെ 85 ശതമാനവും റെസിഡന്‍ഷ്യല്‍ മേഖലയിലാണെന്നത് കണക്കിലെടുക്കുമ്പോഴാണ് ഇതിന്റെ ഗൗരവം ബോധ്യപ്പെടുക.
ആഭ്യന്തര വിമാനയാത്രക്കാരുടെ നിരക്ക് ഡിസംബര്‍ മാസത്തോടെ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത് 45 ശതമാനം കുറവാണെന്ന് ഐ സി ആര്‍ എയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. എയര്‍ലൈനുകള്‍ക്ക് അവരുടെ ശേഷിയുടെ 67 ശതമാനം മാത്രമേ ഡിസംബറില്‍ വനിയോഗിക്കേണ്ടി വന്നുള്ളൂ.
നവംബറില്‍ അത് 59 ശതമാനമായിരുന്നു. ജി ഡി പിയുടെ 7 ശതമാനം സംഭാവന ചെയ്യുന്ന ട്രാവല്‍ ആന്റ് ടൂറിസം മേഖലയുടെ സ്ഥിതിയും മെച്ചമല്ല. വിദേശ ടൂറിസ്റ്റുകളുടെ വരവ് കുത്തനെ ഇടിയുകയും ആഭ്യന്തര ടൂറിസ്റ്റുകള്‍ അനാവശ്യയാത്രകള്‍ ഒഴിവാക്കുകയും ചെയ്യുന്നുവെന്നാണ് ഡിസംബറില്‍ അവസാനിച്ച മൂന്നു മാസത്തെ കണക്കുകള്‍ കാണിക്കുന്നത്. മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 15 ശതമാനത്തിലേക്കാണ് ബിസിനസ് കൂപ്പുകുത്തിയത്.
തുണിത്തരങ്ങള്‍, അക്സസറീസ്, ഷൂസ് പോലുള്ള അത്യാവശ്യമല്ലാത്ത ഉപഭോഗ വസ്തുക്കളുടെ നിര്‍മാണവും വില്‍പനയും ഗണ്യമായി കുറഞ്ഞു. 75 ശതമാനത്തിന്റെ ഇടിവാണ് ഈ മേഖലകളിലുണ്ടായതെന്ന് ഡിലോയ്റ്റ് ഇന്ത്യ പാര്‍ട്ടണര്‍ രജത് വാഹി പറയുന്നു.
സിനിമ തീയറ്ററുകള്‍ തുറന്നെങ്കിലും വലിയ വരുമാന നഷ്ടത്തിലാണ് പ്രവര്‍ത്തനം മുന്നോട്ടു പോകുന്നത്. 19,000 കോടിയുടെ ഇന്ത്യന്‍ സിനിമാ വ്യവസായത്തില്‍ 11,500 കോടിയും വരുന്നത് തീയറ്ററുകളില്‍ നിന്നാണെന്ന് ട്രേഡ് അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു.
ഒരു വര്‍ഷത്തെ ബോക്സ് ഓഫീസ് വരുമാനത്തിന്റെ 35 ശതമാനം വരുന്നത് ഒക്ടോബര്‍ - ഡിസംബര്‍ ഉത്സവ സീസണിലാണ്. എന്നാല്‍ കഴിഞ്ഞ സീസണില്‍ ഇതിന്റെ 80 ശതമാനവും നഷ്ടമായി. എഫ് എം സി ജി മാര്‍ക്കറ്റ് 7.3 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയെന്ന കണക്കിന് പിന്നില്‍ മറഞ്ഞുകിടക്കുകയാണ് വന്‍ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന ഈ മേഖലകള്‍.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it