മുഖ്യവ്യവസായ രംഗത്ത് വന്‍ തളര്‍ച്ച

ഇന്ത്യയുടെ മുഖ്യ വ്യവസായമേഖലയുടെ (Core Sector) വളര്‍ച്ച മാര്‍ച്ചില്‍ അഞ്ചുമാസത്തെ താഴ്ചയായ 3.6 ശതമാനത്തിലേക്ക് കൂപ്പുകുത്തിയെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ഫെബ്രുവരിയിലെ 7.2 ശതമാനത്തില്‍ നിന്നാണ് വീഴ്ച. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ വളര്‍ച്ച 4.8 ശതമാനമായിരുന്നു.

കല്‍ക്കരി, ക്രൂഡോയില്‍, പ്രകൃതിവാതകം, റിഫൈനറി ഉത്പന്നങ്ങള്‍, വളം, സ്റ്റീല്‍, സിമന്റ്, വൈദ്യുതി എന്നീ സുപ്രധാന വിഭാഗങ്ങളാണ് മുഖ്യ വ്യവസായ മേഖലയിലുള്ളത്. ഇന്ത്യയുടെ മൊത്തം വ്യാവസായിക ഉത്പാദന സൂചികയില്‍ (ഐ.ഐ.പി) 40.3 ശതമാനം സംഭാവന ചെയ്യുന്നത് മുഖ്യ വ്യവസായ മേഖലയാണ്. ഐ.ഐ.പി വളര്‍ച്ചയും ഇടിയുമെന്ന സൂചനയാണ് മുഖ്യ വ്യവസായ മേഖല നല്‍കുന്നത്.
തളര്‍ച്ചയുടെ വ്യവസായം
വൈദ്യുതോത്പാദന വളര്‍ച്ച ഫെബ്രുവരിയിലെ 8.2ല്‍ നിന്ന് നെഗറ്റീവ് 1.8 ശതമാനത്തിലേക്ക് മാര്‍ച്ചില്‍ കൂപ്പുകുത്തി. സിമന്റ് ഉത്പാദനം 7.4ല്‍ നിന്ന് നെഗറ്റീവ് 1.8 ശതമാനത്തിലേക്കും ഇടിഞ്ഞു. വളം ഉത്പാദനം 22.2 ശതമാനത്തില്‍ നിന്ന് 9.7 ശതമാനത്തിലേക്കും സ്റ്റീല്‍ ഉത്പാദനം 11.6 ശതമാനത്തില്‍ നിന്ന് 8.8 ശതമാനത്തിലേക്കും കുറഞ്ഞു.
റിഫൈനറി ഉത്പന്നങ്ങള്‍ 3.3 ശതമാനത്തില്‍ നിന്ന് 1.5 ശതമാനത്തിലേക്കും പ്രകൃതിവാതകം 3.2ല്‍ നിന്ന് 2.8 ശതമാനത്തിലേക്കും ഉത്പാദന ഇടിവ് രേഖപ്പെടുത്തി. അതേസമയം കല്‍ക്കരി ഉത്പാദനം 8.5ല്‍ നിന്ന് 12.2 ശതമാനത്തിലേക്ക് മെച്ചപ്പെട്ടു. നെഗറ്റീവ് 4.9 ശതമാനത്തില്‍ നിന്ന് നെഗറ്റീവ് 2.8 ശതമാനത്തിലേക്ക് ക്രൂഡോയില്‍ ഉത്പാദനം നേരിയ കരകയറ്റം നടത്തി.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it