ആഗോള തലത്തില്‍ 160 കോടി തൊഴിലാളികളുടെ ജീവിതം വഴിമുട്ടി: യു.എന്‍ ഏജന്‍സി

എല്ലാ രാജ്യങ്ങളിലുമായി അനൗപചാരിക സമ്പദ്വ്യവസ്ഥയിലെ ഏതാണ്ട് 160 കോടി തൊഴിലാളികള്‍ കോവിഡ് മൂലം പൂര്‍ണമായോ ഭാഗികമായോ ഉപജീവനമാര്‍ഗം നഷ്ടപ്പെടുമെന്ന നിലയിലായിട്ടുണ്ടെന്ന് അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ വിലയിരുത്തല്‍. റീട്ടെയില്‍, മാനുഫാക്ചറിംഗ് മേഖലകളിലെ 430 ദശലക്ഷത്തിലധികം സംരംഭങ്ങള്‍ ഗുരുതരമായ പ്രതിസന്ധിയിലാണെന്നും യു.എന്‍ ഏജന്‍സി ചൂണ്ടിക്കാട്ടുന്നു.

ആഗോളതലത്തില്‍ ഏകദേശം 330 കോടി തൊഴിലാളികളുള്ളതായാണ് ഐഎല്‍ഒയുടെ കണക്ക്. തൊഴില്‍ വിപണിയിലെ ഏറ്റവും ദുര്‍ബല മേഖലയായ അനൗപചാരിക സമ്പദ്വ്യവസ്ഥയില്‍ പണിയെടുക്കുന്നത് 200 കോടി പേരാണ്.ഇതില്‍ 160 കോടി പേരുടെയും ഉപജീവന ശേഷിക്ക് വലിയ നാശനഷ്ടം വരുത്തിക്കഴിഞ്ഞു കൊറോണ വൈറസ്. ഈ തൊഴിലാളികള്‍ക്ക് പ്രതിസന്ധിയുടെ ആദ്യ മാസത്തിലെ വരുമാനത്തില്‍ ശരാശരി 60 ശതമാനം കുറവുണ്ടായതായി ഐഎല്‍ഒ കണക്കാക്കുന്നു. മേഖലയിലെ വരുമാന നഷ്ടം ആഫ്രിക്കയിലും അമേരിക്കയിലും 80 ശതമാനത്തിലധികം വരും. യൂറോപ്പിലും മധ്യേഷ്യയിലും 70 ശതമാനവും ഏഷ്യയിലും പസഫിക്കിലും 21.6 ശതമാനവും കുറഞ്ഞെന്ന് ഐഎല്‍ഒ അറിയിച്ചു.

പകര്‍ച്ചവ്യാധിയും തൊഴില്‍ പ്രതിസന്ധിയും രൂക്ഷമാകുന്നതിനനുസരിച്ച് ലോകത്തിലെ ഏറ്റവും ദുര്‍ബലരായ തൊഴിലാളികളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കൂടുതല്‍ അടിയന്തിര പ്രാധാന്യത്തോടെ കാണണമെന്ന് ഐഎല്‍ഒ ഡയറക്ടര്‍ ജനറല്‍ ഗൈ റൈഡര്‍ പറഞ്ഞു. 'കോടിക്കണക്കിന് തൊഴിലാളികളെ സംബന്ധിച്ചിടത്തോളം വരുമാനമില്ല; ഭക്ഷണമോ സുരക്ഷയോ ഭാവിയോ ഇല്ല. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ബിസിനസുകള്‍ ആകട്ടെ വന്‍ പ്രതിസന്ധിയിലും. അവര്‍ക്ക് സമ്പാദ്യമോ വായ്പാ ലഭ്യതയോ ഇല്ല,' അദ്ദേഹം പറഞ്ഞു. 'തൊഴില്‍ ലോകത്തിന്റെ യഥാര്‍ത്ഥ മുഖങ്ങള്‍ ഇവയാണ്. നാം ഇപ്പോള്‍ അവരെ സഹായിച്ചില്ലെങ്കില്‍ അവ നശിക്കും.'

പ്രതിസന്ധിക്ക് മുമ്പുള്ള നിലവാരവുമായി താരതമ്യപ്പെടുത്തുമ്പോള്‍ എല്ലാ പ്രധാന പ്രദേശങ്ങളിലും സ്ഥിതി കൂടുതല്‍ വഷളായി.
ജോലിസ്ഥലം അടച്ചുപൂട്ടാന്‍ ശുപാര്‍ശ ചെയ്യപ്പെട്ട മേഖലകളില്‍ താമസിക്കുന്ന തൊഴിലാളികളുടെ അനുപാതം കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 81 ശതമാനത്തില്‍ നിന്ന് 68 ശതമാനമായി കുറഞ്ഞുവെന്നത് അത്രയൊന്നും ആശ്വാസം പകരുന്ന വാര്‍ത്തയായി കാണാനാകില്ലെന്ന് ഐഎല്‍ഒ കൂട്ടിച്ചേര്‍ത്തു. ഇത് പ്രധാനമായും ചൈനയിലെ മാറ്റങ്ങള്‍ മൂലമാണ്. മറ്റു പലയിടത്തും നിയന്ത്രണ നടപടികള്‍ ശക്തമാക്കേണ്ട സാഹചര്യമാണുള്ളത്.

'സാമ്പത്തിക ഭദ്രത വീണ്ടും സജീവമാക്കുന്നതിന് തൊഴില്‍ അനുകൂല സമീപനമാണ് പിന്തുടരേണ്ടത്.മികച്ച വിഭവശേഷിയുള്ളതും സമഗ്രവുമായ സാമൂഹിക പരിരക്ഷണ സംവിധാനങ്ങളുടെ പിന്തുണയോടെ ശക്തമായ തൊഴില്‍ നയങ്ങള്‍ ആവശ്യമാണ്. വീണ്ടെടുക്കല്‍ ഫലപ്രദവും സുസ്ഥിരവുമാക്കുന്നതിന് ഉത്തേജക പാക്കേജുകളിലെയും കടാശ്വാസ നടപടികളിലെയും അന്താരാഷ്ട്ര ഏകോപനവും നിര്‍ണായകമാകും. അന്താരാഷ്ട്ര തൊഴില്‍ മാനദണ്ഡങ്ങള്‍ക്ക് ഒരു ചട്ടക്കൂട് അനിവാര്യമാണ് '-ഐഎല്‍ഒ പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it