ഭക്ഷ്യധാന്യ ഉല്‍പ്പാദനത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി രാജ്യം

2020-21 വര്‍ഷത്തില്‍ ഭക്ഷ്യധാന്യ ഉല്‍പ്പാദനത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി രാജ്യം. തുടര്‍ച്ചയായി അഞ്ചാം വര്‍ഷമാണ് ഭക്ഷ്യധാന്യ ഉല്‍പ്പാദനത്തില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നത്. 297 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങളാണ് 2020-21 വര്‍ഷത്തില്‍ ഇതുവരെയായി ഉല്‍പ്പാദിപ്പിച്ചത്. കാലയളവ് പൂര്‍ത്തിയാകുന്നതോടെ 301 ദശലക്ഷം ടണ്ണിന്റെ ഉല്‍പ്പാദനമാണ് പ്രതീക്ഷിക്കുന്നത്. 2019-2020 വര്‍ഷത്തില്‍ ഇത് 296 ദശലക്ഷം ടണ്ണായിരുന്നു.

'ലക്ഷ്യം കൈവരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഈ വര്‍ഷത്തെ ഉല്‍പ്പാദനം അന്തിമമാക്കുന്നതിന് മുമ്പ് മൂന്ന് എസ്റ്റിമേറ്റുകള്‍ കൂടി ഉണ്ടായിരിക്കും. തുടര്‍ന്നുള്ള എസ്റ്റിമേറ്റുകളില്‍ ഈ കണക്ക് ഉയരും' കാര്‍ഷിക മന്ത്രാലയം ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
പയറുവര്‍ഗങ്ങളില്‍ സ്വയംപര്യാപ്തത നേടിയ ശേഷം, ഭക്ഷ്യഎണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന് ഓയില്‍സീഡിന്റെ ഉല്‍പ്പാദനം ഉയര്‍ത്താനാണ് ശ്രമിക്കുന്നത്. രാജ്യത്ത് കൃഷി മേഖലയെ കോവിഡ് മഹാമാരിയും കാര്‍ഷിക പ്രക്ഷോഭവും ബാധിച്ചിട്ടില്ല. പഞ്ചാബിലെ കര്‍ഷകര്‍ സംഭരണ പരിശീലനത്തില്‍ സജീവമായി പങ്കെടുക്കുകയും മുന്‍വര്‍ഷങ്ങളിലെ പോലെ തന്നെ ഗോതമ്പ് നട്ടുപിടിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2020-21 സാമ്പത്തിക വര്‍ഷത്തിലെ റെക്കോര്‍ഡ് ഉല്‍പ്പാദനം കാര്‍ഷിക കയറ്റുമതിയിലും കുതിപ്പുണ്ടാക്കി. മൂന്ന് പാദങ്ങളിലെ കണക്കനുസരിച്ച് കാര്‍ഷിക കയറ്റുമതി 25 ശതമാനം ഉയര്‍ന്ന് 1.02 ലക്ഷം കോടി രൂപയായി.
ഗോതമ്പ്, അരി, ചോളം തുടങ്ങിയ ധാന്യങ്ങളുടെ കയറ്റുമതിയില്‍ 52 ശതമാനം വര്‍ധനവാണുണ്ടായത്. കോവിഡ് -19 മഹാമാരി മൂലമുണ്ടായ അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഭക്ഷ്യധാന്യങ്ങളുടെ കുറവ് നേരിടുന്ന പല രാജ്യങ്ങളും ഇറക്കുമതി വര്‍ധിപ്പിച്ചിരുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it