കോവിഡ് പ്രതിരോധം: ഇന്ത്യ ബംഗ്ലാദേശിനെ കണ്ട് പഠിക്കണം

കോവിഡ് രണ്ടാംതരംഗം ഇന്ത്യയിലെമ്പാടും വിനാശം വിതയ്ക്കുമ്പോള്‍, കോവിഡ് വ്യാപനം ചെറുത്തു നിര്‍ത്തിയ 'ബംഗ്ലാദേശ് മോഡല്‍' രാജ്യാന്തരതലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. ജനങ്ങളെ സമ്പൂര്‍ണ വാക്‌സിനേഷന്‍ നടത്തി രോഗപ്രതിരോധശേഷി നേടിയെടുക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് കൃത്യമായി മനസ്സിലാക്കിയ ബംഗ്ലാദേശ് വിദൂര ഗ്രാമങ്ങളിലെ സാധാരണക്കാരില്‍ പോലും മാസ്‌ക് നിത്യശീലമാക്കുകയായിരുന്നു.

ഇതിന് അവര്‍ സ്വീകരിച്ച രീതികളും വ്യത്യസ്തമായിരുന്നു. ഗ്രാമീണ മേഖലയില്‍ വേരോട്ടമുള്ള സംഘടനകള്‍, മതവിഭാഗങ്ങള്‍, മതങ്ങളുടെ അധ്യക്ഷന്മാര്‍ എന്നിവരിലൂടെ ജനങ്ങളിലേക്ക് മാസ്‌ക് മാറ്റരുതെന്ന സന്ദേശം കൃത്യമായി എത്തിച്ചു. ''ബംഗ്ലാദേശ് ഗ്രാമീണര്‍ അന്യോന്യം മാസ്‌കുകള്‍ ഉപയോഗിക്കുന്നുണ്ടോയെന്ന് നിരീക്ഷിച്ചുകൊണ്ടേയിരുന്നു. മാസ്‌കില്ലാതെ ആരെയെങ്കിലും കണ്ടാല്‍ അവര്‍ കൈവശമുള്ളവയില്‍ ഒരെണ്ണം അവര്‍ക്ക്് നല്‍കി നിര്‍ബന്ധമായും അത് ധരിപ്പിക്കും,'' ബംഗ്ലാദേശ് കോവിഡിനെ പ്രതിരോധിക്കുന്ന രീതി പഠനവിധേയമാക്കിയ സംഘത്തിന് നേതൃത്വം നല്‍കിയ യേല്‍ യൂണിവേഴ്‌സിറ്റി ഇക്കണോമിക് പ്രൊഫസര്‍ മുഷ്്ഫിക് മൊബാറക് പറയുന്നു.

ബംഗ്ലാദേശിലെ ജനങ്ങള്‍ നെഞ്ചേറ്റുന്ന ക്രിക്കറ്റ് താരങ്ങള്‍ മറ്റ് റോള്‍ മോഡലുകള്‍ എന്നിവരുടെ ചെറിയ വീഡിയോ സന്ദേശങ്ങളും മാസ്‌ക് ഉപയോഗം വ്യാപകമാക്കാന്‍ സഹായിച്ചു. പള്ളികളില്‍ ഇമാമുമാര്‍ നിത്യേനയെന്നോണം മാസ്‌ക് ഉപയോഗത്തെ കുറിച്ച് അവബോധം നല്‍കി.

ഗ്രാമീണര്‍ ഏറ്റെടുത്ത പരിപാടി

ബംഗ്ലാദേശ് ഗ്രാമങ്ങളിലെ ജനങ്ങള്‍ തന്നെ വിവിധ വിഭാഗങ്ങളായി തിരിഞ്ഞ് മാസ്‌ക് പരിശോധനയും ഫോളോ അപും കുറ്റമറ്റ രീതിയിലാക്കി. ജനങ്ങള്‍ തന്നെ ആ ഉത്തരവാദിത്തം ഏറ്റെടുത്തതോടെ വിട്ടുവീഴ്ചയില്ലാതെ എല്ലാവരും മാസ്‌ക് ധരിക്കാന്‍ തുടങ്ങി.

ബംഗ്ലാദേശ് ഗ്രാമങ്ങളിലെ മാതൃക കണ്ടറിഞ്ഞ് സെല്‍ഫ് എംപ്ലോയ്ഡ് വിമന്‍സ് അസോസിയേഷന്‍ - സേവ ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ ഗ്രാമീണ മേഖലയിലെ സ്ത്രീകള്‍ക്കിടയില്‍ മാസ്‌ക് നിത്യശീലമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചുതുടങ്ങി. തെലുങ്കാന, ബീഹാര്‍ സംസ്ഥാനങ്ങളും ഗ്രാമങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കാനുള്ള എല്ലാ വഴികളും തേടുകയാണ്.

വാക്‌സിന്‍ വൈകും, മൂന്നാംതരംഗത്തെ മാസ്‌ക് വെച്ച് അകറ്റാം

രാജ്യത്തെ പ്രായപൂര്‍ത്തിയായവര്‍ക്കെല്ലാം ഈ വര്‍ഷാവസാനത്തോടെ ഒരു ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കുക എന്നത് പോലും ശ്രമകരമായ ദൗത്യമാണ്. രാജ്യത്തെ മൊത്തം വാക്‌സിനേഷന്‍ നടത്താന്‍ കാലമേറെ പിടിക്കുമെന്നതാണ് യാഥാര്‍ത്ഥ്യം. ആ സാഹചര്യത്തില്‍ കോവിഡിനെ ചെറുക്കാന്‍ ചെലവ് കുറഞ്ഞ, സുരക്ഷിതമായ മാര്‍ഗം മാസ്‌ക് ഉപയോഗം തന്നെയാണ്.

ഇന്ത്യയില്‍ മാസ്‌ക് ശീലമാക്കുക എന്ന സന്ദേശം എല്ലായിടത്തുമുണ്ടെങ്കിലും ജനങ്ങള്‍ സ്വമേധയാ അത് ഏറ്റെടുത്ത് നടപ്പാക്കുന്നതില്‍ വീഴ്ചയുണ്ട്. അതിന് സഹായിക്കുന്ന നയം സര്‍ക്കാര്‍ കൊണ്ടുവരാന്‍ കാത്തുനില്‍ക്കാതെ ജനങ്ങളും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നവരും സന്നദ്ധ സംഘടനകളും ജനങ്ങളില്‍ മാസ്‌ക് ഉപയോഗം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയാല്‍ ബംഗ്ലാദേശിനെ പോലും കോവിഡിനെ പ്രതിരോധിക്കാന്‍ നമുക്കും സാധിക്കും. മൂന്നാംതരംഗത്തിന്റെ രൂക്ഷത കുറയ്ക്കാനും പറ്റും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it