അതിസമ്പന്നരുടെ ആസ്തിയും സാമ്പത്തിക അസമത്വവും വളരുന്നത് ഒരേ വേഗത്തില്‍
രാജ്യത്ത് കോടിപതികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധന. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2018-19 മൂല്യനിര്‍ണ്ണയ വര്‍ഷത്തില്‍ 16,345 കോടിപതികള്‍ കൂടുതലായി ഔദ്യോഗിക രേഖകളില്‍ സ്ഥാനം പിടിച്ചതായി പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ ഡാറ്റ വ്യക്തമാക്കുന്നു. അതേസമയം, നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തവരുടെ മൊത്തം എണ്ണത്തിന്റെ 0.17 ശതമാനമേയുള്ളൂ കോടിയിലേറെ സ്വത്തുള്ളവര്‍.
2018-19 ല്‍ 97,689 പേര്‍ക്കാണ് ഒരു കോടിയിലധികം മൊത്ത വരുമാനം ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഇത് 81,344 ആയിരുന്നു. റിട്ടേണ്‍ ഫയല്‍ ചെയ്തവരുടെ മൊത്തം എണ്ണം 12018-19 ല്‍ 55.3 ദശലക്ഷമാണ്. ഇവരില്‍ 99 ശതമാനം പേരുടെയും വരുമാനം 10 ലക്ഷം രൂപയില്‍ താഴെയാണെന്നത് വരുമാന അസമത്വം സംബന്ധിച്ച തെളിവായി ഡാറ്റയിലുണ്ട്. 13.9 ശതമാനം പേരുടെ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ താഴെയാണ്. വിവിധ കിഴിവുകള്‍ കൂടി കണക്കാക്കിയുള്ള കണക്കുകളാണിത്. നികുതി സമര്‍പ്പിക്കുന്നവരില്‍ 60 ശതമാനത്തിലധികം പേരുടെയും വാര്‍ഷിക വരുമാനം 5 ലക്ഷം രൂപ വരെയാണെന്നും ഡാറ്റ വ്യക്തമാക്കുന്നു.
രാജ്യത്തുണ്ടാകുന്ന സമ്പത്തില്‍ 73 ശതമാനം സ്വന്തമാക്കുന്നത് ഒരു ശതമാനം വരുന്ന അതിസമ്പന്നരാണെന്ന്, ഓക്സ്ഫാം വാര്‍ഷിക സര്‍വ്വേയില്‍ കണ്ടെത്തിയിരുന്നു. രാജ്യത്തെ 67 ശതമാനം വരുന്ന ദരിദ്രരുടെ വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ വര്‍ധന വെറും ഒരു ശതമാനം മാത്രമാണെന്നും സര്‍വ്വേ വ്യക്തമാക്കി. ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ ഗൗരവമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു ഈ സര്‍വ്വേ റിപ്പോര്‍ട്ട്. ഇന്ത്യയുടെ സമ്പത്തിന്റെ 58 ശതമാനം, ഒരു ശതമാനം വരുന്ന സമ്പന്നരുടെ കയ്യിലെന്നായിരുന്നു മുന്‍ വര്‍ഷത്തെ സര്‍വ്വേ ഫലം.
2017ല്‍ ഇന്ത്യയിലെ ഒരു ശതമാനം വരുന്ന അതിസമ്പന്നരുടെ സ്വത്ത് 20.9 ലക്ഷം കോടിയിലേറെ വര്‍ധിച്ചു. അവരുടെ മൊത്തം സ്വത്ത് വിഹിതം 2018-19 ലെ കേന്ദ്ര ബജറ്റിനേക്കാള്‍ കൂടുതലാണ് (24,422 ബില്യണ്‍ രൂപ). ഇപ്പോള്‍ രാജ്യത്തിന്റെ മൊത്തം സ്വത്തിന്റെ 50 ശതമാനത്തിനു തുല്യമായ സ്വത്ത് സമ്പന്നരായ ഒമ്പത് ഇന്ത്യക്കാരില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. 2018 മുതല്‍ 2022 വരെ ഇന്ത്യയില്‍ ദിനംപ്രതി 70 പുതിയ കോടീശ്വരന്മാരുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. നൂറ് കോടി ആസ്തിയുള്ള 18 പേര്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയിലുണ്ടായി. ശതകോടീശ്വരന്മാരുടെ എണ്ണം രാജ്യത്ത് ഇതോടെ 101 ആയി.
രാജ്യത്തെ 37 ശതമാനം ശതകോടീശ്വരന്‍മാരും പാരമ്പര്യമായി കിട്ടിയ സ്വത്തിനുടമകളാണെന്നും ഓക്സ്ഫാം സര്‍വ്വെ ചൂണ്ടിക്കാട്ടുന്നു. പത്തില്‍ ഒമ്പത് ശതകോടീശ്വരന്‍മാരും പുരുഷന്‍മാരാണെന്ന ശ്രദ്ധേയ നിരീക്ഷണവുമുണ്ടായിരുന്നു സര്‍വ്വേയില്‍. നൂറ് കോടി ആസ്തിയുള്ള ഇന്ത്യയിലെ 101 സമ്പന്നരില്‍ നാലു പേര്‍ മാത്രമാണ് സ്ത്രീകള്‍. അതില്‍ മൂന്ന് പേരും പാരമ്പര്യസ്വത്തിന്റെ ഉടമകളാണ്.
സമ്പത്ത് ചെറിയൊരു ന്യൂനപക്ഷത്തിലേക്ക് കേന്ദ്രീകരിക്കുന്ന പ്രവണത ലോകത്താകമാനം വര്‍ധിച്ചു വരികയാണെന്ന് സര്‍വ്വേ ചൂണ്ടിക്കാട്ടിയിരുന്നു. രണ്ടു ദിവസത്തിനിടെ ഒരാള്‍ എന്ന തോതില്‍ അതിവേഗ വളര്‍ച്ചയാണ് ലോകത്ത് കോടിപതികളുടെ എണ്ണത്തില്‍ രേഖപ്പെടുത്തുന്നത്. 2010 മുതല്‍ കോടിപതികളുടെ സമ്പത്ത് 13 ശതമാനം എന്ന തോതില്‍ വര്‍ധിച്ചു.