Begin typing your search above and press return to search.
ക്രൂഡ് ഓയില്‍ വില 2022ല്‍ ബാരലിന് 100 ഡോളര്‍ കടക്കുമെന്ന് വിദഗ്ധര്‍
കോവിഡ് വ്യാപിച്ചാലും 2022, 2023 വര്‍ഷങ്ങളില്‍ വിലക്കയറ്റം തുടരുമെന്ന് പ്രവചനങ്ങള്‍
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില 2022ല്‍ 100 ഡോളര്‍ കടക്കുമെന്ന് വിശകലന വിദഗ്ധര്‍. നിലവിലുള്ളതിനേക്കാള്‍ 41 ശതമാനം വില വര്‍ധനയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഒമിക്രോണ്‍ വ്യാപനം അതിശക്തമായാല്‍ 2022ന്റെ ആദ്യ പകുതിയില്‍ തന്നെ ഈ കുതിപ്പുണ്ടാകുമെന്നും ഗോള്‍ഡ്മാന്‍ സാച്ച്‌സ് ഗവേഷക തലവന്‍ ഡാമിയന്‍ കോര്‍വാലിന്‍ പറഞ്ഞു.
1990ന് ശേഷം ബ്രെന്റ് ക്രൂഡ് ഇന്‍ഡക്‌സില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ വര്‍ഷമായിരുന്നു 2021 കലണ്ടര്‍ വര്‍ഷമെന്ന് റോബോബാങ്ക് ഇന്റര്‍നാഷണല്‍ വിദഗ്ധര്‍ പറയുന്നു. ഈ വര്‍ഷം 41 ശതമാനം വരെ നേട്ടമാണ് ബ്രെന്റ് ക്രൂഡ് ഓയില്‍ ഉണ്ടാക്കിയത്. ഒരു ഘട്ടത്തില്‍ ബാരലിന് 85 ഡോളര്‍ വരെ കുതിച്ച വില ഇപ്പോള്‍ 72 ഡോളറിലെത്തിയിരിക്കുകയാണ്.
2022 ലും 2023 ലും ബാരലിന് 100 ഡോളര്‍ കടക്കുമെന്നാണ് ഗോള്‍ഡ്മാന്‍ സാച്ച്‌സ് പ്രവചിക്കുന്നത്. ഒമിക്രോണ് മുമ്പേ തന്നെ ഓയില്‍ ഡിമാന്റ് വളരെ കൂടിയിരിക്കുകയാണ്. ജെറ്റ് ഇന്ധനത്തിനും ഡിമാന്റ് കൂടി. 2022 ലെ ഈ ഡിമാന്റ് 2023 ലും തുടരുമെന്നും അനലിസ്റ്റുകള്‍ പറയുന്നു. ഒമിക്രോണ്‍ വകഭേദം കൂടിയാലും കോവിഡ് കേസുകള്‍ വര്‍ധിച്ചാലും ഓയില്‍ ഡിമാന്റ് കുറയില്ലെന്നും ബാരലിന് 100 ഡോളര്‍ കടക്കുമെന്നും അവര്‍ വ്യക്തമാക്കുന്നു.
ഈയൊരു അവസ്ഥ മാര്‍ക്കറ്റില്‍ കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പും കണ്ടിരുന്നു. 2011ല്‍ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 126 ഡോളര്‍ വരെയെത്തി. അറബ് വിപ്ലവം തുടങ്ങിയതോടെ മൂന്നു വര്‍ഷത്തേക്ക് നൂറ് ഡോളറിന് മുകളില്‍ തന്നെ വില നിലനിന്നു. ചൈനയുടെ ആഭ്യന്തര വളര്‍ച്ച വേഗത കുറയ്ക്കുകയും യു.എസ് പ്രകൃതി വാതകം ഉല്‍പാദനം കുത്തനെ കൂട്ടുകയും ചെയ്തതോടെ 2014ല്‍ ഡിമാന്റ് കുറഞ്ഞു. ഇതോടെ 70 ശതമാനം വരെ വിലിയിടിഞ്ഞു. 2016 വരെ ഇതേ സ്ഥിതിയായിരുന്നു.
Next Story
Videos