വജ്രവില്‍പ്പനയില്‍ ഉണര്‍വെന്ന് വ്യാപാരികള്‍; വാങ്ങിക്കൂട്ടുന്നത് ചെറുപ്പക്കാര്‍, കാരണമെന്താകാം?

രാജ്യത്തെ ഡയമണ്ട് റീറ്റെയ്ല്‍ വ്യാപാരികളുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വജ്ര വില്‍പ്പന കൂടിയിട്ടുണ്ട്. 20 വയസ്സിനും 30 വയസ്സിനുമിടയിലുള്ള ചെറുപ്പക്കാരാണ് ഉപഭോക്താക്കളില്‍ കൂടുതലെന്നും ഇവര്‍ വ്യക്തമാക്കുന്നു. ഭാവിയില്‍ വജ്രത്തിനു വില കൂടുമെന്ന് കണ്ടുകൊണ്ടാണോ ഈ വാങ്ങല്‍ പ്രവണതയെന്നാണ് പലരും ഉറ്റു നോക്കുന്നത്.

ബിസിനസുകള്‍ പലതും പൂര്‍വ സ്ഥിതിയിലേക്ക് പ്രവര്‍ത്തിച്ചു തുടങ്ങിയതിന്റെ ഭാഗമായി പണം ചെലവഴിക്കുന്ന പ്രവണത തിരികെ എത്തിയിട്ടുണ്ടെന്നതാണ് വ്യാപാരികള്‍ വ്യക്തമാക്കുന്ന ഘടകം. 2021 ജനുവരിയില്‍ വില്‍പ്പന 14 ശതമാനം കൂടിയിട്ടുണ്ടെന്ന് ഡി ബിയേഴ്സ് ഇന്ത്യ അറിയിച്ചതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്, എന്‍എസി ജ്വല്ലേഴ്സ് എന്നിവയാണ് കഴിഞ്ഞ മാസം വജ്രാഭരണങ്ങള്‍ക്ക് നല്ല ഡിമാന്‍ഡ് നേടിയത്. ഫെബ്രുവരിയിലും ഈ വര്‍ധന തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി മലബാര്‍ ഗോള്‍ഡ് എറണാകുളം എംജി റോഡ് ബ്രാഞ്ചില്‍ നിന്നുള്ള സെയ്ല്‍സ് വിഭാഗം പറയുന്നു.
വജ്രങ്ങളുടെ വില കുത്തനെ ഉയര്‍ന്നിട്ടില്ല. ഒരു കാരറ്റിന് 2,000 മുതല്‍ 3,000 രൂപ വരെയാണ് ഉയര്‍ന്നിട്ടുള്ളത്. സമ്പദ്വ്യവസ്ഥ ക്രമേണ സാധാരണ നിലയിലേക്ക് മടങ്ങിവരുന്നതിനാല്‍ ആവശ്യകത കുറയാന്‍ പോകുന്നില്ല എന്നും വജ്ര വ്യാപാരികള്‍ പറയുന്നു. അതേ സമയം ബജറ്റില്‍ രത്‌നങ്ങള്‍ക്കും ഇറക്കുമതി ചെയ്യുന്ന അമൂല്യ കല്ലുകള്‍ക്കും വിലകൂടുമെന്ന പ്രഖ്യാപനവും ഈ വാങ്ങല്‍ പ്രവണതയ്ക്കു പിന്നിലുണ്ടായിരിക്കാമെന്നും വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.
ജോലി നഷ്ടപ്പെട്ടവരും വീട്ടിലിരുന്നു ജോലി ചെയ്തിരുന്നവരുമടങ്ങുന്ന 'മില്ലേനിയല്‍സ'് എന്ന യുവ ഉപഭോക്തൃ നിര വിപണിയിലേക്ക് പണമിറക്കാന്‍ തുടങ്ങിയിട്ടുണ്ട് എന്നതിന് തെളിവ് കൂടിയായി ഇതിനെ കാണാം. ഇന്ത്യയില്‍, വജ്രങ്ങളുടെ ആവശ്യം നഗരങ്ങളില്‍ നിന്നു മാത്രമുള്ളവര്‍ക്കായി പരിമിതപ്പെട്ടിട്ടില്ല. ചെറിയ പട്ടണങ്ങളില്‍ നിന്നും നഗരങ്ങളില്‍ നിന്നുമുള്ളവര്‍ പോലും വജ്രങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നതായി വജ്രവ്യാപാര രംഗത്തുള്ളവര്‍ പറയുന്നു.
സ്വര്‍ണാഭരണങ്ങളുടെ മഞ്ഞലോഹപ്പെരുമയെക്കാളേറെ മിനിമലിസം ആഗ്രഹിക്കുന്ന ചെറുപ്പക്കാരാണ് വജ്രാഭരണങ്ങളിലേക്ക് കൂടുതല്‍ ആകൃഷ്ഠരാകുന്നതെന്നതാണ് ജൂവല്‍റിക്കാര്‍ പറയുന്നത്. സര്‍ട്ടിഫൈയ്ഡ് ഡയമണ്ടുകള്‍ ഫാഷന്‍ സ്റ്റേറ്റ്‌മെന്റ് മാത്രമല്ല, ഭാവിയിലേക്കുള്ള സമ്പാദ്യമായി കാണുന്നവരും നിരവധി. ഇതുതന്നെയാണ് വില്‍പ്പനയ്ക്ക് ഉണര്‍വേകുന്ന ഘടകവും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it