Begin typing your search above and press return to search.
ജനപ്രിയമല്ലെങ്കിലും അച്ചടക്കമുള്ള ബജറ്റെന്ന് കേരളത്തിലെ പ്രമുഖര്‍; ഊന്നല്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക്
എം.എസ്.എം.ഇ സംരംഭങ്ങളുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ധനകാര്യ മേഖലയെ ഒരുക്കുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാര്‍ഹമാണെന്ന് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ കെ. പോള്‍ തോമസ് പറഞ്ഞു.
ബാങ്ക് വായ്പാ ലഭ്യത സുഗമമാകുന്നതോടെ എം.എസ്.എം.ഇകള്‍ ആഭ്യന്തര വിപണിയിലും രാജ്യാന്തര വിപണിയിലും കൂടുതല്‍ മത്സരക്ഷമമാകും. പി.എം.എ.വൈ പദ്ധതിയുടെ വിപുലീകരണം വീടുകളുടെ ക്ഷാമത്തിന് പരിഹാരമാകുന്നതോടൊപ്പം ഈ രംഗത്ത് ബാങ്കുകള്‍ക്കും ഒരു അവസരമാകും. സ്വകാര്യ മേഖലയില്‍ നൂതനാശയങ്ങള്‍ക്ക് ദീര്‍ഘകാല പലിശ രഹിത ഫണ്ട് ലഭ്യമാക്കുന്നതും സ്വയം സഹായ സംഘങ്ങളിലൂടെ കൂടുതല്‍ വനിതാ സംരംഭകരെ സൃഷ്ടിക്കുന്നതിന് നല്‍കുന്ന ശ്രദ്ധയും സ്വാഗതാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു.
അച്ചടക്കമുള്ള ബജറ്റ്
അച്ചടക്കത്തോട് കൂടിയുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് ഡി.ബി.എഫ്.എസ് മാനേജിംഗ് ഡയറക്ടര്‍ പ്രിന്‍സ് ജോര്‍ജ് പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രഖ്യാപനങ്ങളൊന്നുമുണ്ടായില്ല. റോഡ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളില്‍ വാരിക്കോരി ചെലവഴിക്കുന്നുവെന്നുള്ള ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുന്നതായി ധനക്കമ്മി ലക്ഷ്യം 5.1 ശതമാനത്തിലേക്ക് ചുരുക്കിയത്. 2025 സാമ്പത്തിക വര്‍ഷത്തേക്കുള്ള ധനക്കമ്മി 5.4 ശതമാനമായിരുന്നു നേരത്തെയുള്ള കണക്കു കൂട്ടല്‍. കടമെടുത്ത് വലിയ പദ്ധതികള്‍ നടപ്പാക്കുന്നില്ലെന്നും അച്ചടക്കം പാലിക്കുന്നുണ്ടെന്നും തെളിയിക്കാന്‍ ഇത് വഴി സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.
11.11 ലക്ഷം കോടിയുടെ ചെലവ് ആശ്വാസകരം
സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കുമെന്ന വാഗ്ദാനത്തില്‍ തന്നെ സര്‍ക്കാര്‍ തുടരുമെന്നാണ് ഇടക്കാല ബജറ്റ് നല്‍കുന്ന സൂചനയെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റും ചീഫ് ബിസിനസ് ഓഫീസറുമായ കെ. തോമസ് ജോസഫ് പറഞ്ഞു.
11.11 ലക്ഷം കോടി രൂപയുടെ റെക്കോഡ് മൂലധന ചെലവ് ആശ്വാസകരമാണ്. ഗതിശക്തി പദ്ധതിയിലൂടെ ഗതാഗത രംഗത്തെ അടിസ്ഥാനസൗകര്യ വികസനം രാജ്യത്തുടനീളമുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തേജനമാകും. ഊര്‍ജ്ജ രംഗത്ത് ശ്രദ്ധ പതിപ്പിക്കുന്നത് വ്യവസായ മേഖലയ്ക്ക് പ്രചോദനവും ആത്മവിശ്വാസവും നല്‍കും. മധ്യവര്‍ഗത്തിനുള്ള ഭവന പദ്ധതിയും ക്ഷീര വികസനത്തിനുള്ള പദ്ധതികളും മറ്റും ഗ്രാമീണ സമ്പദ്വ്യവസ്ഥയ്ക്ക് കുതിപ്പേകും. ഇടക്കാല ബജറ്റ് ആണെങ്കിലും ഇന്ത്യയുടെ തുടര്‍ച്ചയായ സാമ്പത്തിക വളര്‍ച്ചയില്‍ പ്രതീക്ഷയര്‍പ്പിക്കാമെന്നതിന് ധനമന്ത്രി തെളിവുകള്‍ നിരത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വികസിത് ഭാരതിനുള്ള വളര്‍ച്ചാ പാത
ഭരണം, വികസനം, പ്രകടനം എന്നിങ്ങനെ ജി.ഡി.പിക്ക് പുതിയ നിര്‍വചനം നല്‍കി ധനമന്ത്രി നിര്‍മല സീതാരാമന്‍ 2047ഓടെ ഇന്ത്യയെ ഒരു വികസിത ഭാരതമാക്കി മാറ്റുന്നതിനുള്ള കൃത്യമായ വളര്‍ച്ചാ പാതയാണ് അവതരിപ്പിച്ചതെന്ന് മണപ്പുറം ഫിനാന്‍സ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ വി.പി. നന്ദകുമാര്‍ പറഞ്ഞു. ദീര്‍ഘകാല വികസനവും സുസ്ഥിര വളര്‍ച്ചയും ഉറപ്പാക്കുന്നതിന് സാമ്പത്തിക മുന്‍കരുതല്‍ തുടരാനുള്ള സര്‍ക്കാരിന്റെ തീരുമാനം ശ്ലാഘനീയം. പൊതു തിരഞ്ഞെടുപ്പ് അടുത്തെത്തിയ സാഹചര്യമാണെങ്കിലും ഈ ഇടക്കാല ബജറ്റ് സാമ്പത്തിക മുന്‍ഗണനകളില്‍ നിന്ന് വ്യതിചലിച്ചില്ല എന്നതും ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു.
ധനക്കമ്മി കുറച്ചുനിറുത്താന്‍ കഴിഞ്ഞത് ശ്രദ്ധേയം
ധനക്കമ്മി പ്രതീക്ഷിച്ചതിലും കുറഞ്ഞ നിലയില്‍ 5.1 ശതമാനമാക്കി കുറച്ചുനിറുത്താന്‍ കഴിഞ്ഞു എന്നതാണ് ബജറ്റിന്റെ ഏറ്റവും വലിയ ശക്തിയെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഫിനാന്‍സ് ഓഫീസര്‍ മിനി നായര്‍ പറഞ്ഞു. ഗവേഷണ, വികസന രംഗത്തെ പുതിയ കണ്ടുപിടിത്തങ്ങള്‍ക്കായി ഒരുലക്ഷം കോടി രൂപ ചെലവഴിക്കാന്‍ തീരുമാനിച്ചത് ശ്രദ്ധേയം.
മാസ ശമ്പളക്കാര്‍ക്കിടയില്‍ വ്യക്തിഗതനികുതിയുടെ കാര്യത്തില്‍ നിരാശയുണ്ട്. ഇതൊരു ഇടക്കാല ബജറ്റ് മാത്രമായതിനാല്‍, വ്യക്തിഗത നികുതിയുടെ കാര്യത്തില്‍ കൂടുതല്‍ ഇളവിന് ഇനിയും സാധ്യതയുണ്ടെന്ന് പ്രതീക്ഷിക്കാമെന്നും മിനി നായര്‍ ചൂണ്ടിക്കാട്ടി.
ജനപ്രിയ പ്രഖ്യാപനങ്ങളില്ല, ഊന്നല്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക്
ജനപ്രിയമാകാന്‍ ശ്രമിക്കാതെ സാമ്പത്തിക വളര്‍ച്ചയ്ക്കും വികസനത്തിനും ഊന്നല്‍ നല്‍കുന്നു എന്നതാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റിന്റെ മുഖമുദ്രയെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ.വി.കെ. വിജയകുമാര്‍ പറഞ്ഞു.
കൈയടി ലഭിക്കാവുന്ന ജനപ്രിയ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിക്കാതെ സ്ഥിരതയോടു കൂടിയ സാമ്പത്തിക വളര്‍ച്ചയ്ക്കാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയിരിക്കുന്നത്. അതുകൊണ്ടാണ് 2025 സാമ്പത്തിക വര്‍ഷത്തേക്കുള്ള ധനക്കമ്മി 5.1 ശതമാനമാക്കി നിറുത്തിയിരിക്കുന്നത്. ധനക്കമ്മി ലക്ഷ്യം 5.1 ശതമാനത്തില്‍ നിര്‍ത്തിയത് സര്‍ക്കാര്‍ ധനകാര്യ അച്ചടക്കത്തിന് നല്‍കുന്ന ഊന്നലാണ് പ്രതിഫലിപ്പിക്കുന്നത്.
ശ്രദ്ധേയമായ ഒരു നിര്‍ദേശം അടുത്ത അഞ്ച് വര്‍ഷംകൊണ്ട് ഗ്രാമീണ മേഖലയില്‍ രണ്ടു കോടി വീടുകള്‍ നിര്‍മിക്കുമെന്നതാണ്. ഇത് കെട്ടിട നിര്‍മാണരംഗത്ത് തൊഴിലവസരങ്ങള്‍ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story
Videos