പെട്രോള്‍ പമ്പുകളില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ക്കുള്ള ഇളവ് വെട്ടിക്കുറച്ചു

നോട്ട് നിരോധനത്തിന് ശേഷമാണ് ക്യാഷ് ബാക്ക് ഓഫര്‍ നിലവില്‍ വന്നത്.

പെട്രോള്‍ പമ്പുകളില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് അനുവദിച്ചിരുന്ന ഇളവ് വെട്ടിക്കുറച്ചു. ഓയില്‍ കമ്പനികള്‍ പെട്രോള്‍ പമ്പ് നടത്തിപ്പുകാര്‍ക്ക് അയച്ച സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20 മാസം മുന്‍പേ ക്യാഷ് ബാക്ക് ഓഫര്‍ പ്രഖ്യാപിച്ചിരുന്നു. പ്രെട്രോള്‍ പമ്പില്‍ ഇത്തരത്തില്‍ പണം നല്‍കുന്നവര്‍ക്ക് മൂന്ന് ദിവസത്തിനകം ഡിസ്‌കൗണ്ട് ബാങ്ക് എക്കൗണ്ടില്‍ എത്തും.

നിലവില്‍ 0.75 ശതമാനം ഇളവാണ് നല്‍കിയിരുന്നത്. ഇത് 0.25 ആയി ചുരുക്കാനാണ് കമ്പനികള്‍ പെട്രോള്‍ പമ്പ് നടത്തിപ്പുകാരോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

നോട്ട് നിരോധനത്തിന് ശേഷമാണ് ഈ ക്യാഷ് ബാക്ക് ഓഫര്‍ നിലവില്‍ വന്നത്. ആവശ്യമുള്ളത്ര കറന്‍സി സിസ്റ്റത്തിലേക്ക് വന്നതോടെ ഡിജിറ്റല്‍ ഇടപാടുകള്‍ കുറഞ്ഞതാണ് ഇത്തരമൊരു നീക്കത്തിന് പിന്നിലെന്ന് കരുതുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here