ലോകത്തിലെ ഏറ്റവും മോശം വായുവുള്ള രാജ്യതലസ്ഥാനം ഏതാണെന്നറിയാമോ?

ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട 30 നഗരങ്ങളില്‍ 22ഉം ഇന്ത്യയില്‍! അതില്‍ പകുതിയും ഉത്തര്‍പ്രദേശില്‍. കേരളമടക്കം ദക്ഷിണേന്ത്യയിലെ ഒരു നഗരവും പട്ടികയില്‍ ഇല്ല
ലോകത്തിലെ ഏറ്റവും മോശം വായുവുള്ള രാജ്യതലസ്ഥാനം ഏതാണെന്നറിയാമോ?
Published on

ലോകത്തിലെ ഏറ്റവും വായു മലിനീകൃതമായ 30 നഗരങ്ങളില്‍ 22 എണ്ണവും ഇന്ത്യയില്‍. സ്വിറ്റ്‌സര്‍ലണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന IQAir എന്ന സ്ഥാപനത്തിന്റെ 2020ലെ ലോക വായു ഗുണനിലവാര റിപ്പോര്‍ട്ടിലാണ് ഇന്ത്യന്‍ നഗരങ്ങളുടെ ശോചനീയവാസ്ഥ വെളിപ്പെടുത്തിയിട്ടുള്ളത്. ലോകത്തിലെ ഏറ്റവും വായു മലിനീകൃതമായ തലസ്ഥാന നഗരമെന്ന സ്ഥാനം ഡെല്‍ഹിക്കാണ്. മലിനീകരണത്തില്‍ മുന്നിട്ടു നില്‍ക്കുന്ന 22 ഇന്ത്യന്‍ നഗരങ്ങളില്‍ 11ഉം ഉത്തര്‍പ്രദേശിലാണ്. ഹരിയാന, രാജസ്ഥാന്‍, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലാണ് മറ്റു നഗരങ്ങള്‍. കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഒരു നഗരവും 22ന്റെ പട്ടികയില്‍ ഇല്ല.

ഡെല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം 2019നും 2020നും ഇടയില്‍ 15 ശതമാനത്തോളം മെച്ചപ്പെട്ടുവെങ്കിലും ലോകത്തിലെ ഏറ്റവും മലിനീകൃതമായ തലസ്ഥാന നഗരമെന്നും, ലോകത്തിലെ ഏറ്റവും മലിനീകൃതമായ 10 നഗരങ്ങളില്‍ ഒന്നും ആണെന്നുള്ള കാര്യത്തില്‍ മാറ്റമില്ല. മലിനീകരണം കുറയ്ക്കുന്നതിനായി ഏറെ കൊട്ടിഘോഷിക്കപ്പെട്ട സ്വച്ഛഭാരത് പദ്ധതി അടക്കം നടപ്പിലാക്കുന്നുവെന്ന് അവകാശപ്പെടുന്ന ഉത്തര്‍ പ്രദേശിലാണ് ഇന്ത്യയിലെ ഏറ്റവും മലിനീകൃതമായ 11 നഗരങ്ങള്‍. ഡെല്‍ഹിയുടെ പ്രാന്തപ്രദേശങ്ങളായ ഗാസിയാബാദ്, ബുലന്ദ്ഷഹര്‍, നോയിഡ, ഗ്രേറ്റര്‍ നോയിഡ എന്നിവവക്കു പുറമെ കാണ്‍പൂര്‍, ലഖ്‌നൗ, ആഗ്ര, മീററ്റ് തുടങ്ങിയ ഉത്തര്‍പ്രദേശിലെ പ്രമുഖ നഗരങ്ങള്‍ ഈ പട്ടികയില്‍ പെടുന്നു. ബിസ്രാഖ്, ജലാല്‍പൂര്‍, മുസാഫര്‍നഗര്‍ എന്നിവയാണ് മലിനീകരണത്തില്‍ മുന്നിട്ടു നില്‍ക്കുന്ന യുപിയിലെ മറ്റു നഗരങ്ങള്‍.

ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ ഹര്യാനയാണ് മലിനീകൃത നഗരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനം. ഫരീദാബാദ്, ജിന്‍ഡ്, റോത്താക്, ഹിസാര്‍, ഫത്തേബാദ്, ബന്ദ്‌വാരി, യമുന നഗര്‍, ഗുരുഗ്രാം, ധരുഹേര തുടങ്ങിയ ഒമ്പത് നഗരങ്ങളാണ് പട്ടികയില്‍ ഇടം തേടിയത്. രാജസ്ഥാനിലെ ഭിവാരി, ബീഹാറിലെ മുസഫര്‍പൂര്‍ എന്നിവടങ്ങളാണ് പട്ടികയിലെ മറ്റു രണ്ട് നഗരങ്ങള്‍.

IQAirന്റെ റിപ്പോര്‍ട്ട് പ്രകാരം ചൈനയിലെ സിന്‍ജിയാംഗ് (Xinjiang) ആണ് ലോകത്തിലെ ഏറ്റവും വായു മലിനീകൃതമായ നഗരം. അത് കഴിഞ്ഞാല്‍ വരുന്ന 9 നഗരങ്ങളും ഇന്ത്യയിലാണ്. ഗാസിയാബാദ് ആണ് വായവിന്റെ ഗുണ നിലവാരത്തില്‍ ലോകത്തിലെ രണ്ടാമത്തെ ഏറ്റവും മലിനീകൃതമായ നഗരം. ലോകത്തെ 106 രാജ്യങ്ങളിലെ അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്ന വസ്തുക്കളുടെ അഥവാ PM2 (പാര്‍ട്ടിക്കുലര്‍ മാറ്റര്‍) കണക്കിനെ ആസ്പദമാക്കിയാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. ഗതാഗതം, ഭക്ഷണം പാചകം ചെയ്യുന്ന പരമ്പരാഗത അടുക്കളകള്‍, വ്യവസായ സ്ഥാപനങ്ങള്‍, കെട്ടിട നിര്‍മാണം, പാഴ് വസ്തുക്കള്‍ കത്തിക്കല്‍, വൈദ്യുതി ഉല്‍പ്പാദനം, കാര്‍ഷികാവശ്യങ്ങള്‍ക്കായുള്ള കത്തിക്കല്‍ എന്നിവയാണ് ഇന്ത്യയിലെ വായു മലിനീകരണത്തിന്റെ പ്രധാനകാരണങ്ങള്‍.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com