രോഗക്കിടക്കയില്‍ കേരളത്തിന്റെ സമ്പദ് വ്യവസ്ഥ, ചെലവ് ചുരുക്കാതെ വഴിയില്ല
കടം കൊണ്ട് കോവിഡ് ഉണ്ടാക്കുന്ന നഷ്ടത്തെ കേരളത്തില്‍ നിന്ന് കരകയറാനാകുമോ? സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരിശോധിക്കുമ്പോള്‍ വായ്പകളെടുത്ത് കേരളത്തിന് മുന്നോട്ടുപോകാനാവാത്ത സ്ഥിതിയാണ്.
നോട്ട് പിന്‍വലിക്കല്‍, ജി എസ് ടി നടപ്പാക്കല്‍, ഗള്‍ഫിലെ തദ്ദേശവല്‍ക്കരണം, കാലാവസ്ഥാ വ്യതിയാനം, 2018ലെയും 2019ലെയും പ്രളയം, നിപ്പ ബാധ... ഒടുവില്‍ കോവിഡും വന്നതോടെ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയാണ് രോഗശയ്യയിലായിരിക്കുന്നത്.
2019 ഡിസംബറിലെ കണക്ക് പ്രകാരം സര്‍ക്കാരിന്റെ പൊതുകടം 1,71,748 കോടി രൂപയും ബാധ്യത 2,55,520 കോടി രൂപയുമാണ്.
സംസ്ഥാനത്തിന്റെ പൊതുകടം 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 24,491.91 കോടിയാകുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് തന്നെ പറയുന്നുണ്ട്. അതായത് ഓരോ കേരളീയന്റെയും ആളോഹരി കടം 72,000 രൂപയിലധികം!
പുതിയ വരുമാനസ്രോതസ്സുകളില്ല
സംസ്ഥാനത്തിന്റെ വായ്പാ പരിധി ഉയര്‍ത്തി പുതിയ വായ്പകളെടുത്ത് സാമ്പത്തിക പ്രതിസന്ധിയെ മാനേജ് ചെയ്യാനാണ് ധനമന്ത്രി ഡോ. തോമസ് ഐസക് ഇപ്പോള്‍ ശ്രമിക്കുന്നത്. ഇത് താല്‍ക്കാലിക പ്രശ്‌ന പരിഹാരം മാത്രമാണ്. ഭാവിയില്‍ മറ്റൊരു പ്രതിസന്ധി കേരളത്തിനു മുന്നില്‍ വന്നാല്‍ വീണ്ടും സ്ഥിതിഗതികള്‍ മോശമാകും.
അതുകൊണ്ട് കടമെടുക്കല്‍ സംസ്ഥാനത്തിന് മുന്നിലെ മികച്ച വഴിയല്ല. പിന്നീടുള്ള വഴി ചെലവ് ചുരുക്കലാണ്. കേരളത്തിന് മുന്നില്‍ വരുമാന സ്രോതസ്സുകള്‍ കുറവാണ്. മാത്രമല്ല, നിലവിലുള്ള എല്ലാ വരുമാനവും കുത്തനെ കുറഞ്ഞിരിക്കുന്നു. ജിഎസ്ടി വരുമാനത്തിലും കുറവുണ്ട്.
ഈ സ്ഥിതിയില്‍ ചെലവ് ചുരുക്കാതെ മുന്നോട്ടുപോയാല്‍ കേരളത്തില്‍ ദൂരവ്യാപകമായ പ്രതിസന്ധികളുണ്ടാകും. കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കും. ക്ഷേമ പെന്‍ഷനുകള്‍ക്ക് തുക കണ്ടെത്താനാകില്ല. വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ എന്നിങ്ങനെ കേരളം മികച്ചു നില്‍ക്കുന്ന രംഗത്ത് കൂടുതല്‍ നിക്ഷേപം നടത്താനോ അവയെ മെച്ചപ്പെടുത്താനോ സാധിക്കില്ല. പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ ഇപ്പോഴും വീണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല.
അതുകൊണ്ട് ചെലവ് ചുരുക്കാന്‍ സാധ്യമായ എല്ലാ വഴികളും കേരളം തേടേണ്ടിയിരിക്കുന്നുവെന്ന് പബ്ലിക് ഫിനാന്‍സ് വിദഗ്ധനും തിരുവനന്തപുരത്തെ ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഫിനാന്‍സ് ആന്‍ഡ് മാനേജ്‌മെന്റിലെ മുന്‍ ഫാക്കല്‍റ്റിയുമായ ജോസ് സെബാസ്റ്റിയന്‍ പറയുന്നു.
സര്‍ക്കാര്‍ ജീവനക്കാരെ പിഴിയണമോ?
കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ വേതനം വെട്ടിക്കുറയ്ക്കണോ? അത് ശരിയായ നടപടിയാണോ? എന്ന ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ''സാമ്പത്തിക പ്രതിസന്ധി വരുമ്പോള്‍ എല്ലാ രംഗത്തും തൊഴില്‍ പോകുന്നുണ്ട്. വേതനം വെട്ടിക്കുറയ്ക്കുന്നുണ്ട്. സ്ഥാപനങ്ങള്‍ തന്നെ ഇല്ലാതാകുന്നുണ്ട്. കേരളം എല്ലാ രംഗത്തും മുരടിച്ച് നില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും അത് ബാധകമല്ലാത്ത വിധത്തില്‍ പോകുന്നതില്‍ കാര്യമില്ല. കേരളത്തിന് മുന്നോട്ടുപോകാന്‍ കര്‍ശന നടപടികള്‍ തന്നെ വേണം. അത് സര്‍ക്കാര്‍ സ്വീകരിക്കുകയും വേണം,'' ജോസ് സെബാസ്റ്റിയന്‍ ചൂണ്ടിക്കാട്ടുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline