ആധാര്‍ സേവാ കേന്ദ്രങ്ങള്‍ ഇനി 7 ദിവസവും സജീവം

യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ആധാര്‍ സേവാ കേന്ദ്രങ്ങള്‍ ഇനി ആഴ്ചയില്‍ ഏഴുദിവസവും പ്രവര്‍ത്തിക്കും. തിരക്കുകൂടിയതോടെയാണ് വാര അവധി ഒഴിവാക്കിയത്. ഇതുവരെ ചൊവ്വാഴ്ചകളില്‍ സേവാ കേന്ദ്രങ്ങള്‍ക്ക് അവധിയായിരുന്നു.
ദിനംപ്രതി ഓരോ കേന്ദ്രത്തിലും 1000 പേര്‍ക്ക് വരെ സേവനം ലഭിക്കും. പാസ്പോര്‍ട്ട് സേവാ കേന്ദ്രകളുടെ മാതൃകയില്‍ ഓണ്‍ലൈന്‍വഴി ബുക്ക് ചെയ്താണ് സേവനങ്ങള്‍ക്കായി കേന്ദ്രങ്ങളില്‍ സമീപിക്കേണ്ടത്.
പുതിയ ആധാറിനായി അപേക്ഷിക്കുന്നതിനും എന്റോള്‍ ചെയ്യുന്നതിനും കൂടാതെ പേര്, വിലാസം, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐഡി, ജനന തീയതി തുടങ്ങിയവ മാറ്റുന്നതിനും സേവാ കേന്ദ്രങ്ങളെ സമീപിക്കാം. ഫോട്ടോയും ബയോമെട്രിക് ഡാറ്റയും പുതുക്കുന്നതിനും സൗകര്യമുണ്ട്.
ഇന്ത്യയിലുടനീളം ആധാര്‍ സേവകേന്ദ്രങ്ങള്‍ വൈകാതെ തുടങ്ങും. നിലവില്‍ ഈ സൗകര്യം ഇല്ലാത്തിടത്ത് തിരഞ്ഞെടുത്ത ബാങ്ക് ശാഖകള്‍, പോസ്റ്റ് ഓഫീസുകള്‍, ബിഎസ്എന്‍എല്‍ കസ്റ്റമര്‍ സെന്ററുകള്‍, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളിള്‍ സേവനം ലഭിക്കും.യുഐഡിഎഐ പോര്‍ട്ടലിലെ 'ലൊക്കേറ്റ് എന്‍ റോള്‍മെന്റ് സെന്റര്‍' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പിന്‍കോഡ് നല്‍കുകയോ സ്ഥലത്തിന്റെയും ജില്ലയുടേയും പേര് നല്‍കുകയോ ചെയ്താല്‍ അടുത്തുള്ള സേവനകേന്ദ്രം കണ്ടെത്താം.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline