ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 5.1 ശതമാനമായി താഴുമെന്ന് എ.ഡി.ബി

ഇന്ത്യയുടെ 2019-20 ലെ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചുള്ള മുന്‍ നിഗമനം ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക് 6.5 ശതമാനത്തില്‍ നിന്ന് 5.1 ശതമാനമായി കുറച്ചു. ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളുടെ പ്രതിസന്ധിയും ഗ്രാമീണ മേഖലയിലെ ഉപഭോഗ ഡിമാന്‍ഡിലെ താഴ്ചയും മോശമായ തൊഴില്‍ സാഹചര്യവുമാണ് പ്രവചനം തിരുത്താനുള്ള മുഖ്യ കാരണങ്ങളെന്ന് എ.ഡി.ബി റിപ്പോര്‍ട്ടില്‍ പറയുന്നു.

2020-21 സാമ്പത്തിക വര്‍ഷത്തില്‍ നേരത്തെ പ്രവചിച്ച 7.2 ശതമാനം വളര്‍ച്ച ഉണ്ടാകില്ലെന്നും എ.ഡി.ബി വിലയിരുത്തുന്നു. 6.5 ശതമാനത്തിനേ സാധ്യതയുള്ളൂ. ആഗോളാടിസ്ഥാനത്തില്‍ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്വ്യവസ്ഥയെന്ന ഖ്യാതി ഈ സാമ്പത്തിക വര്‍ഷം ചൈനയ്ക്കു നഷ്ടമാകുമെന്നും ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക് പറയുന്നു. വാണിജ്യ പിരിമുറുക്കവും ആഗോള തലത്തിലെ മാന്ദ്യവും ചേര്‍ന്ന് ആഭ്യന്തര ഡിമാന്‍ഡ് ദുര്‍ബലമാകുന്നതുമൂലം പ്രവചിച്ച 6.2 ശതമാനം വളര്‍ച്ചാനിരക്ക് ചൈനയില്‍ 6.1 ശതമാനമായി താഴും.

അടുത്ത സാമ്പത്തിക വര്‍ഷം ചൈനയുടെ വളര്‍ച്ചാനിരക്ക് 5.8 ശതമാനമേ വരൂ.നേരത്തെ കണക്കാക്കിയത് ആറ് ശതമാനമായിരുന്നു.ഇതോടെ സാമ്പത്തിക വളര്‍ച്ചാ നിരക്കിന്റെ കാര്യത്തില്‍ ഇന്ത്യ മുന്നിലാകും. അതേസമയം, ഇന്ത്യയിലെ ഉപഭോഗ നിക്ഷേപ മേഖലയില്‍ ഇപ്പോഴും വലിയ തളര്‍ച്ചയാണുള്ളതെന്നും എഡിബി ചൂണ്ടിക്കാട്ടുന്നു.വ്യവസായിക ഉത്പ്പാദനത്തിലുണ്ടായ ഇടിവും ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുറയുന്നതിന് കാരണമായിട്ടുണ്ട്.

ആഗോള മാന്ദ്യവും ആഭ്യന്തര ഉപഭോഗത്തിലുമുള്ള ഇടിവും മൂലം വളര്‍ച്ചാ നിരക്ക് വീണ്ടും കുറയുമെന്ന വലിയിരുത്തലില്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ എത്തിച്ചേര്‍ന്നിരുന്നു.സെപ്റ്റംബറിലവസാനിച്ച രണ്ടാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 4.5 ശതമാനത്തിലേക്കാണ് ചുരുങ്ങിയത്. ഒന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനമായിരുന്നു. നടപ്പുവര്‍ഷം കേന്ദ്രസര്‍ക്കാര്‍ വിവിധ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കിയിട്ടും സമ്പദ്വ്യവസ്ഥയില്‍ വെല്ലുവിളി തന്നെയാണ് നിലനില്‍ക്കുന്നത്.

കോര്‍പ്പറേറ്റ് നികുതി 22 ശതമാനമാക്കി വെട്ടിക്കുറച്ചിട്ടും നിക്ഷപ മേഖലയിലും വ്യസായിക മേഖലയിലുമെല്ലാം തളര്‍ച്ച തന്നെയാണ് രൂപപ്പെട്ടിട്ടുള്ളത്. അതേസമയം സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ ഊര്‍ജിതമായ ശ്രമമാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. വ്യവസായിക ഉത്പ്പാദനത്തിലും, കണ്‍സ്ട്രക്ഷന്‍ മേഖലയിലുമെല്ലാം നടപ്പുവര്‍ഷത്തെ രണ്ടാം പാദത്തിലെ വലിയ തളര്‍ച്ച മാറ്റിയെടുക്കാന്‍ നടപടികള്‍ പുരോഗമിക്കുന്നു.

ഗ്രോസ് ഫിക്‌സഡ് ക്യാപിറ്റല്‍ ഫോര്‍മേഷന്‍ (ജിഎഫ്‌സിഎഫ്) ല്‍ അഥവാ മൊത്ത സ്ഥിര മൂലധന നിക്ഷേപ സമാഹരണത്തില്‍ സെപ്റ്റംബറില്‍ ഇടവ് രേഖപ്പെടുത്തിയിരുന്നു.വിവിധ റേറ്റിങ് ഏജന്‍സികളും നിലവില്‍ ഇന്ത്യയുടെ ളര്‍ച്ചാ നിരക്ക് വെട്ടിക്കുറച്ചിട്ടുണ്ട്. ആഗോള റേറ്റിങ് ഏജന്‍സിയായ ക്രിസില്‍ വളര്‍ച്ചാ നിരക്ക് 5.1 ശതമാനമായാണ് വെട്ടിക്കുറച്ചത്. നേരത്തെ ക്രിസില്‍ വിലയിരുത്തിയത് 6.3 ശതമാനമായിരുന്നു. നോമുറ നടപ്പുവര്‍ഷത്തെ വളര്‍ച്ചാ നിരക്ക് 4.7 ശതമാനമായും വെട്ടിക്കുറച്ചു.

ഉപഭോഗ നിക്ഷേപ മേഖലയിലും, കാര്‍ഷിക വ്യാപാര മേഖലയിലുമെല്ലാം രൂപപ്പെട്ട തളര്‍ച്ച കുറയുന്നതിന്റെ സൂചനകള്‍ ഇതുവരെയില്ലെന്നും നിലവില്‍ പലിശ നിരക്കില്‍ വലിയ മാറ്റങ്ങളൊന്നും ആര്‍ബിഐ വരുത്താത്ത സ്ഥിതിക്ക് രാജ്യത്തെ വിപണി കേന്ദ്രങ്ങളില്‍ സമ്മര്‍ദ്ദങ്ങള്‍ ഏറുമെന്നുമുള്ള വിലയിരുത്തല്‍ സാമ്പത്തിക വിദഗ്ധര്‍ പങ്കു വയ്ക്കുന്നുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it