ബിജെപിയുടെ 'സങ്കല്പ്‌ പത്ര'വും കോൺഗ്രസിന്റെ 'ന്യായ്'യും

രാജ്യത്തെ പ്രധാന രാഷ്ട്രീയ പാർട്ടികളായ ബിജെപിയുടേയും കോൺഗ്രസിന്റെയും പ്രകടന പത്രികകൾ പുറത്തിറങ്ങിയതോടെ തെരഞ്ഞെടുപ്പ് പ്രചാരണം അടുത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. രണ്ടു പാർട്ടികളുടേയും പ്രചാരണവിഷയങ്ങൾ കൈചൂണ്ടുന്നത് രാജ്യത്തെ കർഷകരുടേയും ചെറുകിട വ്യാപാരികളുടെയും പിന്തുണ നേടിയെടുക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ്.

എന്തുകൊണ്ടാണ് കർഷകരുടെയും ചെറുകിടക്കാരുടെയും പിന്തുണ രാഷ്ട്രീയ പാർട്ടികൾക്ക് നിർണ്ണയമാകുന്നത്? ഇന്ത്യയുടെ ഗ്രാമീണ ജനസംഖ്യയുടെ 31.55 ശതമാനവും കർഷകരാണ്. ചെറുകിട വ്യാപാരികളുടെ കാര്യമെടുത്താൽ, രാജ്യത്ത് 50 ദശലക്ഷത്തിലധികം ചെറു-ഇടത്തരം ബിസിനസ് സ്ഥാപങ്ങളാണുള്ളത്. ഇത് ഇന്ത്യയുടെ ജിഡിപിയുടെ 37 ശതമാനത്തോളം വരും.

ഇത്രയും ശക്തമായ ഒരു ജനവിഭാഗത്തെ മാറ്റി നിർത്തി തെരഞ്ഞെടുപ്പിൽ വിജയിക്കുക എന്നത് ഏതൊരു പാർട്ടിയെ സംബന്ധിച്ചിടത്തോളവും അസാധ്യമാണ്. അതുകൊണ്ടുതന്നെയാണ് ബിജെപിയുടേയും കോൺഗ്രസിന്റെയും പത്രികകളിൽ ഇവർ ഒന്നാമതെത്തിയിരിക്കുന്നത്. ഇരു പാർട്ടികളും മുന്നോട്ടു വെച്ചിരിക്കുന്ന സാമൂഹ്യ-സാമ്പത്തിക വാഗ്ദാനങ്ങളിലേക്ക് ഒരെത്തിനോട്ടം.

കോൺഗ്രസ് പ്രകടനപത്രികയിലെ പ്രധാന പ്രഖ്യാപനങ്ങള്‍

 • രാജ്യത്തെ അഞ്ചു കോടി നിർധന കുടുംബങ്ങൾക്കു പ്രതിവര്‍ഷം 72,000 രൂപ നല്‍കുന്ന 'ന്യായ്' പദ്ധതി നടപ്പാകും
 • ജിഎസ്ടി കൂടുതൽ ലളിതമാക്കും
 • സ്ത്രീകൾക്ക് 33 ശതമാനം സംവരണം നിയമസഭയിലും ലോക്‌സഭയിലും
 • 2020 മാര്‍ച്ചിനകം കേന്ദ്രസര്‍ക്കാരിലെ ഒഴിവുകള്‍ നികത്തും.
 • ഗ്രാമപഞ്ചായത്തുകളിലെ ഒഴിവുകള്‍ നികത്തി 10 ലക്ഷം പേര്‍ക്കു തൊഴില്‍ നല്‍കും.
 • വ്യവസായം തുടങ്ങുന്നതിന് ആദ്യത്തെ മൂന്നുവര്‍ഷം അനുമതി ആവശ്യമില്ല.
 • തൊഴിലുറപ്പ് ദിനങ്ങള്‍ 100ല്‍നിന്ന് 150 ആക്കി ഉയര്‍ത്തും.
 • പ്രത്യേക കാര്‍ഷിക ബജറ്റ് അവതരിപ്പിക്കും
 • കര്‍ഷകര്‍ക്കു വായ്പ തിരിച്ചടയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് ക്രിമിനല്‍ കുറ്റമായി കണക്കാക്കില്ല. ജിഡിപിയുടെ ആറു ശതമാനം വിദ്യാഭ്യാസ രംഗത്തിനായി ചെലവിടും
 • എല്‍ജിബിടി വിഭാഗത്തിന്റെയും ന്യൂനപക്ഷത്തിന്റെയും അവകാശങ്ങള്‍ സംരക്ഷിക്കും. സ്ത്രീകളെ മുന്‍നിരയിലേക്ക് കൊണ്ടുവരും
 • സർക്കാർ സ്കൂളുകളിൽ ഒന്നു മുതൽ 12 വരെ നിർബന്ധിത, സൗജന്യ വിദ്യാഭ്യാസം.
 • കൂറുമാറുന്ന ജനപ്രതിനിധിക്ക് അയോഗ്യത ലഭിക്കും വിധം കൂറുമാറ്റ നിയമം കർശനമാക്കും.
 • ഓണ്‍ലൈന്‍ വഴി വ്യാജവാര്‍ത്തകളും വിദ്വേഷപോസ്റ്റുകളും പ്രചാരിപ്പിക്കുന്നതിനെതിരെ ശക്തമായ നിയമം കൊണ്ടു വരും.
 • ഇന്ത്യൻ പീനൽ കോഡിലെ 124 എ വകുപ്പ് (രാജ്യദ്രോഹ കുറ്റം) എടുത്ത് കളയും
 • തെരഞ്ഞെടുപ്പ് ബോണ്ട് സംവിധാനത്തിന് പകരം ദേശിയ തെരെഞ്ഞെടുപ്പ് ഫണ്ട് കൊണ്ട് വരും.
 • ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ വോട്ട് എണ്ണുന്നതിന് ഒപ്പം 50 ശതമാനം വി വി പാറ്റ് രസീതുകൾ എണ്ണുന്ന സംവിധാനം കൊണ്ട് വരും
 • സംസ്ഥാനങ്ങളുടേയും കേന്ദ്രത്തിന്‍റേയും ഇന്‍റലിജന്‍സ് ഏജന്‍സികളെ ഏകോപിപിച്ചു കൊണ്ട് നാറ്റ് ഗ്രിഡ് കൊണ്ടുവരും.
 • വിദ്യാഭ്യാസം, ആരോഗ്യം,ശിശുക്ഷേമം, വൈദ്യുതി, കുടിവെള്ളം എന്നീ മേഖലകളില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ

ബിജെപി പ്രകടന പത്രികയിലെ പ്രധാന പ്രഖ്യാപനങ്ങൾ

 • 60 വയസ്സു കഴിഞ്ഞ കർഷകർക്കും ചെറുകിട കച്ചവടക്കാർക്കും സാമൂഹികസുരക്ഷാ പെൻഷൻ രാജ്യത്ത് വിവിധഭാഗങ്ങളിൽ ജലക്ഷാമം നേരിടുന്ന സാഹചര്യത്തിൽ ജലശാക്തീകരണത്തിന് പുതിയ മന്ത്രാലയം രൂപവത്കരിക്കും.
 • പാർലമെന്റിലും നിയമസഭകളിലും 33 ശതമാനം വനിതാസംവരണം
 • 60 വയസ്സ് പ്രായമുള്ള എല്ലാ ചെറുകിട-നാമമാത്ര കർഷകർക്കും പെൻഷൻ
 • കർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡ് വഴി പലിശയില്ലാതെ ഒരുലക്ഷം രൂപ വരെ വായ്പ.
 • രണ്ടു ഹെക്ടർ ഭൂമിയുള്ള കർഷകർക്ക് നൽകിവരുന്ന പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി യോജന പദ്ധതി എല്ലാ കർഷകർക്കും ബാധകമാക്കും.
 • കാർഷിക-ഗ്രാമീണ മേഖലകളിൽ ഉത്പാദന വർധനയ്ക്ക്‌ 25 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തും.
 • പ്രധാനമന്ത്രി ശ്രം യോഗി മാൻധൻ പെൻഷൻ പദ്ധതി രാജ്യത്തെ എല്ലാ ചെറുകിട കടയുടമകൾക്കും ബാധകമാക്കും.
 • ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്കുള്ള വായ്പലക്ഷ്യം 2024-ഓടെ ഒരു ലക്ഷം കോടി രൂപയായി ഉയർത്തും.
 • ചെറുകിട വ്യാപാരികളുടെ ക്ഷേമത്തിനായി നാഷണൽ ട്രേഡേഴ്‌സ് വെൽഫയർ ബോർഡ് ജി.എസ്.ടി.യിൽ രജിസ്റ്റർ ചെയ്ത എല്ലാ ചെറുകിടവ്യാപാരികൾക്കും 10 ലക്ഷം രൂപ വരെ അപകട ഇൻഷുറൻസ്
 • കിസാൻ കാർഡ് മാതൃകയിൽ മർച്ചന്റ് ക്രെഡിറ്റ് കാർഡ് ഏർപ്പെടുത്തുമെന്നും വാഗ്ദാനം ചെയ്യുന്നു.
 • അടിസ്ഥാനസൗകര്യ വികസനമേഖലയില്‍ 2024-ഓടെ 100 ലക്ഷം കോടി രൂപയുടെ മൂലധന നിക്ഷേപം
 • 2022-ഓടെ എല്ലാവര്‍ക്കും വീട്
 • 2024 ഓടെ എല്ലാ വീടുകളിലും പൈപ്പ് വഴി കുടിവെള്ളം എത്തിക്കാന്‍ ജല്‍ ജീവന്‍ മിഷന്‍
 • 2022 ഓടെ എല്ലാ ഗ്രാമപ്പഞ്ചായത്തുകളിലും ഭാരത് നെറ്റ് പദ്ധതി പ്രകാരം ഡിജിറ്റല്‍ കണക്ടിവിറ്റി
 • കര്‍ഷകര്‍ക്ക് ഗുണമേന്‍മയുള്ള വിത്തുകളുടെ ലഭ്യത ഉറപ്പാക്കും
 • നികുതിനിരക്ക് കുറച്ചുകൊണ്ടുവരാനുള്ള നടപടി തുടരും
 • ഭിന്നലിംഗവിഭാഗക്കാരെ ശാക്തീകരിക്കും
 • യുവാക്കള്‍ക്ക് തൊഴില്‍ ഉറപ്പാക്കാന്‍ പദ്ധതികള്‍. 22 പ്രധാനമേഖലകളിലൂടെ തൊഴില്‍ ഉറപ്പാക്കും
 • സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് 50 ലക്ഷം രൂപ വരെ കൊളാറ്ററല്‍ ഫ്രീ വായ്പകള്‍ നല്‍കാന്‍ പദ്ധതി

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it