ട്രംപിനെതിരെ മല്‍സരിക്കാന്‍ തയ്യാറെടുത്ത് ബ്ലൂംബെര്‍ഗ്

2020ല്‍ രണ്ടാം വട്ടവും അമേരിക്കന്‍ പ്രസിഡന്റാകാനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ മോഹത്തിനു തടയിട്ടുകൊണ്ട് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയാകാന്‍ തയ്യാറെടുക്കുന്നു, പ്രശസ്തമായ ബ്ലൂംബെര്‍ഗ് മാധ്യമ ശൃംഖലയുടെയും ഫിനാന്‍ഷ്യല്‍ സര്‍വീസ് സാമ്രാജ്യത്തിന്റെയും സ്ഥാപകനായ മൈക്കിള്‍ ബ്ലൂംബര്‍ഗ് എന്ന് റിപ്പോര്‍ട്ട്.
പണം വാരിയെറിഞ്ഞ് യുഎസ് പ്രസിഡന്റ് പദവിയില്‍ എത്തിയ ട്രംപിന് അതേനാണയത്തില്‍ തിരിച്ചടി നല്‍കുന്ന സ്ഥാനാര്‍ത്ഥിയായിരിക്കും ന്യൂയോര്‍ക്ക് നഗരത്തിന്റെ മുന്‍ മേയറും ശതകോടീശ്വര സംരംഭകനുമായ മൈക്കിള്‍ ബ്ലൂംബര്‍ഗ് എന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ പറഞ്ഞു തുടങ്ങി. ബ്ലൂംബര്‍ഗിന്റെ ഔദ്യോഗിക പ്രഖ്യാപനം എത്തിയിട്ടില്ലെങ്കിലും അദ്ദേഹം രംഗത്തിറങ്ങുന്നത് ട്രംപിന് വന്‍ തിരിച്ചടി ആകുമെന്നാണ് കരുതപ്പെടുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലൂടെ രാഷ്ട്രീയം തുടങ്ങിയ മൈക്കിള്‍ ബ്ലൂംബെര്‍ഗ് സ്വപ്രയത്‌നത്തിലൂടെ വന്‍ മാധ്യമസാമ്രാജ്യം കെട്ടിപ്പെടുത്തയാളാണ്.യഹൂദവംശജനായ അദ്ദേഹം മൂന്ന് തവണയാണ് ന്യൂയോര്‍ക്ക് നഗരത്തിന്റെ പിതാവായി്.
ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളിലെ ഇപ്പോഴത്തെ നിരയ്ക്ക് ഡൊണാള്‍ഡ് ട്രംപിനെ നേരിടാന്‍ സാധിച്ചേക്കില്ലെന്ന വിലയിരുത്തലിലാണ് മൈക്കില്‍ ബ്ലൂംബെര്‍ഗിന്റെ പേര് പറഞ്ഞു കേള്‍ക്കുന്നത്. അമേരിക്കയിലെ ഏറ്റവും വലിയ നഗരം മികച്ച രീതിയില്‍ ഭരിച്ചതിന്റെ അനുഭവ സമ്പത്ത്, ഒന്നുമില്ലായ്മയില്‍ നിന്നും ശതകോടികളുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത മികവ്, ലോകം ആദരിക്കുന്ന തരത്തിലുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍... ഇങ്ങനെ ബ്ലൂംബര്‍ഗിനുള്ള പ്ലസ് പോയിന്റുകള്‍ നിരവധിയാണ്.
ഫോബ്‌സിന്റെ കണക്കനുസരിച്ച് 54.4 ബില്യണ്‍ ഡോളര്‍ വരുമാനവുമായി അമേരിക്കയിലെ ഏറ്റവും വലിയ എട്ടാമത്തെ ധനികനാണ് അദ്ദേഹം. ട്രംപിനെക്കാള്‍ 17 ഇരട്ടി ആസ്തിയാണിത്. പ്രശസ്തമായ ബ്ലൂംബെര്‍ഗ് മാധ്യമ ശൃംഖലയുടെയും ഫിനാന്‍ഷ്യല്‍ സര്‍വീസ് സാമ്രാജ്യത്തിന്റെയും സ്ഥാപകനെന്ന നിലയില്‍ ലോകം മുഴുവന്‍ വ്യാപിച്ചു കിടക്കുന്നു അദ്ദേഹത്തിന്റെ ബന്ധങ്ങള്‍. മികച്ച ധനപിന്തുണയോടെയുള്ളതാകും ബ്ലൂംബര്‍ഗിന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളെന്നാണ് കരുതപ്പെടുന്നത്. ബ്ലൂംബെര്‍ഗിനെ പരിഹസിച്ചുകൊണ്ട് ട്രംപ് നേരത്തെ രംഗത്തെത്തിയിരുന്നു.
1981ലാണ് ബ്ലൂംബെര്‍ഗ്ഗ് ബിസിനസ് സ്ഥാപനം തുടങ്ങിയത്. സാമ്പത്തിക രംഗത്തെ സഹായം നല്‍കുന്ന കമ്പനി എന്ന നിലയിലായിരുന്നു തുടക്കം. കൂടാതെ ഡാറ്റാ സ്റ്റോര്‍ചെയ്യാനുള്ള കമ്പ്യൂട്ടര്‍ സംവിധാനവും അദ്ദേഹം തുടങ്ങിവെച്ചു. ഈ സംരംഭം വലിയ വിജയം ആയതോടെ പിന്നീട് മാധ്യമസ്ഥാപനങ്ങളിലേക്ക് കടന്നു. ലോക വ്യാപകമായി 100ലേറെ ഓഫിസുകളുമായി ബ്ലൂംബെര്‍ഗ്ഗ് പടര്‍ന്നു പന്തലിച്ചു. ഇപ്പോള്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്ന വ്യക്തികൂടിയാണ് മൈക്കില്‍ ബ്ലൂംബെര്‍ഗ്ഗ്.
ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മുന്‍നിര നേതാവായി ഇപ്പോള്‍ നിലകൊള്ളുന്നത് മുന്‍ വൈസ് പ്രസിഡന്റ് ജോ ബിഡനാണ്. അദ്ദേഹത്തിന്റെ സാധ്യതകളെയാണ് ബ്ലൂംബെര്‍ഗിന്റെ രംഗപ്രവേശം സാരമായി ബാധിക്കുക. ലിബറലുകള്‍ എന്ന് നടിക്കുന്ന എലിസബത്ത് വാറനും ബെര്‍നീ സാന്‍ഡേഴ്‌സിനും ഇടയ്ക്ക് തന്റേതായ പാത കണ്ടെത്തുന്നതില്‍ ഒരു പരിധി വരെയെങ്കിലും വിജയിച്ച ജോ ബിഡനെ പിന്തുണയ്ക്കുന്നവരില്‍ നല്ലൊരു ശതമാനം ബ്ലൂംബര്‍ഗിന് പിന്തുണ മാറ്റാന്‍ സാധ്യതയുള്ളതായാണ് നിരീക്ഷണം. അമേരിക്കന്‍ മൂല്യങ്ങളെ തച്ചുടയ്ക്കുന്ന, സംരക്ഷണവാദിയായ ട്രംപിനെ ഏത് തരത്തിലും പരാജയപ്പെടുത്തണമെന്ന ആഗ്രഹമാണ് ബ്ലൂംബര്‍ഗ് പങ്കു വയ്ക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി വാദിക്കുന്ന വ്യക്തികൂടിയാണ് അദ്ദേഹം. ഒരു മനുഷ്യ സ്നേഹി കൂടിയായ അദ്ദേഹം ട്രംപിന്റെ കടുത്ത വിമര്‍ശകനാണ്.
പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ട ശേഷം അമേരിക്കയുടെ തനത് രാഷ്ട്രീയ, നയതന്ത്ര ശൈലികള്‍ക്ക് വിരുദ്ധമായ കാര്യങ്ങളാണ് സംഭവിച്ചതെന്ന ആരോപണങ്ങള്‍ ശക്തമാണ്. പലപ്പോഴും അമേരിക്കയുടെ രാഷ്ട്രീയ സംസ്‌കാരത്തിന് കളങ്കമേല്‍പ്പിക്കുന്നതായിരുന്നു ട്രംപിന്റെ ചെയ്തികളെന്ന വ്യാപകവിമര്‍ശനങ്ങളും ഉയര്‍ന്നു. ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന തരത്തില്‍ വരെ ആവശ്യങ്ങളുമെത്തി. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ബ്ലൂംബര്‍ഗിന്റെ വരവ് പ്രസക്തമാകുന്നത്.
അടുത്തിടെ നടന്നൊരു അഭിപ്രായ സര്‍വെയില്‍ ട്രംപിനെ കടത്തിവെട്ടിയിട്ടുണ്ട് ഈ മാധ്യമസംരംഭകന്‍. ഇപ്പോഴാണ് തെരഞ്ഞെടുപ്പ് നടക്കുന്നതെങ്കില്‍ 43 ശതമാനം വോട്ടര്‍മാര്‍ ബ്ലൂംബര്‍ഗിനെ അംഗീകരിക്കുമെന്ന് സര്‍വേ പറയുന്നു. ട്രംപിനെ തെരഞ്ഞെടുക്കുമെന്നത് പറഞ്ഞത് 37 ശതമാനം മാത്രമാണ്. എന്നാല്‍ കേവലം നാല് ശതമാനം ഡെമോക്രാറ്റിക് പ്രൈമറി വോട്ടര്‍മാരുടെ പിന്തുണയേ ഇപ്പോള്‍ ബ്ലൂംബര്‍ഗിനുള്ളൂ. ടെലിവിഷനില്‍ മാത്രം ഒരാഴ്ചയ്ക്കിടെ അദ്ദേഹം പ്രചാരണത്തിന് ഇറക്കിയത് 3.7 കോടി ഡോളറാണ്. ട്രംപിനെതിരെ ഡിജിറ്റല്‍ പരസ്യങ്ങളിലൂടെയുള്ള പ്രചാരണത്തിനായി ചെലവഴിക്കാന്‍ പോകുന്നത് 12 കോടി ഡോളറാണെന്നും സൂചനയുണ്ട്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline