വാണിജ്യ തര്‍ക്കങ്ങളില്‍ മീഡിയേഷന്‍ പരിഗണിക്കണം: ജസ്റ്റിസ് ബോബ്‌ഡെ

വാണിജ്യ തര്‍ക്കങ്ങള്‍ നേരിട്ട് വ്യവഹാരമാക്കി മാറ്റുന്നതിനു മുമ്പായി മധ്യസ്ഥതയ്ക്കുള്ള നീക്കം അനിവാര്യമാക്കണമെന്ന് ജസ്റ്റിസ് എസ്. എ ബോബ്‌ഡെ. നാഷണല്‍ ജുഡീഷ്യല്‍ സര്‍വീസ് സൃഷ്ടിക്കണമെന്ന ആശയത്തോടുള്ള തന്റെ അനുകൂലാഭിപ്രായവും ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ നിയുക്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
'എല്ലാ വാണിജ്യ തര്‍ക്കങ്ങള്‍ക്കും മധ്യസ്ഥതാ സാധ്യതയുണ്ടാകും. അതിനാല്‍ വാണിജ്യപരമായ പ്രശ്നമോ രണ്ട് ബിസിനസുകള്‍ തമ്മില്‍ തര്‍ക്കമോ ഉണ്ടെങ്കില്‍, ആദ്യം വ്യവഹാരത്തിനു മുമ്പുള്ള മീഡിയേഷന്‍ പ്രക്രിയയ്ക്ക് വിധേയമാക്കണം. അതിലൂടെ പരിഹാരമുണ്ടായില്ലെങ്കില്‍ മാത്രം കോടതികളെ സമീപിക്കുന്നതാണു ശരിയായ നടപടി' -ജസ്റ്റിസ് ബോബ്‌ഡെ ചൂണ്ടിക്കാട്ടി.
കോടതിയുത്തരവിനു തുല്യമായ സാധുത മധ്യസ്ഥതാ തീരുമാനത്തിനു കൈവരാന്‍ ഉപകരിക്കുന്ന നിയമ നിര്‍മ്മാണത്തിന് പാര്‍ലമെന്റ് നടപടിയെടുക്കണമെന്ന് ജസ്റ്റിസ് ബോബ്‌ഡെ അഭിപ്രായപ്പെട്ടു. ലോക് അദാലത്ത് ആക്റ്റില്‍ ഇപ്പോള്‍ത്തന്നെ ഇതുമായി ബന്ധപ്പെട്ടുള്ള വ്യവസ്ഥ ഇക്കാര്യത്തില്‍ മാതൃകയാക്കാവുന്നതാണ്.
'നാഷണല്‍ ജുഡീഷ്യല്‍ സര്‍വീസ് നല്ല ആശയമാണെന്ന് ഞാന്‍ കരുതുന്നു. രാജ്യത്തുടനീളം സേവനമനുഷ്ഠിക്കുന്ന ജഡ്ജിമാരെ പരിശീലിപ്പിക്കുന്നതിന് ഒരു ഉന്നത അക്കാദമി ആവശ്യമാണ്.'- നിയുക്ത ചീഫ് ജസ്റ്റിസ് ജസ്റ്റിസ് പറഞ്ഞു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline