ബിസിനസ് സൗഹൃദ പട്ടിക : ഇന്ത്യക്ക് ഇനിയും മുന്നേറ്റ സാധ്യതയെന്ന് ലോക ബാങ്ക്

'ധീരമായ പരിഷ്‌കാരങ്ങള്‍' വരുത്താന്‍ സാധ്യമായാല്‍ ഇന്ത്യയ്ക്ക് ബിസിനസ് നടത്തുന്നതിനനുകൂലമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇനിയും മുന്നേറാനാകുമെന്ന് ലോക ബാങ്ക് നിരീക്ഷണം. ലാറ്റിനമേരിക്കയിലെയും യൂറോപ്പിലെയും രാജ്യങ്ങളില്‍ നിന്നുള്ള മല്‍സരമാണ് ഈ രംഗത്ത് ഇന്ത്യ പ്രധാനമായും നേരിടുന്നതെന്ന് ലോക ബാങ്കിലെ ഡവലപ്‌മെന്റ് ഇക്കണോമിക്‌സ് ഡയറക്ടര്‍ സിമിയോണ്‍ ജാങ്കോവ് പറഞ്ഞു.

പാപ്പരത്ത നിയമം,നികുതി ഘടന, കരാര്‍ നിയമം തുടങ്ങിയവയുമായി ബന്ധപ്പെട്ട് തുടര്‍ന്നു വരുന്ന പരിഷ്‌കരണ ദൗത്യം കാര്യക്ഷമമാക്കാന്‍ കഴിഞ്ഞാല്‍ അടുത്ത ഒന്നോ രണ്ടോ വര്‍ഷത്തിനകം ലോക ബാങ്ക് പട്ടികയില്‍ രാജ്യത്തിന് അമ്പതാം റാങ്കോ, ഒരു പക്ഷേ, നാല്‍പ്പതാം റാങ്കോ കരസ്ഥമാക്കാവുന്നതേയുള്ളൂവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസം ലോക ബാങ്ക് പുറത്തിറക്കിയ പട്ടികയില്‍ 63 ാം സ്ഥാനത്താണ് ഇന്ത്യ. 190 രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍പ് 77 ാം സ്ഥാനമാണ് ഇന്ത്യയ്ക്കുണ്ടായിരുന്നത്. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന 10 രാജ്യങ്ങളുടെ പട്ടികയില്‍ തുടര്‍ച്ചയായ 3ാം തവണയും ഇന്ത്യ ഇടം നേടി. ന്യൂസീലന്‍ഡാണ് ഒന്നാമത്. സിംഗപ്പര്‍, ഹോങ്കോങ് രണ്ടു മൂന്നും സ്ഥാനത്താണ്.

'ആദ്യത്തെ 50 സ്ഥാനങ്ങളില്‍ നിന്ന് 25 നുള്ളിലെത്താന്‍ അടുത്ത നാല് വര്‍ഷത്തിനകം ഇന്ത്യക്കു കഴിയും. ഒന്നാം മോദി സര്‍ക്കാര്‍ കൈക്കൊണ്ട പരിഷ്‌കാരങ്ങളുടെ ഫലമായാണ് ബിസിനസ് റാങ്കിംഗില്‍ ഇന്ത്യ 14 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 63 ാമതായത്. ഇനിയും മുന്നോട്ടു പോകാന്‍ പുതിയ പരിഷ്‌കരണങ്ങള്‍ വേണ്ടിവരും' ജാങ്കോവ് പറഞ്ഞു.ബിസിനസ് തുടങ്ങാനുള്ള ശ്രമം, നിര്‍മാണം, വൈദ്യുതി, റജിസ്‌ട്രേഷന്‍,വായ്പാ ലഭ്യത, നിക്ഷേപകരുടെ താല്‍പര്യം സംരക്ഷിക്കല്‍, നികുതി ഘടന എന്നിവയാണ് പട്ടികയുടെ തയ്യാറാക്കലില്‍ പരിഗണിക്കുന്ന പ്രധാന ഘടകങ്ങള്‍ .

സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യ പിന്നാക്കം പോകുമെന്നു വിവിധ ഏജന്‍സികള്‍ പറഞ്ഞതിനിടയിലാണ് ഇന്ത്യയ്ക്ക് ആശ്വാസമായി പുതിയ പട്ടിക പുറത്തുവന്നത്. ഒരു വര്‍ഷം കൊണ്ട് മികച്ച പ്രകടനം കാഴ്ച്ചവച്ച ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്ന് ലോക ബാങ്ക് ചൂണ്ടിക്കാട്ടി.സര്‍ക്കാര്‍ കൈക്കൊണ്ട പുനരുദ്ധാരണ പദ്ധതികളും, വിദേശ നിക്ഷേപം ആകര്‍ഷിക്കാനുള്ള നടപടിയും, സ്വകാര്യ മേഖലയിലെ ഉണര്‍വുമാണ് ഇന്ത്യക്ക് നേട്ടമായതെന്ന് ഇതു സംബന്ധിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

സംരംഭം തുടങ്ങുന്നതും നടത്തുന്നതും സംബന്ധിച്ച് 10 മാനദണ്ഡങ്ങളില്‍ ആറിലും ഇന്ത്യ നേട്ടമുണ്ടാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പാപ്പരത്ത നിയമം (ഇന്‍സോള്‍വെന്‍സി ആന്‍ഡ് ബാങ്ക്‌റപ്റ്റ്സി കോഡ് - ഐബിസി) കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞതും പട്ടികയില്‍ മുന്നിലെത്താന്‍ ഇന്ത്യയെ സഹായിച്ചു.2020 എത്തുന്നതോടെ മികച്ച 50 രാജ്യങ്ങളുടെ പട്ടികയില്‍ ഇടം നേടുകയാണ് ഇന്ത്യയുടെ പ്രഖ്യാപിത ലക്ഷ്യം. 2014 ല്‍ 142 ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 2017 ല്‍ 100 ാം സ്ഥാനത്തും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it