പരാതി തള്ളി, രാഹുലിന്റെ പത്രിക സ്വീകരിച്ചു
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അമേഠിയിലെ നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന പൂർത്തീകരിച്ചു. എതിര്‍ സ്ഥാനാര്‍ഥി തടസ്സവാദം ഉന്നയിച്ചതിനെ തുടര്‍ന്ന് സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയ പത്രിക റിട്ടേണിങ് ഓഫീസര്‍ സ്വീകരിച്ചു.
പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പിഴവുകൾ ചൂണ്ടിക്കാട്ടി സ്വതന്ത്ര സ്ഥാനാർത്ഥിയായ ധ്രുവ് ലാൽ നൽകിയ പരാതി ഇതോടെ റിട്ടേണിങ് ഓഫീസര്‍ തള്ളി.
ബ്രിട്ടന്‍ ആസ്ഥാനമായി റജിസ്റ്റര്‍ ചെയ്ത കമ്പനിയുടെ രേഖകളില്‍ രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നായിരുന്നു ധ്രുവ് ലാലിന്റെ ആരോപണം. വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന പേര് വ്യത്യസ്തമാണെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
രാഹുലിന്‍റെ സത്യവാങ്മൂലത്തിൽ പറയുന്ന കമ്പനിയുടെ ആസ്തിയോ ലാഭവിവരമോ വ്യക്തമല്ലെന്നും ധ്രുവ് ലാലിന്റെ അഭിഭാഷകൻ ആരോപിച്ചിരുന്നു.