ജി.ഡി.പി താഴ്ന്നതില്‍ ആശങ്ക പങ്കിട്ട് ഫിക്കി

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 2019 ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ ആറു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5 ശതമാനത്തിലേക്കെത്തിയത് ആശങ്കാജനകമെന്ന് വ്യവസായികളുടെ സമിതിയായ ഫിക്കി. നിക്ഷേപത്തിലും ഉപഭോക്തൃ ആവശ്യത്തിലും ഗണ്യമായ ഇടിവ് സൂചിപ്പിക്കുന്നതാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകളും വിശകലനങ്ങളുമെന്ന് ഫിക്കി ചൂണ്ടിക്കാട്ടി.

ജിഡിപി വളര്‍ച്ച സംബന്ധിച്ച ഏറ്റവും പുതിയ കണക്ക് പ്രതീക്ഷകള്‍ക്ക് താഴെയാണ്. ഉപഭോഗത്തിലും നിക്ഷേപ ഡിമാന്‍ഡിലും ഗണ്യമായ ഇടിവുണ്ടായതായി വ്യക്തം -ഫിക്കി പ്രസിഡന്റ് സന്ദീപ് സോമാനി പറഞ്ഞു. എങ്കിലും, മന്ദഗതിയിലുള്ള ഈ നീക്കം മാറ്റാന്‍ സര്‍ക്കാരും റിസര്‍വ് ബാങ്കും സ്വീകരിക്കുന്ന നിരവധി നടപടികള്‍ തുടര്‍ന്നുള്ള പാദങ്ങളില്‍ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാന്‍ സഹായിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ബാങ്ക് ഏകീകരണത്തിനായുള്ള മെഗാ പദ്ധതി, എഫ്ഡിഐ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ഉദാരവല്‍ക്കരണം, ഉത്തേജക പാക്കേജ് എന്നിവ സമഗ്രമാണെന്നും സമ്പദ്വ്യവസ്ഥയിലെ പ്രധാന പ്രശ്‌ന മേഖലകളെയാണ് അവ അഭിസംബോധന ചെയ്യുന്നതെന്നും സന്ദീപ് സോമാനി കൂട്ടിച്ചേര്‍ത്തു. മേഖല തിരിച്ചുള്ള കാര്യക്ഷമ ഇടപെടലുകളും നടപടികളും ചേര്‍ന്നാല്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയും വ്യവസായവും ഇന്നത്തെ ദുര്‍ബല സാഹചര്യം തരണം ചെയ്യും-ഫിക്കി പ്രസിഡന്റ് പറഞ്ഞു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it