സാമ്പത്തിക നയത്തെ വിമര്‍ശിച്ച് നിര്‍മ്മല സീതാരാമന്റെ ഭര്‍ത്താവ്

ഇന്ത്യയിലെ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് പരസ്യ ആശങ്ക പ്രകടിപ്പിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ ഭര്‍ത്താവ് പറകാല പ്രഭാകര്‍. നെഹ്റുവിയന്‍ സോഷ്യലിസത്തെ വിമര്‍ശിക്കുന്നതിനുപകരം സമ്പദ്വ്യവസ്ഥയുടെ ഉദാരവല്‍ക്കരണത്തിന് വഴിയൊരുക്കിയ റാവു-സിംഗ് സാമ്പത്തിക മാതൃകയാണ് ബിജെപി സ്വീകരിക്കേണ്ടതെന്ന് ഹിന്ദു പത്രത്തിലെ ഒരു കോളത്തില്‍ സാമ്പത്തിക വിദഗ്ധനായ പ്രഭാകര്‍ അഭിപ്രായപ്പെട്ടു.പുതിയ നയങ്ങള്‍ രൂപപ്പെടുത്താന്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സര്‍ക്കാര്‍ തുടര്‍ന്നുവരുന്നത് നിഷേധാത്മക നിലപാടാണെന്ന് പ്രഭാകര്‍ ആരോപിച്ചു.എല്ലാ മേഖലകളും ഗുരുതര സ്ഥിതിഗതികളെ അഭിമുഖീകരിക്കുന്നതിന്റെ സൂചനകള്‍ ധാരാളമായുണ്ട്. ബിജെപിയുടെ വിശദീകരിക്കാനാവാത്ത വിമുഖതയാണ് പ്രശ്നങ്ങള്‍ക്കു പിന്നിലെന്നും പ്രഭാകര്‍ പറയുന്നു.

നെഹ്രുവിന്റെ സോഷ്യലിസ്റ്റ് രീതി നിരസിച്ചത് ഭാരതീയ ജനസംഘത്തിന്റെ കാലം മുതല്‍ വ്യക്തമായിരുന്നു.'നേതി,നേതി' സിദ്ധാന്തം ആവര്‍ത്തിക്കുന്നതിനപ്പുറമായി
ബദല്‍ സാമ്പത്തിക നയം ഉണ്ടായതുമില്ല. രാഷ്ട്രീയ സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്തിയുള്ള അധികാരാരോഹണത്തില്‍ മാത്രമാണ് ബിജെപി ശ്രദ്ധവച്ചത്.

വിമര്‍ശനം തുടരുമ്പോഴും നെഹ്റുവിന്റെ സാമ്പത്തിക നയത്തില്‍ തന്നെയാണ് പാര്‍ട്ടി കണ്ണു നട്ടുപോരുന്നതും.രാഷ്ട്രീയ വിമര്‍ശനത്തിനപ്പുറമായി സാമ്പത്തിക നയങ്ങള്‍ രൂപം കൊണ്ടില്ലെന്ന കാര്യം തിങ്ക് ടാങ്കുകള്‍ ഗൗനിക്കുന്നുമില്ല.റാവു-സിംഗ് സാമ്പത്തിക മാതൃകയെ പുണരാന്‍ തയ്യാറായാല്‍ മോദി സര്‍ക്കാരിന് അഴുക്കു ചാലില്‍ നിന്നു കരകയറി വലിയ വിജയം കൊയ്യാനാകുമെന്നും പ്രഭാകര്‍ ചൂണ്ടിക്കാട്ടുന്നു.

ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന കാലത്ത് കണ്ടുമുട്ടിയ ആന്ധ്ര നരസപുരം സ്വദേശിയായ പറകാല പ്രഭാകറിനെ 1986 ലാണ് നിര്‍മ്മല സീതാരാമന്‍ വിവാഹം ചെയ്തത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ചന്ദ്രബാബു നായിഡുവിന്റെ കമ്യൂണിക്കേഷന്‍ അഡൈ്വസറായി പ്രവര്‍ത്തിച്ചു പരിചയമുളള വ്യക്തിയാണ് അദ്ദേഹം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it