ജി.ഡി.പി താഴ്‌ന്നെങ്കിലും ഊര്‍ജ്ജ മേഖല മുന്നേറുന്നത് ശുഭസൂചകം: മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്

നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യപാദ ജി.ഡി.പി വളര്‍ച്ചാ നിരക്ക് 5 ശതമാനം മാത്രമായത് പ്രാദേശികവും ആഗോളപരവുമായുള്ള കാരണങ്ങളാലാണെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മ്യണന്‍ പറഞ്ഞു.കഴിഞ്ഞ ആറര വര്‍ഷത്തെ ഏറ്റവും വലിയ ഇടിവാണ് ആഭ്യന്തര വളര്‍ച്ചാ നിരക്കില്‍ ഉണ്ടായിരിക്കുന്നത്.

വളര്‍ച്ച 5 ശതമാനമായിരുന്ന 2013-14 കാലയളവില്‍ നിലവിലുണ്ടായിരുന്ന പ്രതിഭാസങ്ങള്‍ ഏകദേശമായി ഇപ്പോഴും തല പൊക്കിയിട്ടുണ്ടെന്ന അഭിപ്രായക്കാരനാണ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മ്യണന്‍. എന്നിരുന്നാലും സമ്പദ്വ്യവസ്ഥയില്‍ ചില ഹരിത നാമ്പുകള്‍ ദൃശ്യമാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പുരോഗമന പാതയിലേക്കുള്ള ഒരു പ്രധാന സൂചകമാണ് ഊര്‍ജ്ജ ഉല്‍പാദന മേഖല. ഈ മേഖല 8.6 ശതമാനം വളര്‍ച്ച കൈവരിച്ചു, ഇത് ഉയര്‍ന്ന വളര്‍ച്ചയിലേക്കു നയിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു.

ഉത്പാദന വളര്‍ച്ചാ നിരക്ക് 0.6 ശതമാനത്തിലും, വ്യവസായിക വളര്‍ച്ച 3.6 ശതമാനത്തിലും ഒതുങ്ങിയതായാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ആദ്യപാദ ജി.ഡി.പി നിരക്ക് 5.8 ശതമാനമായിരുന്നിടത്ത് ഇത്തവണ എട്ട് ശതമാനത്തിന്റെ ഇടിവുണ്ടായി. നിരക്കില്‍ കുറവുണ്ടാകുമെന്ന് വിലയിരുത്തപ്പെട്ടിരുന്നെങ്കിലും ഇത്ര വലിയ ഇടിവ് പൊതുവേ പ്രതീക്ഷിച്ചിരുന്നില്ല.വാഹനവിപണി അടക്കമുള്ള മേഖലകളെ ഉപഭോക്താക്കള്‍ കൈവിട്ടതും സ്വകാര്യ നിക്ഷേപത്തിലെയും കാര്‍ഷികരംഗത്തെ തകര്‍ച്ചയുമെല്ലാമാണ് വളര്‍ച്ചാ നിരക്കിന് തിരിച്ചടിയേല്‍ക്കാന്‍ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഉത്പാദനം ഉള്‍പ്പെടെയുള്ള വിവിധ രംഗങ്ങളിലും സ്ഥിതിഗതികള്‍ മോശമായി. കഴിഞ്ഞ വര്‍ഷത്തെ ആദ്യ പാദത്തില്‍ ഉത്പാദന വളര്‍ച്ചാ നിരക്ക് 12.1 ശതമാനമായിരുന്നുവെങ്കില്‍ ഇപ്പോഴത് 0.6 ശതമാനമായിരിക്കുന്നു. വ്യാവസായികോല്‍പ്പാദന രംഗത്തേതാകട്ടെ 5.1 ല്‍ നിന്ന് 3.6 ആയി.
അതേസമയം ക്വാറി, ഖനന രംഗങ്ങളില്‍ വളര്‍ച്ചയുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 0.4 ശതമാനമായിരുന്നുവെങ്കില്‍ പുതിയ കണക്ക് അനുസരിച്ച് 2.7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട് ഈ രംഗങ്ങളില്‍.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it