എച്ച‌്‌വണ്‍ബി വിസ: പുതിയ ചട്ടം കമ്പനികൾക്ക് തിരിച്ചടി

എച്ച‌്‌വണ്‍ബി തൊഴിൽ വിസ അനുവദിക്കുന്നതിനുള്ള ചട്ടങ്ങൾ കൂടുതൽ കർശനമാക്കിയത് കമ്പനികൾക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് റിപ്പോർട്ട്.

ചില തൊഴിൽ വിഭാഗങ്ങളിൽ പ്രഗത്ഭരായ ജീവനക്കാരെ ലഭിക്കുന്നതിന് കമ്പനികൾക്ക് ഇതുമൂലം തടസ്സം നേരിടുമെന്ന് നാസ്സ്‌കോം (നാഷണൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്‌വേർ ആൻഡ് സർവീസസ് കമ്പനീസ്) ചൂണ്ടിക്കാട്ടുന്നു. കൂടുതലും എച്ച‌്‌വണ്‍ബി ജീവനക്കാരെ സ്പോൺസർ ചെയ്യുന്ന കമ്പനികളെയാണ് ഇത് ബാധിക്കുക. സെപ്റ്റംബർ 11 ന് പുതിയ നിയമങ്ങൾ നടപ്പിൽ വരും.

ചില സന്ദർഭങ്ങളിൽ അപേക്ഷകർക്ക് വിസ നിഷേധിക്കാൻ ഉദ്യോഗസ്ഥർക്ക് കൂടുതൽ അധികാരം നൽകുന്നതാണ് പുതിയ ചട്ടം. അപേക്ഷയിൽ നൽകേണ്ട 'ഇനീഷ്യൽ എവിഡൻസ്' നല്കാതിരിക്കുകയോ യോഗ്യതകൾക്ക് വേണ്ട തെളിവ് നൽകാൻ കഴിയാതെ വരികയോ ചെയ്താൽ ഉദ്യോഗസ്ഥർക്ക് വിസ നിഷേധിക്കാൻ കഴിയും.

വിവരങ്ങൾ പുതുക്കി നൽകുന്നതിനായി കമ്പനികൾക്ക് രണ്ടാമതൊരു അവസരം ലഭിക്കാൻ സാധ്യത കുറവാണ്. ചില സന്ദർഭങ്ങളിൽ, എച്ച‌്‌വണ്‍ബി വിസ പുതുക്കി ലഭിക്കാൻ അപേക്ഷ നൽകുന്നവരെ, അത് നിരസിക്കപ്പെട്ടാൽ, മടക്കി അയക്കാനും വരെ ചട്ടം നിർദേശിക്കുന്നു.

മറ്റൊരു നയം എച്ച് 4 വിസയെ സംബന്ധിച്ചുള്ളതാണ്. എച്ച് വണ്‍ ബി വിസ യില്‍ യു എസില്‍ ജോലിക്കെത്തുന്നവരുടെ പങ്കാളികള്‍ക്ക് എച്ച് 4 വിസയാണ് വര്‍ക് പെര്‍മിറ്റിനായി നല്‍കുക. ഒബാമ ഭരണകൂടത്തിന്റെ 2015 ലെ സ്‌പെഷ്യല്‍ ഓര്‍ഡര്‍ പ്രകാരമാണ് എച്ച് 4 വിസ നല്‍കിയിരുന്നത്. എന്നാൽ ഈ നിയമം പിൻവലിക്കാനാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it