റഷ്യയിലെ ലാഭക്കൊയ്ത്തു വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഇന്ത്യന്‍ എണ്ണക്കമ്പനികള്‍

മൂന്ന് വര്‍ഷം മുമ്പു തുടക്കമിട്ട സംരംഭങ്ങള്‍ വന്‍ ലാഭം നേടിത്തന്നതിന്റെ ആവേശവുമായി റഷ്യയിലെ എണ്ണ വ്യവസായ മേഖലയില്‍ വന്‍ മുതല്‍മുടക്കിനു തയ്യാറെടുക്കുന്നു ഇന്ത്യന്‍ എണ്ണക്കമ്പനികള്‍. കിഴക്കന്‍ ക്ലസ്റ്റര്‍ ഓയില്‍ മേഖലകളില്‍ ഗണ്യമായ തോതില്‍ ഓഹരി വാങ്ങാനുള്ള ചര്‍ച്ചകള്‍ പുരാഗമിച്ചുവരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മില്‍ അടുത്തയാഴ്ച വ്‌ളാഡിവോസ്റ്റോക്കില്‍ നടക്കുന്ന വാര്‍ഷിക ഉഭയകക്ഷി ഉച്ചകോടിയിലും ഈസ്റ്റേണ്‍ ഇക്കണോമിക് ഫോറത്തിലും ഇതുമായി ബന്ധപ്പെട്ട കരാര്‍ ഒപ്പു വയ്ക്കുന്നതിനായുള്ള നീക്കങ്ങളും നടന്നുവരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ റഷ്യയില്‍ നടത്തിയ 5 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന്റെ മൂന്നിലൊന്ന്, മൂലധനച്ചെലവും പ്രവര്‍ത്തനച്ചെലവും കിഴിച്ചുള്ള ലാഭവിഹിതമായി വീണ്ടെടുത്തുകഴിഞ്ഞു ഇന്ത്യന്‍ എണ്ണ സ്ഥാപനങ്ങള്‍.

പെട്രോളിയം, പ്രകൃതിവാതക മന്ത്രിയും ഉരുക്ക് മന്ത്രിയുമായ ധര്‍മേന്ദ്ര പ്രധാന്‍ റഷ്യന്‍ കമ്പനികളുമായുള്ള പങ്കാളിത്തം സാധ്യമാക്കുന്നതിനായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് ചെയര്‍മാന്‍ സഞ്ജീവ് സിങ്ങ്, ബിപിസിഎല്‍ ചെയര്‍മാന്‍ ഡി. രാജ്കുമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഓയില്‍ കമ്പനി പ്രതിനിധികളുമായി ഇതിനകം റഷ്യയിലുണ്ട്. ഇന്ത്യന്‍ സ്ഥാപനങ്ങള്‍ റഷ്യയുടെ ഖനന, സംസ്‌കരണ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്ന് പ്രതീക്ഷിക്കുമ്പോള്‍ റഷ്യന്‍ കമ്പനികള്‍ ഇന്ത്യയില്‍ അനുബന്ധ മേഖലാ നിക്ഷേപത്തിനു തയ്യാറെടുക്കുന്നുണ്ട്.

റഷ്യന്‍ ഊര്‍ജ്ജ മന്ത്രി അലക്‌സാണ്ടര്‍ നോവക്കിനെ സന്ദര്‍ശിച്ച ധര്‍മേന്ദ്ര പ്രധാന്‍ റഷ്യന്‍ എണ്ണ, വാതക മേഖലകളില്‍ കൂടുതല്‍ നിക്ഷേപം നടത്താനുള്ള ഇന്ത്യന്‍ കമ്പനികളുടെ താല്‍പ്പര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്തു. സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍, എല്‍.എന്‍.ജി ടെര്‍മിനലുകള്‍, സി.എന്‍.ജി ഉപയോഗം എന്നിവയിലൂടെയുള്ള ഗ്യാസ് അധിഷ്ഠിത വ്യവസായ വികസനത്തിന് വഴിതെളിക്കുന്ന പുതിയ സംരംഭങ്ങളില്‍ റഷ്യന്‍ നിക്ഷേപം പ്രതീക്ഷിക്കുന്നതായി പ്രധാന്‍ ട്വീറ്റ് ചെയ്തു. റഷ്യന്‍ ഉപപ്രധാനമന്ത്രി യൂറി ട്രൂട്ട്നേവിനെയും അദ്ദേഹം സന്ദര്‍ശിച്ചു.

Related Articles

Next Story

Videos

Share it