ജമ്മു കാശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കി, ആര്‍ട്ടിക്കിള്‍ 370 യെക്കുറിച്ച് അറിയേണ്ടതെല്ലാം

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി. ഭരണഘടനയുടെ 370–ാം വകുപ്പ് റദ്ദാക്കിക്കൊണ്ടുള്ള വിജ്ഞാപനം രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുറത്തിറക്കി.

ഇതനുസരിച്ച് ജമ്മു–കശ്മീർ നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമായിരിക്കും. ലഡാക്കിൽ നിയമസഭ ഉണ്ടാവില്ല. നേരിട്ട് കേന്ദ്രത്തിനു കീഴിലായിരിക്കും. ഇതിന് അംഗീകാരം തേടി ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിൽ പ്രമേയം അവതരിപ്പിച്ചു.

പ്രമേയം അവതരിപ്പിക്കുന്നതിന് മുന്നോടിയായി കശ്മീരിൽ കൂടുതൽ അർധസൈനിക വിഭാഗത്തെ വിന്യസിച്ചിരുന്നു. മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുല്ല, മെഹബൂബ മുഫ്തി, പീപ്പിൾസ് കോൺഫറൻസ് മേധാവി സജദ് ലോൺ എന്നിവരുൾപ്പെടെയുള്ള നേതാക്കളെ രാത്രിയിൽ വീട്ടുതടങ്കലിലാക്കി.

അമർനാഥ് യാത്രയുൾപ്പെടെ നിർത്തിവച്ച് തീർഥാടകരോടും ടൂറിസ്റ്റുകളോടും സംസ്ഥാനം വിടാൻ നിർദേശിച്ചതും ഓഹരിവിപണിയിൽ ആശങ്കകൾക്കിടയാക്കിയിരുന്നു.

സംസ്ഥാനത്തു ഫോൺ ബന്ധവും മൊബൈൽ വഴിയുള്ള ഇന്റർനെറ്റ് സേവനങ്ങളും കേബിൾ സർവീസും നിർത്തിവച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു. പരീക്ഷകൾ മാറ്റിവച്ചു. പൊതുയോഗങ്ങൾക്കും റാലികൾക്കും വിലക്കേർപ്പെടുത്തി. മതിയായ രേഖകൾ ഇല്ലാതെ പുറത്തിറങ്ങരുതെന്നു പൊതുജനങ്ങൾക്കു നിർദേശമുണ്ട്.

എന്താണ് ആർട്ടിക്കിൾ 370?

കശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകുന്ന ഭരണഘടനയുടെ വകുപ്പാണ് ആർട്ടിക്കിൾ 370. സംസ്ഥാന നിയമസഭയ്ക്ക് തങ്ങളുടെ സ്വന്തം ഭരണഘടന രൂപപ്പെടുത്താൻ ഇതനുസരിച്ച് അധികാരമുണ്ട്.

മാത്രമല്ല, ജമ്മു കശ്മീര്‍ സര്‍ക്കാരിന്റെ അനുവാദത്തോടെ മാത്രമേ കേന്ദ്രസര്‍ക്കാരിന് സംസ്ഥാനത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാനാവൂ.

കേന്ദ്രമന്ത്രിയായിരുന്ന ഗോപാലസ്വാമി അയ്യങ്കാറാണ് ആര്‍ട്ടിക്കിള്‍ 370 ന്റെ കരട് തയ്യാറാക്കിയത്.

ആര്‍ട്ടിക്കിള്‍ 35A അനുസരിച്ച് ഭൂമി വാങ്ങുന്നതിനും താമസത്തിനുമുള്ള അവകാശം, പഠനത്തിനുള്ള സര്‍ക്കാര്‍ ധനസഹായം, സര്‍ക്കാരുദ്യോഗങ്ങളില്‍ സംവരണം എന്നിവ സംസ്ഥാനത്തെ സ്ഥിരം നിവാസികള്‍ക്കായി നിജപ്പെടുത്തിയിരിക്കുന്നു.

മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഇന്ത്യൻ പൗരന്മാർക്ക് ഇവിടെ സ്ഥലമോ പ്രോപ്പർട്ടിയോ വാങ്ങാൻ അധികാരമില്ല.

ജമ്മു കാശ്മീരിന് ആർട്ടിക്കിൾ 370 ഒരു ഓട്ടോണോമസ് സ്റ്റാറ്റസ് നൽകുന്നു. ഭരണഘടനാപരമായി മറ്റ് സംസ്ഥാനങ്ങൾക്ക് ബാധകമായ നിയമങ്ങളൊന്നും ഇതുകൊണ്ടുതന്നെ ബാധകമായിരുന്നില്ല.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it